| Thursday, 13th October 2022, 7:13 pm

നല്ല ബെസ്റ്റ് ടീം; ഓസീസിലെ ലോക്കല്‍ ടീമിനോട് തോറ്റ് ഇന്ത്യയുടെ ലോകകപ്പ് ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയിലെ പ്രാദേശിക ടീമിനോട് വമ്പന്‍ തോല്‍വിയേറ്റുവാങ്ങി ഇന്ത്യ. 36 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.

പെര്‍ത്തില്‍ വെച്ച് നടന്ന രണ്ടാം സന്നാഹമത്സരത്തിലായിരുന്നു വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഇന്ത്യയെ അട്ടിമറിച്ചത്.

ആദ്യം ബാറ്റ് ചെയ്ത വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 132 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

വെസ്‌റ്റേണ്‍ ഓസ്‌ട്രേിലയക്കായി നിക് ഹോബ്‌സണും ഡി ആര്‍ക്കി ഷോര്‍ട്ടും അര്‍ധ സെഞ്ച്വറി സ്വന്തമാക്കി.

ഇന്ത്യക്കായി ആര്‍. അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശ്രദ്ധാപൂര്‍വമാണ് തുടങ്ങിയത്. കെ.എല്‍. രാഹുലും റിഷബ് പന്തുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. ബാറ്റിങ്ങില്‍ പന്ത് ഒരിക്കല്‍ക്കൂടി പരാജയമായപ്പോള്‍ മറുവശത്ത് നിന്നും രാഹുല്‍ ശ്രദ്ധാപൂര്‍വം ബാറ്റ് വീശി.

11 പന്തില്‍ നിന്നും ഒമ്പത് റണ്‍സുമായി പന്ത് പുറത്തായി. പിന്നാലെയെത്തിയ മറ്റ് ബാറ്റര്‍മാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

ഹൂഡ ഒമ്പത് പന്തില്‍ ആറ് റണ്‍സ് നേടി പുറത്തായപ്പോള്‍ അക്സര്‍ പട്ടേല്‍ ഏഴ് പന്തില്‍ രണ്ട് റണ്‍സ് നേടി പവലിയനിലേക്ക് മടങ്ങി. ഒമ്പത് പന്തില്‍ നിന്നും 17 റണ്‍സുമായി ഹര്‍ദിക് പൊരുതി നോക്കിയെങ്കിലും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ബൗളര്‍മാര്‍ ആ പോരാട്ടത്തിന് അന്ത്യമിട്ടു.

ദിനേഷ് കാര്‍ത്തിക് 14 പന്തില്‍ നിന്നും പത്ത് റണ്‍സുമായി പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി.

ഒരറ്റത്ത് നിന്നും പൊരുതിയ രാഹുല്‍ 55 പന്തില്‍ 74 റണ്‍സെടുത്ത് പുറത്തായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. ഹര്‍ഷല്‍ പട്ടേല്‍ 10 പന്തില്‍ രണ്ട് റണ്‍സും ഭുവനേശ്വര്‍ കുമാര്‍ ഡക്കായും പുറത്തായി.

ഒക്ടോബര്‍ 23ന് ഇന്ത്യ പാകിസ്ഥാനെ നേരിടാനൊരുങ്ങുന്നതിന് മുമ്പുള്ള ഈ തോല്‍വി ആരാധകരെ മാത്രമല്ല, മാനേജ്‌മെന്റിനെയും ഞെട്ടിച്ചിരിക്കുകയാണ്. സ്‌ക്വാഡ് അനൗണ്‍സ് ചെയ്തത് മുതല്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്ന പോരായ്മകള്‍ ഇപ്പോള്‍ തലപൊക്കി തുടങ്ങിയിരിക്കുകയാണ്.

ഈ പ്രകടനമാണ് ഇന്ത്യ പുറത്തെടുക്കുന്നതെങ്കില്‍ സിഡ്‌നിയും കാന്‍ബെറയും കണ്ട് പെട്ടെന്ന് തന്നെ നാട്ടിലെത്താം.

Content Highlight: Western Australia defeats India in 2nd warm up match

We use cookies to give you the best possible experience. Learn more