| Tuesday, 6th February 2024, 9:18 am

ഹൂത്തികള്‍ ആക്രമിക്കാനുള്ള കപ്പലുകള്‍ കണ്ടെത്തുന്നത് ഓപ്പണ്‍ സോഴ്‌സുകളും മാരിടൈം ഇന്റലിജന്റ്‌സ് സൈറ്റുകളും ഉപയോഗിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കാന്‍ ഹൂത്തികള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഓപ്പണ്‍ സോഴ്‌സുകളും മാരിടൈം ഇന്റലിജന്‍സ് സൈറ്റുകളും ഉപയോഗപ്പെടുത്തുകയാണെന്ന് വെസ്റ്റേണ്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും സമുദ്ര വിദഗ്ധരും അഭിപ്രായപ്പെട്ടു.

ഇതിലൂടെ ഏത് കപ്പല്‍ ഏത് മാര്‍ഗത്തിലൂടെ വരുന്നു എന്നതടക്കമുള്ള വിവരങ്ങള്‍ ഹൂത്തികള്‍ക്ക് ലഭിക്കുമെന്നും അമേരിക്കയുടെയും അവരുടെ സഖ്യ രാജ്യങ്ങളുടെയും കപ്പലുകള്‍ ആക്രമിക്കുന്നതിന് ഈ വിവരങ്ങള്‍ അവര്‍ക്ക് സഹായകരമാകുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

‘ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഒരുപക്ഷേ വി.പി.എന്നും ഉപയോഗിച്ച് സമുദ്രമേഖലയിലെ എത്രത്തോളം ഡാറ്റകള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ഹൂത്തികള്‍ തെളിയിച്ചിട്ടുള്ളതാണ്,’ മാരിടൈം റിസ്‌ക് അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റി കമ്പനിയായ ഡ്രയാസ് ഗ്ലോബലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കോറി റാന്‍സ്ലെം മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.

‘ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം അഥവാ എ.ഐ.എസ് എന്നറിയപ്പെടുന്ന സാറ്റലൈറ്റ് ട്രാന്‍സ്പോണ്ടറുകള്‍ വഴി കപ്പലുകള്‍ അവരുടെ സ്ഥാനം ഹൂത്തികളുമായി പങ്കുവെക്കുന്നു. ഇതല്ലാതെ ഒരു എ.ഐ.എസ് സിഗ്‌നല്‍ ഉപയോഗിച്ചും ഒരു കപ്പലിന്റെ സ്ഥാനവും സഞ്ചാരപാതയും കണ്ടെത്താം.

മറൈന്‍ ട്രാഫിക് പോലുള്ള സൈറ്റുകളിലൂടെ ഇത്തരത്തിലുള്ള എ.ഐ.എസ് ഡാറ്റ സ്വന്തമാക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള സൈറ്റുകളിലൂടെ മാത്രമല്ല ആന്റിനയും ഹോം റിസീവറും ഉപയോഗിച്ചും ഇത്തരം ഡാറ്റകള്‍ കൈക്കലാക്കാന്‍ പറ്റുന്നതാണ്,’ റാന്‍സ്ലെം പറഞ്ഞു.

ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ എ.ഐ.എസ് വഴി ഹൂത്തികളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ട്. ഹൂത്തികള്‍ തങ്ങളെ ആക്രമിക്കാതിരിക്കാന്‍ ചൈന, തുര്‍ക്കി രാജ്യങ്ങളുടെ ക്രൂവിനൊപ്പമാണ് സഞ്ചരിക്കുന്നതെന്ന് അവരെ അറിയിക്കുന്നതിനും അവര്‍ ഈ സിസ്റ്റം ഉപയോഗിക്കുന്നു. തങ്ങളെ ലക്ഷ്യം വെക്കാതിരിക്കാന്‍ തങ്ങള്‍ക്ക് ഇസ്രഈലുമായി ഒരു തരത്തിലുള്ള ബന്ധമില്ലെന്നും ചില കപ്പലുകള്‍ ഹൂത്തികളെ അറിയിക്കാറുണ്ട്.

കഴിഞ്ഞ വര്‍ഷം അവസാനം സ്വാന്‍ അറ്റ്ലാന്റിക് കെമിക്കല്‍ ടാങ്കര്‍ ഹൂത്തികള്‍ ആക്രമിച്ചപ്പോള്‍, കപ്പല്‍ മാനേജ് ചെയ്തത് ഇസ്രഈലുമായി ബന്ധമുള്ള കമ്പനിയാണെന്ന് തെറ്റായി പ്രസ്താവിച്ചതിന് കപ്പിലന്റെ ഉടമ മറൈന്‍ ട്രാഫിക്കിനെ കുറ്റപ്പെടുത്തിയിരുന്നു.

ഗസയിലെ ഇസ്രഈല്‍ അധിനിവേശത്തിന് പിന്നാലെ ചെങ്കടലില്‍ അമേരിക്ക, യു.കെ, ഇസ്രഈല്‍ വാണിജ്യ കപ്പലുകള്‍ ഹൂത്തികള്‍ ആക്രമിച്ചിരുന്നു.

ഇസ്രഈല്‍ ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള കപ്പലുകളെ ചെങ്കടലിലൂടെ സുരക്ഷിതമായി കടന്നുപോകാന്‍ അനുവദിക്കുമെന്ന് ഹൂത്തികള്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ലക്ഷ്യമിടുന്ന രാജ്യങ്ങളില്‍ റഷ്യയും ചൈനയും ഉള്‍പ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇസ്രഈലിനേയും സഖ്യകക്ഷികളെയും ആക്രമിക്കുമെന്നാണ് ഹൂത്തികള്‍ പ്രഖ്യാപിച്ചിരുന്നത്.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ചാണ് ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്നത്. ഗസയിലെ ഇസ്രഈല്‍ ഉപരോധം നീക്കുകയും ആക്രമണം അവസാനിപ്പിക്കുകയും ചെയ്യുന്നത് വരെ ഇസ്രഈലുമായി ബന്ധമുള്ള എല്ലാ കപ്പലുകളെയും ലക്ഷ്യം വെക്കുന്നത് തുടരുമെന്ന് ഹൂത്തികള്‍ പറഞ്ഞു.

Content highlight: Western defense officials and maritime experts have suggested that the Houthis are using open-source and maritime intelligence sites to gather information to attack ships in the Red Sea.

Latest Stories

We use cookies to give you the best possible experience. Learn more