മുഖ്യധാരാ പാശ്ചാത്യ മാധ്യമങ്ങള്‍ ഉക്രൈന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ വംശീയത പറയുന്നതായി വിമര്‍ശനം ഉയരുന്നു. ഉക്രൈന്‍ അഭയാര്‍ത്ഥി കവറേജിനിടെയാണ് വിവധ മാധ്യമങ്ങളിലെ അവതാരകരും റിപ്പോര്‍ട്ടര്‍മാരും വംശീയത പറയുന്നതായി വിമര്‍ശനമുയരുന്നത്.
പരിഷ്‌കൃതമായ ഒരു യൂറോപ്യന്‍ നഗരത്തിലാണ് ഇങ്ങനെ സംഭവിച്ചതെന്നും പാലയാനം ചെയ്യുന്നവര്‍ വെളുത്തവരാണെന്നും നമ്മളെ പോലെയുള്ളവരാണെന്നും അവര്‍ മിഡില്‍ ഈസ്റ്റില്‍ നിന്നോ വടക്കേ ആഫ്രിക്കയില്‍ നിന്നോ ഉള്ളവരെ പോലെയല്ല എന്നുമാണ് ചാനല്‍ അവതാരകര്‍ പറയുന്നത്.
ഉക്രൈന്‍ അഭയാര്‍ത്ഥി കവറേജിനിടെ വിവിധ മാധ്യമങ്ങള്‍ സംസാരിച്ചത് മിനുറ്റ് പ്രസ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ അലന്‍ മക്ലിയോഡ് ക്രോഡികരിച്ചത് വായിക്കാം.
1. ബി.ബി.സി ന്യൂസ്(യു.കെ)
‘ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമാണ്, കാരണം നീലക്കണ്ണുകളും സുന്ദരമായ മുടിയുമുള്ള യൂറോപ്യന്‍ ആളുകള്‍ കൊല്ലപ്പെടുന്നത് ഞാന്‍ കാണുന്നു’- ഉക്രൈനിന്റെ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടര്‍, ഡേവിഡ് സക്വരെലിഡ്‌സെ
2. സി.ബി.എസ് ന്യൂസ്(യു.എസ്)
‘ഇത് ഇറാഖോ അഫ്ഗാനിസ്ഥാനോ അല്ല. താരതമ്യേന പരിഷ്‌കൃതമായ ഒരു യൂറോപ്യന്‍ നഗരത്തിന് സമാനമാണ്,’- സി.ബി.എസ് വിദേശ ലേഖകന്‍ ചാര്‍ലി ഡി അഗത
3. അല്‍-ജസീറ
‘അവരുടെ(ഉക്രൈന്‍ അഭയാര്‍ത്ഥികള്‍) വസ്ത്രധാരണ രീതിയാണ് ഏറ്റവും ആകര്‍ഷകം. അവര്‍ സമ്പന്നരും മധ്യവര്‍ഗക്കാരുമാണ്. അവര്‍ വ്യക്തമായും മിഡില്‍ ഈസ്റ്റില്‍ നിന്നോ വടക്കേ ആഫ്രിക്കയില്‍ നിന്നോ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളല്ല. അവര്‍ നമ്മുടെ അടുത്ത വീട്ടില്‍ താമസിക്കുന്ന യൂറോപ്യന്‍ കുടുംബത്തെപ്പോലെയാണ്,’പീറ്റര്‍ ഡോബി, അല്‍ ജസീറ വാര്‍ത്താ അവതാരകന്‍.
4. ബി.എഫ്.എം ടി.വി(ഫ്രാന്‍സ്)
’21-ാം നൂറ്റാണ്ടിലെ ഒരു യൂറോപ്യന്‍ നഗരത്തിലാണ് ഞങ്ങള്‍ ഇപ്പൊള്‍ ഉള്ളത്. ഇവിടെയിപ്പോള്‍ ഇറാഖിലോ അഫ്ഗാനിസ്ഥാനിലോ ഉള്ളതുപോലെ ക്രൂയിസ് മിസൈല്‍ ഫയര്‍ നടക്കുന്നുണ്ടെന്ന കാര്യം നിങ്ങള്‍ക്ക്
സങ്കല്‍പ്പിക്കാന്‍ കഴിയുമോ?’
‘ഇതൊരു പ്രധാന ചോദ്യമാണ്. സിറിയക്കാര്‍ പലായനം ചെയ്യുന്നതിനെക്കുറിച്ചല്ല ഞങ്ങള്‍ ഇവിടെ സംസാരിക്കുന്നത്. ഞങ്ങള്‍ യൂറോപ്യന്മാരെക്കുറിച്ചാണ് സംസാരിക്കുന്നത്,’
5. ഡെയ്ലി ടെലഗ്രാഫ്(യു.കെ)
‘അവര്‍ നമ്മളെപ്പോലുള്ളവരാണെന്ന കാര്യമാണ് എന്നെ ഞെട്ടിപ്പിക്കുന്നത്. ഉക്രൈന്‍ ഒരു യൂറോപ്യന്‍ രാജ്യമാണ്. അതിലെ ആളുകള്‍ നെറ്റ്ഫ്‌ളിക്‌സ് കാണുന്നവരും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഉള്ളവരുമാണ്. യുദ്ധം ഇനിമുതല്‍ ദരിദ്ര വിദൂര ജനവിഭാഗങ്ങളെ മാത്രം ബാധിക്കുന്ന ഒന്നല്ല. അത് ആര്‍ക്കും സംഭവിക്കാം.’
– ഡാനിയല്‍ ഹന്നാന്‍(മെമ്പര്‍ ഓഫ് ഹൗസ് ഓഫ് ലോര്‍ഡ്‌സ്, യു.കെ)
6. ഐ.ടി.വി(യു.കെ)
‘അചിന്ത്യമായത് സംഭവിച്ചു. ഇതൊരു വികസ്വര, മൂന്നാം ലോക രാഷ്ട്രമല്ല; ഇതാണ് യൂറോപ്പ്!’
7. എന്‍.ബി.സി ന്യൂസ്(യു.കെ)
‘വ്യക്തമായി പറഞ്ഞാല്‍, അവര്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളല്ല, ഉക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ്. അവര്‍ ക്രിസ്ത്യാനികളാണ്, വെളുത്തവരാണ്. അവര്‍ നമ്മളോട് വളരെ സാമ്യമുള്ളവരാണ്’. – പശ്ചിമേഷ്യയില്‍ നിന്നും വടക്കേ ആഫ്രിക്കയില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ മടിച്ചിരുന്ന പോളണ്ട് ഇപ്പോള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്നു കെല്ലി കോബിയെല്ല,’എന്‍.ബി.സി ന്യൂസ് ലേഖകന്‍.
അതേസമയം, പശ്ചിമേഷ്യയില്‍ നിന്നും വടക്കേ ആഫ്രിക്കയില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ മടിച്ചിരുന്ന പല രാജ്യങ്ങളും ഉക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുകയാണ്.
പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ, മോള്‍ഡോവ എന്നിവിടങ്ങളിലെ ഭരണകൂടങ്ങള്‍ ഉക്രൈനികളെ സ്വീകരിക്കാനും അഭയാര്‍ത്ഥികല്‍ക്ക് പാര്‍പ്പിടം, ഭക്ഷണം, നിയമസഹായം എന്നിവ നല്‍കാനും തയ്യാറായി.
റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് 3,68,000 പേരെങ്കിലും ഉക്രൈനില്‍ നിന്ന് പോളണ്ടിലേക്കും മറ്റ് അയല്‍രാജ്യങ്ങളിലേക്കും പലായനം ചെയ്തിട്ടുണ്ടെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി (യു.എന്‍.എച്ച്.സി.ആര്‍) കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പലായനം ചെയ്യുന്നവരുടെ എണ്ണം ഇതിലും വര്‍ധിക്കുമെന്നാണ് യു.എന്‍ പ്രതീക്ഷിക്കുന്നത്. യു.എന്‍.എച്ച്.സി.ആറിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 15 മണിക്കൂറിനുള്ളില്‍ 45,000 അഭയാര്‍ഥികളാണ് ഉക്രൈനില്‍ നിന്ന് പോളണ്ട് അതിര്‍ത്തികടന്നത്.
CONTENT HIGHLIGHS: Western media racist on the issue of refugees in Ukraine