| Friday, 24th June 2022, 12:35 pm

അതിനുള്ള മറുപടി നിന്റെ ഭാര്യ പറഞ്ഞു തരും; ചൊറിയാന്‍ പോയ മഗ്രാത്തിന്റെ വായടപ്പിച്ച കരീബിയന്‍ പുലിക്കുട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ പേസ് ബൗളറായിരുന്ന ഗ്ലെന്‍ മഗ്രാത്ത് ഒരിക്കല്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ വെച്ച് വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയാതെ പന്തെറിഞ്ഞ് ക്ഷീണിതനായി നില്‍ക്കെ, എതിര്‍ ടീമിലെ ഒരു യുവ ബാറ്ററെ ഒന്ന് ചൊടിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു ‘Hey p***y,what does Brian Lara’s d**k taste like?’.

‘Go and ask your wife’ തിരിച്ച് മഗ്രാത്തിന് നേരെ തന്റെ ശിരസ്സുയര്‍ത്തി ആ യുവതാരത്തില്‍ നിന്നും ഒരു കനത്ത മറുപടിയും.

ഏകദേശം തന്നേക്കാള്‍ 10 വയസിന് ഇളയതും, ഉയരത്തില്‍ ഒരടി കുറവുമുള്ള ആ യുവാവില്‍ നിന്നുമുള്ള മറുപടി കേട്ടപ്പോള്‍ മഗ്രാത്തിനെ അത് വല്ലാതെ ചൊടിപ്പിച്ചു. മാത്രവുമല്ല, മഗ്രാത്തിന്റെ ഭാര്യ ആ സമയം ക്യാന്‍സറുമായി പോരാടുകയുമായിരുന്നു.

‘If you f**king mention my wife again, I will rip your f**king throat aptart’ എന്നായിരുന്നു മഗ്രാത്തിന്റെ കനത്ത മറുപടി.

ഇത്തവണ ആ യുവാവ് വാക്കാല്‍ മറുപടി നല്‍കിയില്ല. പക്ഷെ, തന്റെ ബാറ്റുകൊണ്ട് മറുപടി നല്‍കാന്‍ തീരുമാനിച്ചു.

അതെ, മഗ്രാത്ത്, ലീ, ഗില്ലെസ്പി, ബിച്ചല്‍, മാക്ഗില്‍ എന്നിവരടങ്ങുന്ന വിഖ്യാത ഓസ്ട്രേലിയന്‍ ആക്രമണത്തെ അദ്ദേഹം ഇല്ലാതാക്കി.

മത്സരത്തില്‍ വിന്‍ഡീസ് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുമ്പോള്‍, നാലാം ഇന്നിങ്ങ്‌സിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസായ 418 റണ്‍സ് തന്റെ ടീം പിന്തുടര്‍ന്ന് നേടുമ്പോള്‍ 137 പന്തില്‍ നിന്നും 105 റണ്‍സിന്റെ തട്ടുതകര്‍പ്പന്‍ ഇന്നിങ്‌സുമായി ആ യുവ ബാറ്റര്‍ മഗ്രാത്തിന് മറുപടി കൊടുത്തു.

അത് മറ്റാരുമായിരുന്നില്ല, കരീബിയന്‍ ടീമിലെ ഏറ്റവും ടെക്‌നിക്കല്‍ മികവ് പുലര്‍ത്തിയ ബാറ്റര്‍മാരില്‍ ഒരാളായ രാം നരേഷ് സര്‍വനായിരുന്നു ആ യുവ ബാറ്റര്‍, ഒരു പക്കാ മാച്ച് വിന്നര്‍.

എന്നാല്‍, ഒരു വെസ്റ്റ് ഇന്‍ഡ്യന്‍ കളിക്കാരനായതുകൊണ്ടൊ എന്തൊ വേണ്ട പോലെ അയാള്‍ ശ്രദ്ധ നേടിയിട്ടില്ല എന്നാണ് തോന്നിയിട്ടുള്ളത്.

മിഡില്‍ ഓര്‍ഡറില്‍ തന്റെ പങ്കാളിയായിരുന്ന ശിവ്‌നരേന്‍ ചന്ദര്‍പോളുമൊത്ത്, ടെസ്റ്റ്/ഏകദിന ഭേദമന്യേ അണ്ടര്‍ പ്രഷറില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസിനെ കരകയറ്റിയ എത്രയോ ഇന്നിങ്ങ്‌സുകള്‍.

2004ലെ ഐ.സി.സി ചാമ്പ്യന്‍ ട്രോഫി വെസ്റ്റ് ഇന്‍ഡീസ് നേടുമ്പോഴൊക്കെ ടൂര്‍ണമെന്റില്‍ അതിനിര്‍ണായകമായ ഒരു പങ്കുവഹിച്ച ബാറ്ററായിരുന്നു സര്‍വന്‍.

അന്താരാഷ്ട്ര കരിയറിന്റെ അവസാന വര്‍ഷങ്ങളില്‍ അദ്ദേഹത്തിന് ബാറ്റിങ്ങില്‍ അത്ര ശോഭിക്കാന്‍ കഴിഞ്ഞില്ല. അതോടൊപ്പം ചില അച്ചടക്ക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിയും വന്നു. എങ്കിലും കരിയറിന്റെ ആദ്യ 10 വര്‍ഷക്കാലത്ത് ഒരു ബാറ്റിങ് ഹീറോ തന്നെയായിരുന്നു ഇദ്ദേഹം.

സാഹചര്യങ്ങള്‍ക്കനുസരിച്ച് ആക്രമണവും, പ്രതിരോധവും സര്‍വന്‍ തന്റെ ബാറ്റിങ്ങില്‍ സമന്വയിപ്പിച്ചു. സീം ട്രാക്കും, സ്പിന്‍ ട്രാക്കും അയാള്‍ക്ക് ഒരു പോലെയായി. ഒപ്പം ചില ബാറ്റിങ് റെക്കോര്‍ഡുകളിലും തന്റെ പേര് അയാള്‍ ചേര്‍ത്തുവെച്ചു.

അതെ, അയാള്‍ ഒരു ബാറ്റിങ് ഇതിഹാസം തന്നെയായിരുന്നു

ചിത്രത്തില്‍ : 2002ലെ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ ടൂറില്‍ ആദ്യ ഏകദിന മത്സരത്തില്‍ 283 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ അവസാന പന്തില്‍ ജയിക്കാന്‍ 3 റണ്‍സ് വേണ്ടിയിരിക്കെ, അജിത് അഗാര്‍ക്കറിനെ ബൗണ്ടറി കടത്തി വെസ്റ്റ് ഇന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ച്, പുറത്താകാതെ 83 റണ്‍സ് നേടിയ രാംനരേഷ് സര്‍വന്റെ വിന്നിങ് മൊമന്റില്‍ നിന്നും.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍ / ഷമീല്‍ സലാ

Content Highlight: West Indies star Ramnaresh Sarwan’s reply against Glen McGrath’s sledging

We use cookies to give you the best possible experience. Learn more