| Wednesday, 21st November 2012, 7:50 am

കസബിന്റെ വധശിക്ഷ അംഗീകരിക്കുന്നു, അഫ്‌സല്‍ ഗുരുവിന്റ കാര്യം എങ്ങനെയെന്ന് മോഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ പിടികൂടിയ അജ്മല്‍ അമീര്‍ കസബിന്റെ വധശിക്ഷയെ ഇന്ത്യയിലെ പ്രമുഖ നേതാക്കളെല്ലാം സ്വാഗതം ചെയ്തു. കസബിന്റെ ശിക്ഷ അനിവാര്യമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.[]

കസബിന്റെ വധശിക്ഷ അംഗീകരിക്കുന്നു എന്നാല്‍ പാര്‍ലമെന്റ് ആക്രമണത്തിന് നേതൃത്വം നല്‍കിയ അഫ്‌സല്‍ ഗുരുവിന്റെ കാര്യം എങ്ങനെയാണെന്ന് നരേന്ദ്ര മോഡി ചോദിച്ചു. എന്തുകൊണ്ടാണ് ആ വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്നും ആഭ്യന്തരമന്ത്രാലയവും രാഷ്ട്രപതി ഭവനും വിട്ടുനില്‍ക്കുന്നത്? നരേന്ദ്ര മോഡി ട്വിറ്ററില്‍ കുറിച്ചു.

അജ്മല്‍ കസബിന്റെ വധശിക്ഷ അനിവാര്യമാണ്. എന്നാല്‍ അത് രാജ്യത്തിന്റെ സുരക്ഷയെ യാതൊരു രീതിയിലും ബാധിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുവരുത്തണം. അതുകൊണ്ടാണ് കസബിനെ തൂക്കിക്കൊല്ലുന്നെന്ന വിവരം ലോകത്തില്‍ നിന്നും മറച്ചുപിടിച്ചത്- ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു.

കസബിന്റെ വധശിക്ഷയെ സ്വാഗതം ചെയ്യുന്നു. ഇത് തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും ഒരു മാതൃകയാകണം.- കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് അറിയിച്ചു.

അജ്മല്‍ കസബിന്റെ വധശിക്ഷ സ്വാഗതാര്‍ഹമാണെന്നും ശിക്ഷ കസബ് അര്‍ഹിക്കുന്നതാണെന്നും മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തുഖ്‌റാം ഓംബുളിന്റെ സഹോദരന്‍ പറഞ്ഞു.

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ ജയിലില്‍ ദയാഹരജിയും നല്‍കി കാത്തിരിക്കുന്ന സരബ്ജിത് സിങ്ങിന്റെ കാര്യത്തില്‍ ഇതിന്റെ പേരില്‍ പാക്കിസ്ഥാന്‍ ഒരു പ്രതികാര നടപടിയും സ്വീകരിക്കില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more