ഏനാമാക്കല്‍: തൃശൂരിലെ പടിഞ്ഞാറന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയില്‍. ഏനാമാക്കല്‍ ബണ്ട് കരകവിഞ്ഞൊഴുകുന്നതിനാല്‍ പരിസരപ്രദേശങ്ങളില്‍ നിന്നും ആളുകളോട് എത്രയും വേഗം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കരുവന്നൂര്‍ പുഴയിലെ വെള്ളപ്പൊക്കം മൂലം തൃശൂര്‍ കോള്‍പ്പാട മേഖലയില്‍ വെള്ളം കയറിയതോടെ നിരവധി പഞ്ചായത്തുകള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ ഭാഗത്തുനിന്നും തൃശൂര്‍ നഗരത്തിലേക്കുള്ള വഴികള്‍ അടഞ്ഞിരിക്കുകയാണ്.
പ്രദേശവാസികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ദ്രുതകര്‍മ്മസേനയും പരിസരവാസികളും വള്ളങ്ങളും ടിപ്പര്‍ ലോറികളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഏനാമാക്കല്‍, മണലൂര്‍, അന്തിക്കാട്, മനക്കൊടി, പുള്ള് പ്രദേശങ്ങളാണ് ഒറ്റപ്പെട്ട നിലയിലായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത പ്രതിസന്ധികളില്ലാത്ത സമയത്ത് തന്നെ ആളുകളെ മാറ്റാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
ഡാമുകളില്‍ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവില്‍ കുറവുണ്ടായിട്ടും ബണ്ട് കരകവിഞ്ഞൊഴുകുന്നത് പ്രദേശവാസികളെ പരിഭ്രാന്തരാക്കുന്നുണ്ട്.