| Sunday, 10th November 2019, 1:54 pm

'എത്ര വലിയ മനുഷ്യന്‍'; മന്‍മോഹന്‍ സിങ്ങിനെ അടുത്തിരുത്തി 90-കളിലെ അനുഭവം പങ്കുവെച്ച് പാക് വിദേശകാര്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിനയത്തെ പ്രശംസിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി മന്‍മോഹന്‍ സിങ്ങിനെ കണ്ടുമുട്ടിയപ്പോഴായിരുന്നു 1990 കളില്‍ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ച ഓര്‍മ്മിച്ച് മന്ത്രി രംഗത്തെത്തിയത്.

തന്റെ അരികില്‍ ഇരുന്ന മന്‍മോഹന്‍ സിങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഷാ മെഹ്മൂദ് ഖുറേഷി 90കളില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കണ്ട സന്ദര്‍ഭത്തെ കുറിച്ച് വാചാലനാവുകയായിരുന്നു..

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മന്‍മോഹന്‍ സിങ്ങിന്റെ വീട് സന്ദര്‍ശിച്ചപ്പോഴുള്ള അനുഭവമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. അന്ന് സിങ്ങിന്റെ ഭാര്യ ഉണ്ടാക്കിയ ചായ താന്‍ കുടിച്ചെന്നും മന്‍മോഹന്‍ സിങ് തന്നെയായിരുന്നു അന്ന് തനിക്കായി ചായ കൊണ്ടുവന്ന് തന്നതെന്നും ഖുറേഷി പറഞ്ഞു.

”ഞാന്‍ നിങ്ങളുടെ വീട് സന്ദര്‍ശിച്ചു. ബീഗം അന്ന് എനിക്കായി ചായ ഉണ്ടാക്കി. മന്‍മോഹന്‍ സിങ് തന്നെ ആ ചായ എനിക്ക് കൊണ്ടുവന്നു തന്നു. തിരിച്ച് നാട്ടിലെത്തിയ ഞാന്‍ ഈ കഥ എന്റെ ജനങ്ങളോട് വിവരിച്ചു. എത്ര വലിയ മനുഷ്യന്‍”- എന്നായിരുന്നു ഖുറേഷിയുടെ വാക്കുകള്‍.

കര്‍ത്താര്‍പൂരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബില്‍ ശനിയാഴ്ച പ്രാര്‍ത്ഥന നടത്താനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു മന്‍മോഹന്‍ സിങ്ങും ഭാര്യ ഗുര്‍ഷരണ്‍ കൗറും.

പാകിസ്ഥാന്‍ പട്ടണമായ നരോവാലില്‍ സിഖ് മതക്കാരുടെ ഏറ്റവും പുണ്യ ആരാധനാലം സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശനിയാഴ്ച തുറന്നുകൊടുത്തിരുന്നു.

ഇടനാഴി തുറന്ന ശേഷം 562 ഓളം ഇന്ത്യന്‍ തീര്‍ഥാടകര്‍ കര്‍ത്താര്‍പൂരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉദ്ഘാടന ചടങ്ങ് സന്ദര്‍ശിക്കാന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് പുരി, സോം പ്രകാശ് എന്നിവരും പങ്കെടുത്തിരുന്നു.

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, അദ്ദേഹത്തിന്റെ മകനും ശിരോമണി അകാലിദള്‍ നേതാവുമായ സുഖ്ബീര്‍ സിംഗ് ബാദല്‍, മരുമകളും കേന്ദ്രമന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവരും പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.

കര്‍ത്താര്‍പൂര്‍ സാഹിബ് ഇടനാഴി വിഷയത്തില്‍ ഇന്ത്യയുടെ വികാരത്തെ മാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നന്ദി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more