കാര്‍ലോസ് ബ്രാത്‌വെയ്റ്റിനെ ഓര്‍മയില്ലേ? 2016 ഐ.സി.സി ടി-20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന്റെ വേള്‍ഡ് കപ്പ് ഹാറോ ആയ, അവസാന ഓവറില്‍ 19 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ തുടര്‍ച്ചയായ നാല് പന്തുകളില്‍ സിക്‌സര്‍ പറത്തി കരീബിയന്‍സിനെ കിരീടം ചൂടിച്ച അതേ ബ്രാത്‌വെയ്റ്റ് തന്നെ.
അരങ്ങേറ്റ ലോകകപ്പില്‍ തന്നെ വിന്‍ഡീസിന്റെ സ്റ്റാറായ താരം പിന്നീട് കരീബിയന്‍ ടീമിന്റെ ക്യാപ്റ്റനായും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ഐ.പി.എല്ലിലും തന്റെ പ്രതിഭ തെളിയിച്ച ബ്രാത്‌വെയ്റ്റ് ഇംഗ്ലണ്ടില്‍ നടക്കുന്ന ടി-20 ബ്ലാസ്റ്റിലാണ് ഇപ്പോള്‍ കളിക്കുന്നത്. ടൂര്‍ണമെന്റില്‍ ബര്‍മിങ്ഹാം ബെയേഴ്‌സിന്റെ (Birmingham Bears) ക്യാപ്റ്റനാണ് ബ്രാത്‌വെയ്റ്റ്.
ടൂര്‍ണമെന്റില്‍ ഡാര്‍ബിഷെയറിനെതിരെയുള്ള മത്സരത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. താരത്തിന്റെ പരുക്കന്‍ ഫീല്‍ഡിങ്ങും അതിന് ലഭിച്ച പിഴയുമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.
മത്സരത്തിനെ 13ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ഡാര്‍ബിഷെയര്‍ ബാറ്റര്‍ വെയന്‍ മാഡ്‌സനെതിരെ ബൗള്‍ ചെയ്ത ശേഷം, ഫോളോ ത്രൂവില്‍ ബ്രാത്‌വെയ്റ്റ് പന്തെടുത്ത് വിക്കറ്റ് ലക്ഷ്യമാക്കി എറിയുകയായിരുന്നു.
എന്നാല്‍ പന്ത് ബാറ്ററുടെ കാലില്‍ കൊള്ളുകയായിരുന്നു. ഇതേതുടര്‍ന്ന് അമ്പയര്‍ പെനാല്‍ട്ടി വിധിക്കുകയും ബാറ്റിങ് ടീമിന് അധികമായി അഞ്ച് റണ്‍സ് ലഭിക്കാന്‍ കാരണമാവുകയും ചെയ്തു.
മത്സരത്തില്‍ ബ്രാത്‌വെയ്റ്റിന്റെ ബെയേഴ്‌സ് പരാജയപ്പെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെയേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സായിരുന്നു എടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡാര്‍ബിഷെയര്‍ 11 പന്ത് ബാക്കി നില്‍ക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.