ഈ നൂറ്റാണ്ടില്‍ ഫുട്‌ബോളില്‍ മികച്ച പ്രകടനങ്ങള്‍ കൊണ്ട് തങ്ങളുടേതായ സ്ഥാനം കെട്ടിപ്പടുത്തുയര്‍ത്തിയവരാണ് ഇതിഹാസതാരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരു താരങ്ങളില്‍ ആരാണ് മികച്ചത് എന്ന് ഇപ്പോഴും വലിയ സംവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ അഭിപ്രായവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണി. 2023 അവസാനത്തോടുകൂടി റൊണാള്‍ഡോയുടെയും മെസിയുടെയും യുഗം അവസാനിച്ചെന്നാണ് റൂണി പറഞ്ഞത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ടിനെ ലോകത്തിലെ ഏറ്റവും മികച്ച താരമായി റൂണി തെരഞ്ഞെടുക്കുകയും ചെയ്തു.
‘ഇപ്പോഴത്തെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം ഏര്‍ലിങ് ഹാലണ്ട് ആണ്. ലയണല്‍ മെസി മികച്ച ഒരു താരമാണ് എന്നാല്‍ ഈ നിമിഷത്തില്‍ ഹാലണ്ട് എന്ന സ്‌ട്രൈക്കറേക്കാള്‍ നന്നായി കളിക്കുന്ന മറ്റൊരു താരമില്ല. ഇപ്പോള്‍ അവന്‍ സൃഷ്ടിക്കുന്ന റെക്കോഡുകള്‍ എല്ലാം മികച്ചതാണ്. അതുകൊണ്ടുതന്നെ അവനിപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച താരമാണ്,’ റൂണിയെ ഉദ്ധരിച്ച് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
2022ല്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകത്തിലെത്തുന്നത്. പെപ്പ് കാര്‍ഡിയോളയുടെ കീഴില്‍ മിന്നും പ്രകടനമാണ് നോര്‍വിജിയന്‍ താരം ഇത്തിഹാദില്‍ നടത്തിയത്.
മാഞ്ചസ്റ്റര്‍ സിറ്റിക്കായി 89 മത്സരങ്ങളില്‍ നിന്ന് 82 ഗോളുകളാണ് ഹാലണ്ട് നേടിയത്. ഇതില്‍ സിറ്റിക്കൊപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 55 ഗോളുകളും താരം സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കാന്‍ ഹാലണ്ടിന് സാധിച്ചിരുന്നു. പെപ്പ് ഗാര്‍ഡിയോളയുടെ കീഴില്‍ സിറ്റി ട്രബിള്‍ നേടിയപ്പോള്‍ മിന്നും പ്രകടനമാണ് ഹാലണ്ട് നടത്തിയത്.
Content Highlight: Weyne Roony talks about Erling Haaland