ലോകകപ്പ് ഫൈനലിൽ കിരീടം ഏറ്റുവാങ്ങുന്നതിന് മുമ്പ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി മെസിയെ അണിയിച്ച കറുത്ത മേൽ വസ്ത്രത്തെ ചുറ്റിപറ്റിയുള്ള ചർച്ചകൾ ഗൗരവകരമായ രീതിയിൽ മുന്നോട്ട് പോവുകയാണ് ഫുട്ബോൾ ലോകത്ത്.
ഷെയ്ഖ് തമീം അണിയിച്ച കറുത്ത മേൽവസ്ത്രം അണിഞ്ഞായിരുന്നു മെസി ലോകകപ്പ് കിരീടം ഏറ്റുവാങ്ങിയതും , പിന്നീട് ലോകകപ്പ് ഉയർത്തിയതും.
ബിശ്ത് എന്നറിയപ്പെടുന്ന ഈ വസ്ത്രം അറബ് ലോകത്തെ രാജ കുടുംബത്തിൽ പെട്ട പുരുഷന്മാരോ, അല്ലെങ്കിൽ സമൂഹത്തിലെ ഉന്നതശ്രണിയിലുള്ളവരോ വിവാഹം, മതപരമായ ആഘോഷങ്ങൾ, വിവാഹം, പെരുന്നാള്‍ നമസ്‌കാരം, ജുമുഅ നമസ്‌കാരം തുടങ്ങിയ വിശേഷാവസരങ്ങളിൽ ധരിക്കുന്നതാണ്.
ഒട്ടകത്തിന്‍റെയും ആടിന്‍റെയും രോമങ്ങള്‍കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ബിശ്തിന്റെ ഗുണമേൻന്മയും നിലവാരവും വർധിക്കുന്നതിനനുസരിച്ച് അത് ധരിക്കുന്ന വ്യക്തികളുടെ അന്തസ്സും വർധിക്കും എന്നാണ് അറബ് സമൂഹത്തിലെ വിശ്വാസം.
ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട അവസരങ്ങളിലാന്ന് സമൂഹത്തിലെ ഉന്നത ശ്രണിയിലുള്ള അറബികൾ ബിശ്ത് ധരിക്കുന്നത്.
ഫിഫ പ്രസിഡന്റിനെ സാക്ഷി നിർത്തിയാണ് ഷേയ്ഖ് തമീം മെസിയെ ബിശ്ത് ധരിപ്പിച്ചത്.
എന്നാൽ ഇതിന് പിന്നാലെ സമ്മിശ്ര അഭിപ്രായങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലടക്കം ഉയർന്ന് വരുന്നത്.
ബി.ബി.സി സ്പോർട്സ് വിദഗ്ധനായ പാബ്ലോ സബലേറ്റ “എന്താണിത്, എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്,’ എന്ന് ട്വീറ്റ് ചെയ്തപ്പോൾ. മുൻ ഇംഗ്ലീഷ് പ്ലെയറായ ഗാരി ലിനേക്കർ ബി.ബി.സി യോട് നല്ലൊരു നിമിഷത്തിൽ അവർ മെസിയുടെ ജേഴ്സി കവർ ചെയ്തത് വല്ലാത്ത നാണക്കേടായിപ്പോയി എന്നാണ് അഭിപ്രായപ്പെട്ടത്.
ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ ഔദ്യോഗിക റിപ്പോർട്ടറായ ജെയിംസ് പിയേഴ്സ് “ഒരു ട്രോഫിക്ക് വേണ്ടി കാത്തിരുന്ന് ഒടുവിൽ അതവർ നേടിയപ്പോൾ മെസിയുടെ ജേഴ്സി മൂടിയത് വളരെ മോശമായ പ്രവർത്തിയായിപ്പോയി,’ എന്നാണ് ട്വിറ്ററിൽ കുറിച്ചത്.
ഇ.എസ്.പി.എൻ ലേഖകനായ മാർക്ക് ഓഗ്ടനും ഇത് ഖത്തറിന്റെയല്ല അർജന്റീനയുടെ പ്രധാനപ്പെട്ട നിമിഷമാണ്. അതിൽ അറബ് സംസ്കാരത്തിലുള്ളവരുടെ വസ്ത്രം കലർത്തിയത് ഒട്ടും ശരിയായില്ല എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരുന്നു.
അത് ലറ്റിക് സ്‌പോർട് ന്യൂസിന്റെ ഒരു റിപ്പോർട്ടർ സംഭവത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത് “കാര്യങ്ങളെ അവർ മോശമാക്കി. നീലക്കടൽ പോലെയുള്ള അർജന്റീനയുടെ ജേഴ്സിയെ അത് അലങ്കോലമാക്കി,’ എന്നാണ്.
മാധ്യപ്രവർത്തകരെ കൂടാതെ അർജന്റീനയുടെ ആരാധകരും ബിശ്തിനെതിരെ രംഗത്ത് വന്നിരുന്നു.
ഖത്താരികൾ ലോകകപ്പ് നെടുമ്പോഴാണ് ഖത്തറിന്റെ വസ്ത്രങ്ങൾ അവർ അണിയേണ്ടത് എന്നായിരുന്നു ആരാധകർ ഉയർത്തിയ പ്രധാന വിമർശനം.
എന്നാൽ വിമർശനങ്ങളെ കൂടാതെ ബിശ്ത് ധരിച്ചതിൽ മെസിയെ അനുകൂലിച്ചും നിരവധി പേർ അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഖത്തർ അവരുടെ സംസ്കാരത്തിലെ രീതി അനുസരിച്ച് മെസിയെ അഭിനന്ദിച്ചതാണ് എന്നതാണ് അതിലൊരു പ്രധാന വാദം.
കൂടാതെ ബിശ്ത് മെസിക്ക് രാജകീയയമായ വരവേൽപ്പ് നൽകി എന്നും ആരാധകർ അഭിപ്രായപെട്ടു.
യൂണിവേഴ്സിറ്റി ഓഫ് എക്സെറ്ററിലെ പ്രൊഫസർ ആയ ഡോക്ടർ മുസ്‌തഫ ബെയ്ഗ് “വളരെ അപൂർവം ആളുകൾക്കെ ബിശ്ത് ധരിക്കാൻ അവസരം ലഭിക്കൂ. അവർ(ഖത്താരികൾ) യഥാർത്ഥത്തിൽ ബിശ്ത് മെസിയുടെ തോളിൽ അണിഞ്ഞു കൊണ്ട് അദ്ദേഹത്തിന് വലിയൊരു ബഹുമാനമാണ് നൽകിയത്.
ഇതൊരുതരത്തിൽ വലിയൊരു അഭിനന്ദനമാണ്, ഒരു തരത്തിലുള്ള സാംസ്കാരികമായ സ്വീകരണമായോ, അംഗീകാരമായോ ഇതിനെ കണക്കാക്കാം. ഇതിനേക്കാൾ വലിയ രീതിയിൽ മെസിയെ ആദരിക്കാൻ അവർക്ക് കഴിയില്ല,’ എന്നാണ് അഭിപ്രായപ്പെട്ടത്.
കൂടാതെ ഒരു മികച്ച, ആനന്ദകരമായ കാഴ്ചയാണ് അതെന്നും അദ്ദേഹം അഭിപ്രായപെട്ടു. കൂടാതെ അറബ് രാജ്യങ്ങളേക്കാൾ ഗൾഫ്-അറബ് രാജ്യങ്ങളുടെ സംസ്കാരമാണ് ബിശ്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജാവിന്റെ ബിശ്ത് ധരിച്ചതോടെ ഫുട്ബോളിലെ രാജാവായി മെസി അവരോധിക്കപ്പെട്ടു എന്നാണ് മറ്റു ചില ആരാധകർ ഉയർത്തുന്ന വാദം.
കൂടാതെ അറബ് ലോകത്തോടും സംസ്കാരത്തോടുമുള്ള പടിഞ്ഞാറിന്റെ മനോഭാവമാണ് ഇത്തരത്തിലുള്ള വിലകുറഞ്ഞ പരാമർശങ്ങളുടെ പേരിൽ പുറത്ത് വരുന്നതെന്നും പല ആരാധകരും അഭിപ്രായപ്പെട്ടിരുന്നു.
കൂടാതെ പെലെ മെക്സിക്കൻ തൊപ്പി അണിഞ്ഞു 1970 ലോകകപ്പ് കയ്യിലെടുക്കുന്ന ചിത്രവും മെസിയുടെ ബിശ്ത് ധരിച്ച ചിത്രവും താരതമ്യം ചെയ്ത് കൊണ്ടുള്ള പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
അതേസമയം ഖത്തർ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
ഞായറാഴ്ച നടന്ന മത്സരത്തിൽ മുൻലോകചാമ്പ്യൻമാരായ ഫ്രാൻസിനെ പെനാൽട്ടി ഷൂട്ട്ഔട്ടിൽ മറികടന്നാണ് അർജന്റീന ലോകകപ്പിൽ മുത്തമിട്ടത്.
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ നിശ്ചിതസമയത്തും, അധികസമയത്തും സ്കോർ 2-2 എന്ന നിലയിലായിരുന്നു. ഷൂട്ട്‌ഔട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്.
ലോകകപ്പ് വിജയിക്കാൻ സാധിച്ചതോടെ നീണ്ട 20 വർഷങ്ങൾക്ക് ശേഷം ലോകകിരീടം ലാറ്റിനമേരിക്കയിലേക്ക് എത്തിയിരിക്കുകയാണ്. അവസാനമായി ബ്രസീലാണ് 2002ൽ ലാറ്റിനമേരിക്കയിൽ കിരീടമെത്തിച്ചത്.
Content Highlights:Western Media criticize messi’s bisht