| Wednesday, 24th August 2022, 7:23 pm

വോണോ മുരളീധരനോ അല്ല, ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍, അക്കാര്യത്തില്‍ മുരളീധരന് പോലും അഭിപ്രായവ്യത്യാസം ഉണ്ടാവില്ല: ക്രിസ് ഗെയ്ല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ബാറ്ററാണ് ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന ക്രിസ് ഗെയ്ല്‍. വിന്‍ഡീസ് ക്രിക്കറ്റിലെ ഫ്യൂച്ചര്‍ ലെജന്‍ഡ് എന്ന് നിസ്സംശയം പറയാന്‍ പറ്റുന്ന താരമാണ് ഗെയ്ല്‍.

നിന്ന നില്‍പ്പില്‍ ഫിഫ്റ്റിയും സെഞ്ച്വറിയും അടിക്കുക, ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ പന്തില്‍ തന്നെ സിക്‌സറിച്ചു തുടങ്ങുക എന്നിങ്ങനെയുള്ള ഹോബികളായിരുന്നു എന്നും ഗെയ്‌ലിനുണ്ടായിരുന്നത്.

വിന്‍ഡീസിന്റെ ഡിപ്പന്‍ഡിബിള്‍ ബാറ്റര്‍ എന്നതിലുപരി മികച്ച പാര്‍ട് ടൈം ബൗളര്‍ എന്ന രീതിയിലും താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പേരെടുത്തിട്ടുണ്ട്. വിന്‍ഡീസിന് വേണ്ടി മികച്ച ബൗളിങ് ഫിഗറാണ് ഈ ഓഫ് സ്പിന്നര്‍ക്കുള്ളത്.

എന്നാലിതാ, തന്റെ ബൗളിങ്ങിനെ കുറിച്ച് ഒരു ബോള്‍ഡ് സ്‌റ്റേറ്റ്‌മെന്റ് നടത്തിയിരിക്കുകയാണ് ഗെയ്ല്‍. താനാണ് ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍ എന്നായിരുന്നു ഗെയ്ല്‍ പറഞ്ഞത്.

‘നിങ്ങള്‍ക്കറിയാമോ, എന്റെ ബൗളിങ് നാച്ചുറലാണ്. തീര്‍ച്ചയായും ഞാന്‍ പന്തെറിയേണ്ടവന്‍ തന്നെയാണ്. ലോകത്തിലെ എക്കാലത്തേയും മികച്ച സ്പിന്നര്‍ ഞാനാണ്.

മുത്തയ്യ മുരളീധരന്‍ പോലും എന്റെ അഭിപ്രായത്തെ തള്ളിപ്പറയില്ല, കാരണം എനിക്കാണ് ഏറ്റവും മികച്ച എക്കോണമിയുള്ളത്. സുനില്‍ നരെയ്ന്‍ എന്റെ അടുത്ത് പോലും എത്തില്ല,’ ഗെയ്ല്‍ പറഞ്ഞു.

ടെസ്റ്റില്‍ 103 മത്സരങ്ങള്‍ കളിച്ച ഗെയ്ല്‍ 73 വിക്കറ്റാണ് പിഴുതെറിഞ്ഞത്. 2.63 എക്കോണമിയില്‍ പന്തെറിഞ്ഞ ഗെയ്‌ലിന്റെ ബെസ്റ്റ് ബൗളിങ് ഫിഗര്‍ 5/34 ആണ്.

ഏകദിനത്തില്‍ 4.78 എക്കോണമിയില്‍ 167 വിക്കറ്റും, ടി-20യില്‍ 7.62 എന്ന എക്കോണമിയില്‍ 83 വിക്കറ്റുമാണ് ഗെയ്ല്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം നടന്ന ടി-20 ലോകകപ്പിലാണ് ഗെയ്ല്‍ അവസാനമായി കരീബിയന്‍സിന് വേണ്ടി ജേഴ്‌സിയണിഞ്ഞത്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ താരം കളിക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

ക്രിക്കറ്റിന്റെ ഏറ്റവും പുതിയ രൂപമായ 6ഇറ്റിയില്‍ കളിക്കാനാണ് താരം തയ്യാറെടുക്കുന്നത്.

Content Highlight: West Indies super star Chris Gayle makes a bold statement about his bowling

We use cookies to give you the best possible experience. Learn more