| Wednesday, 8th October 2014, 9:57 am

പ്രതിഫലത്തര്‍ക്കം: കൊച്ചി ഏകദിനം ബഹിഷ്‌കരിക്കുമെന്ന് വെസ്റ്റ് ഇന്‍ഡീസ് ടീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കൊച്ചി: കൊച്ചി ഏകദിനത്തില്‍ നിന്ന് വെസ്റ്റ് ഇന്‍ഡീസ് ടീം പിന്മാറുമെന്ന് സൂചന. പ്രതിഫലം സംബന്ധിച്ച് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് ഏകദിനത്തെ അനിശ്ചിതത്വത്തിലാക്കിയത്.

പ്രതിഫലത്തര്‍ക്കവും സ്‌പോണ്‍സര്‍മാരുമായുള്ള അതൃപ്തിയും മൂലം ചൊവ്വാഴ്ച വിന്‍ഡീസ് താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. കളിക്കാര്‍ക്ക് വേണ്ട പിന്തുണ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്നില്ലെന്നാരോപിച്ച് താരങ്ങള്‍ വാര്‍ത്താ സമ്മേളനവും ബഹിഷ്‌കരിച്ചിരുന്നു.

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരെ കബളിപ്പിക്കുകയാണെന്നും  സ്‌കൂള്‍ കുട്ടികളോടെന്നപോലെയാണ് താരങ്ങളോട് പെരുമാറുന്നതെന്നും വിന്‍ഡീസ് കാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. പ്രതിഫലം വര്‍ധിപ്പിച്ചില്ലെങ്കില്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് വിന്‍ഡീസ് താരങ്ങളുടെ തീരുമാനമെന്നും ബ്രാവോ അറിയിച്ചു.

ടീമംഗങ്ങള്‍ മത്സരം ബഹിഷ്‌കരിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയുമായി ബുധനാഴ്ച രാവിലെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ വാര്‍ത്താകുറിപ്പ് പുറത്തുവന്നിരുന്നു. ഏകദിന മത്സരം നടന്നില്ലെങ്കില്‍ ഇന്ത്യന്‍ ആരാധകരും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും  ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ടാണ് വാര്‍ത്താക്കുറിപ്പ് പുറത്ത് വന്നത്.

അതേസമയം വിന്‍ഡീസ് ടീമില്‍ പ്രതിസന്ധിയില്ലെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് മത്സരം നടത്തുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി.സി മാത്യു പറഞ്ഞു.

We use cookies to give you the best possible experience. Learn more