ജയ്പൂര്‍: കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെതിരെ ഒളിയമ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍.
കോണ്‍ഗ്രസില്‍ നിന്നും പോയെങ്കിലും താന്‍ ബി.ജെ.പിക്കൊപ്പം ചേരില്ലെന്ന പൈലറ്റിന്റെ പ്രസ്താവനയെയാണ് കപില്‍ സിബല്‍ പരിഹസിച്ചത്. പൈലറ്റും വിമത എം.എല്‍.എമാരും ഹരിയാനയിലെ ഹോട്ടലില്‍ ബി.ജെ.പിയുടെ സംരക്ഷണയിലാണെന്ന സൂചനയാണ് കപില്‍ സിബല്‍ ട്വീറ്റിലൂടെ നല്‍കിയത്.
കപില്‍ സിബലിന്റെ ട്വീറ്റ് ഇങ്ങനെ.:
‘എന്നെ അപകീര്‍ത്തിപ്പെടുത്താനായി ചിലര്‍ തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നു
പൈലറ്റ്: ‘ഞാന്‍ ബി.ജെ.പിയില്‍ ചേരില്ല’
ഒരു സുരക്ഷിത താവളമെന്ന നിലയില്‍ ഹരിയാനയിലെ മനേസറിലെ ഹോട്ടലില്‍ ബി.ജെ.പിയുടെ മൂക്കിന് കീഴെ നിയമസഭാ സാമാജികരെല്ലാം അവധിക്കാലം ചിലവഴിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്.
‘ഘര്‍ വാപസി’യെക്കുറിച്ച് എന്തുപറയുന്നു’, എന്നായിരുന്നു കപില്‍ സിബലിന്റെ ട്വീറ്റ്.
താന്‍ ബി.ജെ.പിയില്‍ ഒരു കാരണവശാലും ചേരില്ലെന്ന് പൈലറ്റ് ആവര്‍ത്തിക്കുമ്പോഴും ബി.ജെ.പിയുമായുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വാദം.
അതേസമയം സച്ചിന്‍ പൈലറ്റുമായി ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും പൈലറ്റും കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തര കാര്യം മാത്രമാണെന്നുമാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രതികരണം.
എന്നാല്‍ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്നതിന്റെ പേരില്‍ സച്ചിന്‍ പൈലറ്റ് അടക്കമുള്ള നേതാക്കള്‍ക്ക് നോട്ടീസ് അയച്ച കോണ്‍ഗ്രസ് നടപടിക്കെതിരെയും ബി.ജെ.പി രംഗത്തെത്തിയിരുന്നു.
നിയമസഭായോഗത്തില്‍ പങ്കെടുത്തില്ല എന്നതുകൊണ്ട് എങ്ങനെയാണ് അവര്‍ അയോഗ്യരാവുകയെന്നും സ്പീക്കറുടെ മറ്റുചില ലക്ഷ്യങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും ആരുടേയും ഭരണഘടനാ പരമായ അവകാശം ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും രാജസ്ഥാന്‍ ബി.ജെ.പി അധ്യക്ഷന്‍ സതീഷ് പൂനിയ പ്രതികരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ