മുംബൈ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഗായകന്‍ കൈലാഷ് ഖേറിനെതിരായി നല്‍കിയ ക്രിമിനല്‍ കേസ് തള്ളി ബോംബെ ഹൈക്കോടതി. ‘കൈലാസ ജൂമോ രേ’ എന്ന ആല്‍ബത്തിലെ ‘ബാബം ബാം’ എന്ന ഗാനം ആലപിച്ചതിനാണ് കൈലാഷ് ഖേറിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ശിവഭക്തനായ വ്യക്തി പരാതി നല്‍കിയത്.
‘കൈലാസ ജുമോ രെ’ എന്ന ആല്‍ബത്തിലെ ‘ബാബം ബം’എന്ന പാട്ടിലെ പെണ്‍കുട്ടിയുടെ വസ്ത്ര ധാരണത്തിലൂടെയും ചുംബന രംഗങ്ങളിലൂടെയും ഹൃദയ ചിഹ്നമുള്ള പതാക കത്തിച്ചതിലൂടെയും മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ശിവഭക്തനായ നരിന്ദര്‍ മക്കര്‍ പരാതി നല്‍കിയത്.
ഹൃദയാകൃതിയിലുള്ള പതാക കത്തിച്ചുവെന്നും അത് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇത് മതവികാരം വ്രണപ്പെടുത്താനുള്ള മനപൂര്‍വമായ ശ്രമമാണെന്നും പരാതിക്കാരന്‍ ആരോപിച്ചു.
ഹൃദയാകൃതിയിലുള്ള പതാക കത്തിച്ചത് മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള മനപൂര്‍വമായ ശ്രമമാണെന്നും ചെറിയ വസ്ത്രം ധരിച്ച പെണ്‍കുട്ടിയെ വീഡിയോയില്‍ ചിത്രീകരിച്ചതിനെതിരെയുമാണ് നരിന്ദര്‍ മക്കറുടെ പരാതി.
എന്നാല്‍ നൃത്ത ചിത്രീകരണത്തിലും സംവിധാനത്തിലും കൈലാഷ് ഖേര്‍ ഉത്തരവാദിയല്ലെന്നും മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള വിയോജിപ്പും മനപൂര്‍വമായ ഉപദ്രവവും തമ്മില്‍ വേര്‍തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ഭാരതി ഡാന്‍ ഗ്രെ, ശ്യാം ചന്ദക് എന്നിവരുടെ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. വിയോജിപ്പുകളോടുള്ള യാഥാസ്ഥിതികമായ അസഹിഷ്ണുത നൂറ്റാണ്ടുകളായി ഇന്ത്യന്‍ സമൂഹത്തിന്റെ ശാപമാണെന്ന ചരിത്രകാരന്‍ എ.ജി. നുറാനിയുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു കോടതി നിരീക്ഷണം.
ഒരു വിഭാഗത്തിന് ഇഷ്ടമല്ലാത്തത് മതവികാരത്തെ വ്രണപ്പെടുത്തല്‍ ആകില്ലെന്നും ബോധപൂര്‍വം മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചതിന് കൃത്യമായ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ തെളിവുകളില്ലാത്ത പക്ഷം 295 (എ) വകുപ്പ് ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടന പ്രകാരം ആവിഷ്‌ക്കാര സ്വാതന്ത്ര്യങ്ങള്‍ അടിസ്ഥാനപരമാണെന്ന് നിരീക്ഷിച്ച കോടതി, സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും ചൂണ്ടിക്കാട്ടി.
Content Highlight: What a section of people dislikes does not hurt religious sentiments; Bombay High Court dismisses case against Kailash Kher