| Thursday, 25th September 2014, 11:12 am

പശ്ചിമഘട്ട സംരക്ഷണം: അന്തിമ തീരുമാനം പരിസ്ഥിതി മന്ത്രാലയത്തിന്റേതെന്ന് ട്രിബ്യൂണല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പശ്ചിമഘട്ടം സംരക്ഷിക്കണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് വിട്ടുകൊണ്ട് ഹരിത ട്രിബ്യൂണല്‍ വിധി. മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹരജി തീര്‍പ്പാക്കികൊണ്ടായിരുന്നു കോടതി വിധി.

പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട് ഏത് റിപ്പോര്‍ട്ട് പരിഗണിക്കണം, ഏതൊക്കെ മേഖലകള്‍ സംരക്ഷിക്കണം എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരിന് വിടുന്നതാണ് ട്രിബ്യൂണല്‍ വിധി. കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റുമായി ആലോചിച്ച് കേന്ദ്രത്തിന് തീരുമാനമെടുക്കാം.

കേരളം ഭൗതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇതിനകം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ കേരളത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ വേണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിക്കുന്നു.

അതേസമയം പരിസ്ഥിതിലോല മേഖലകള്‍ സംരക്ഷിക്കുന്നതിനായി ഈ മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുള്ള നവംബര്‍ 13ലെ ഉത്തരവ് തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പരിസ്ഥിതിലോല മേഖലകള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും ഈ മേഖലകളില്‍ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നും വിധിയില്‍ പറയുന്നു.

നവംബര്‍ 13ലെ ഉത്തരവ് അനുസരിച്ച് പശ്ചിമഘട്ട മേഖലയില്‍ ഖനികള്‍, ക്വാറികള്‍, മണല്‍വാരല്‍, താപനിലയങ്ങള്‍, ടൗണ്‍ഷിപ്പുകള്‍, വന്‍കിട സ്ഥാപനങ്ങള്‍ എന്നിവ പാടില്ല. ഇതോടൊപ്പം 20,000 സ്‌ക്വയര്‍ മീറ്ററില്‍ കൂടുതലുള്ള പ്രദേശങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല.

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ട്രിബ്യൂണല്‍ സമയ പരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ എത്രയും പെട്ടെന്ന് അന്തിമ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് സ്വതന്ത്ര കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് 2012ല്‍ ഗോവ ഫൗണ്ടേഷന്‍ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. പിന്നീട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടല്ല കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് നടപ്പാക്കുന്നതെന്ന് കേന്ദ്രം ട്രിബ്യൂണലിനെ അറിയിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more