പാശ്ചാത്യ രാജ്യങ്ങളുടെ ആഗോള മേധാവിത്വത്തിന്റെ കാലം കഴിഞ്ഞു: റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ്
World News
പാശ്ചാത്യ രാജ്യങ്ങളുടെ ആഗോള മേധാവിത്വത്തിന്റെ കാലം കഴിഞ്ഞു: റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th June 2024, 9:30 am

മോസ്‌കോ: പാശ്ചാത്യ രാജ്യങ്ങളുടെ ആഗോള മേധാവിത്വത്തിന്റെ കാലം കഴിഞ്ഞെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ. സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ നടന്ന അന്താരാഷ്ട്ര ബന്ധങ്ങളുടെ പുതിയ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ഒരു പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് സഖറോവ ഇക്കാര്യം പറഞ്ഞത്.

പാശ്ചാത്യ രാജ്യങ്ങള്‍ കൊണ്ട് നടക്കുന്ന ആഗോള മേധാവിത്വത്തിനും ആധിപത്യ നീക്കങ്ങള്‍ക്കും ഇനി പ്രസക്തിയില്ലെന്ന് സഖരോവ വ്യക്തമാക്കി.

‘കൂട്ടായ പാശ്ചാത്യ രാജ്യങ്ങള്‍ മുറുകെ പിടിക്കുന്ന ആധിപത്യത്തിന്റെ ആശയങ്ങള്‍ക്ക് ബഹുധ്രുവ ലോക ക്രമത്തില്‍ സ്ഥാനമില്ല. ആഗോള ആധിപത്യത്തിനായുള്ള പ്രേരണ കൊളോണിയലിസവും നാസിസവും ഉള്‍പ്പെടെയുള്ള ദുരന്തങ്ങളിലേക്കാണ് എല്ലാകാലത്തും മനുഷ്യരാശിയെ നയിച്ചത്.

നയത്തിലും പ്രത്യയശാസ്ത്രത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതുവരെ, റഷ്യയ്ക്കും അതിന്റെ ആഗോള സഖ്യകക്ഷികള്‍ക്കും ഒരു യഥാര്‍ത്ഥ മള്‍ട്ടിപോളാര്‍ ലോകക്രമം രൂപീകരിക്കാന്‍ നീണ്ട പോരാട്ടം വേണ്ടി വന്നേക്കും. ഞങ്ങളുടെ ലക്ഷ്യം ലളിതമല്ലെങ്കിലും, അത് ശ്രേഷ്ഠമായ ഒന്നാണെന്ന് ഉറപ്പുണ്ട്. ആഗോള ഭൂരിപക്ഷമായി ഞങ്ങള്‍ ആ ലക്ഷ്യത്തെ മുന്നോട്ട് നയിക്കും,’ സഖറോവ പറഞ്ഞു.

റഷ്യയുടെ നേതൃത്വത്തിലുള്ള ബ്രിക്സ് ഗ്രൂപ്പായ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍, ആഫ്രിക്കന്‍ എന്ന ബഹുരാഷ്ട്ര കൂട്ടായ്മകള്‍ സ്വീകരിച്ച മെമ്മോറാണ്ടങ്ങള്‍ എന്നിവ ഉദ്ധരിച്ച് കൊണ്ട് എല്ലാ അംഗരാജ്യങ്ങളും ഒരു മള്‍ട്ടിപോളാര്‍ ലോകക്രമം രൂപീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അവര്‍ പറഞ്ഞു.

യു.എസ് വളരെക്കാലമായി ലോക മേധാവിത്വ ശക്തിയൊന്നുമല്ലെന്നും അന്താരാഷ്ട്ര രംഗത്തുള്ള യു.എസിന്റെ പ്രവര്‍ത്തനങ്ങള്‍ ലോക രാഷ്ട്രീയത്തെ അസ്ഥിരപ്പെടുത്തുന്നതിലേക്ക് നയിച്ചെന്നും സഖറോവ കൂട്ടിച്ചേര്‍ത്തു.

Content Highlight: Western hegemony is over: Russian Foreign Ministry spokeswoman Maria Zakharova