25 വര്‍ഷത്തിനുശേഷം ഇതാദ്യം; ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന് ചരിത്രവിജയം
Cricket
25 വര്‍ഷത്തിനുശേഷം ഇതാദ്യം; ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന് ചരിത്രവിജയം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th December 2023, 9:06 am

ഇംഗ്ലണ്ട് -വെസ്റ്റ് ഇന്‍ഡീസ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി വിന്‍ഡീസ്. അവസാനം മത്സരത്തില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് വിന്‍ഡീസ് കിരീടം ഉയര്‍ത്തിയത്.

ഇതിന് പിന്നാലെ 25 വര്‍ഷത്തെ ചരിത്രമാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം തിരുത്തി കുറിച്ചത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വെസ്റ്റ് ഇന്‍ഡീസില്‍ വെച്ച് ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര വിന്‍ഡീസ് സ്വന്തമാക്കുന്നത്. അവസാനമായി 1988ലാണ് വെസ്റ്റിന്‍ഡീസിന്റെ മണ്ണില്‍ വെച്ച് ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയത്. ഈ മികച്ച വിജയത്തോടെ പുതിയ ചരിത്രമാണ് വിന്‍ഡീസ് ക്രിക്കറ്റ് ടീം സൃഷ്ടിച്ചത്.

കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴമൂലം 40 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്.

ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ ബെന്‍ ഡക്കറ്റ് 73 പന്തില്‍ 71 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഡക്കറ്റിന് പുറമെ ലിയാം ലിവിങ്സ്റ്റണ്‍ 45 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

വിന്‍ഡീസ് ബൗളിങ് നിരയില്‍ മാത്യു ഫോര്‍ഡ്, അല്‍സാരി ജോസഫ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും റൊമാരിയോ ഷെപ്പേഡ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ ഇംഗ്ലീഷ് ബാറ്റിങ് നിര 206 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിടയിലും മഴ വില്ലനായി വന്നതോടെ വീണ്ടും മത്സരം 34 ഓവര്‍ ആക്കി ചുരുക്കുകയായിരുന്നു. 31.4 ഓവറില്‍ 191-6 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ വീണ്ടും മഴ കളി തടസ്സപ്പെടുത്തി. അവസാനം ഡക്ക്- വര്‍ത്ത്- ലൂയിസ്-സ്റ്റേണ്‍ നിയമപ്രകാരം വിന്‍ഡീസ് നാല് വിക്കറ്റിന് വിജയിക്കുകയായിരുന്നു.

വിന്‍ഡീസ് ബാറ്റിങ് നിരയില്‍ കീസി കാര്‍ട്ടി 50 റണ്‍സും അലിക്ക് അത്‌നാസെ 45 റണ്‍സും റൊമാരിയോ ഷെപ്പേഡ് 41 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ ബില്‍ ജാക്‌സ് മൂന്ന് വിക്കറ്റും ഗസ് അറ്റ്കിന്‍സണ്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും വിന്‍ഡീസ് ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: West Indies won ODI series against England.