ബമ്പര്‍ ലോട്ടറി; ഇന്ത്യയ്ക്ക് എളുപ്പമാവും, കാരണം അവനിറങ്ങില്ല
Sports News
ബമ്പര്‍ ലോട്ടറി; ഇന്ത്യയ്ക്ക് എളുപ്പമാവും, കാരണം അവനിറങ്ങില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd July 2022, 8:10 pm

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് ഏകദിനവും അഞ്ച് ടി-20യുമാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയാണ് ആദ്യം നടക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടന്നത്. മൂന്ന് റണ്‍സിന് ഇന്ത്യ ജയിക്കുകയായിരുന്നു. ജൂലൈ 24 ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ കനത്ത തിരിച്ചടിയാണ് വെസ്റ്റ് ഇന്‍ഡീസിന് നേരിടേണ്ടി വന്നിട്ടുള്ളത്. കൊവിഡിനെ തുടര്‍ന്ന് മുന്‍ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ പുറത്തായതോടെയാണ് വിന്‍ഡീസ് പരുങ്ങലിലായത്.

വിന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘നിര്‍ഭാഗ്യവശാല്‍ ജേസണ്‍ ഹോള്‍ഡര്‍ കൊവിഡ് പോസിറ്റീവായിരിക്കുകയാണ്. അതുകൊണ്ട് അവന് മത്സരങ്ങള്‍ നഷ്ടമാവും. ബംഗ്ലാദേശിനെതിരെ കളിച്ചത് ഏറെക്കുറെ ഇവര്‍ തന്നെയാണ്,’ എന്നായിരുന്നു പൂരന്‍ പറഞ്ഞത്.

അതേസമയം, പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കരീബിയന്‍ പോരാട്ടം 305ല്‍ അവസാനിക്കുകയായിരുന്നു.

ഓപ്പണര്‍മാരായിരുന്നു ഇന്ത്യയുടെ കരുത്ത്. ശിഖര്‍ ധവാന്റെയും ശുഭ്മന്‍ ഗില്ലിന്റെയും ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ ഇന്ത്യ 119 റണ്‍ അടിച്ചിരുന്നു.54 പന്തില്‍ നിന്നും 63 റണ്‍സെടുത്ത് ഗില്‍ പുറത്തായെങ്കിലും ധവാന്‍ അടി തുടര്‍ന്നു.

99 പന്തില്‍ നിന്നും 97 റണ്‍സുമായി ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ കത്തിക്കയറിയപ്പോള്‍ ശ്രേയസ് അയ്യരുടെ മികച്ച ഇന്നിങ്‌സും ഇന്ത്യയ്ക്ക് തുണയായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ഓപ്പണര്‍ ഷായ് ഹോപ്പിനെ തുടക്കത്തിലേ നഷ്ടമായിരുന്നു. എന്നാല്‍ കൈല്‍ മയേഴ്സും ഷമാര്‍ ബ്രൂക്‌സും ചേര്‍ന്ന് വിന്‍ഡീസ് ഇന്നിങ്‌സിന് വേഗം കൂട്ടി.

പിന്നാലെയെത്തിയ ബ്രാന്‍ഡന്‍ കിങ്ങും അടിച്ച് കളിച്ചതോടെ വിന്‍ഡീസ് സ്‌കോര്‍ ഉയര്‍ന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയതോടെ വിന്‍ഡീസ് ഇന്നിങ്‌സിന്റെ വേഗത കുറയുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

അകീല്‍ ഹൊസൈനും റൊമാരിയോ ഷെപ്പേര്‍ഡും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം വിന്‍ഡീസിനെ ജയിപ്പിച്ചു എന്ന് തോന്നിച്ചെങ്കിലും ജയിക്കാനായില്ല. അവസാനം മൂന്ന് റണ്‍സിന് ഇന്ത്യ മത്സരം സ്വന്തമാക്കുകയായിരുന്നു.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. 24നാണ് പരമ്പരയിലെ രണ്ടാം മത്സരം. ഓവല്‍ തന്നെയാണ് വേദി.

 

Content Highlight: West Indies star player Jason Holder ruled out after testing positive for COVID-19