കോച്ച് കാല് പിടിക്കുകയോ യാചിക്കുകയോ ചെയ്യട്ടേ, ഒന്നും മിണ്ടാന്‍ പോണില്ലെന്ന് റസല്‍; വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റില്‍ പൊട്ടിത്തെറി
Sports News
കോച്ച് കാല് പിടിക്കുകയോ യാചിക്കുകയോ ചെയ്യട്ടേ, ഒന്നും മിണ്ടാന്‍ പോണില്ലെന്ന് റസല്‍; വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റില്‍ പൊട്ടിത്തെറി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th August 2022, 1:47 pm

വിന്‍ഡീസ് താരങ്ങള്‍ ദേശീയ ടീമില്‍ കളിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുകയാണെന്നും മറ്റ് ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാനാണ് താത്പര്യപ്പെടുന്നത് എന്നുള്ള വെസ്റ്റ് ഇന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സിന്റെ വാക്കുകളോട് പ്രതികരിച്ച് സൂപ്പര്‍ താരം ആന്ദ്രേ റസല്‍.

ഇത് സംഭവിക്കുമെന്ന് തനിക്കറിയാമായിരുന്നുവെന്നും എന്നാല്‍ താന്‍ ഒന്നും മിണ്ടാന്‍ പോകുന്നില്ല എന്നുമായിരുന്നു റസലിന്റെ പ്രതികരണം.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു ഇക്കാര്യത്തില്‍ റസല്‍ തന്റെ അമര്‍ഷം വ്യക്തമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കളിക്കാന്‍ താരങ്ങളോട് തനിക്ക് യാചിക്കാനാവില്ലെന്ന ഫില്‍ സിമ്മണ്‍സിന്റെ പ്രതികരണത്തെ കുറിച്ചുള്ള വാര്‍ത്ത ‘ഇത് സംഭവിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ മിണ്ടാതിരിക്കുകയാണ്’ എന്ന ക്യാപ്ഷനോടെ താരം പോസ്റ്റ് പങ്കുവെക്കുകയായിരുന്നു. ദേഷ്യം കൊണ്ട് ചുവന്നുതുടുത്ത മുഖമുള്ള ഇമോജിക്കൊപ്പമായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

കോച്ചിന്റെ പറച്ചില്‍ കരീബിയന്‍ താരത്തിന് അത്രകണ്ട് പിടിച്ചിട്ടില്ല എന്ന കാര്യമുറപ്പാണ്.

വെസ്റ്റ് ഇന്‍ഡീസ് ഒരുകാലത്ത് തങ്ങളുടെ കുത്തകയാക്കി വെച്ചിരുന്ന ടി-20 ഫോര്‍മാറ്റില്‍ ഒന്നിന് പിന്നാലെ ഒന്നായി തോല്‍ക്കാന്‍ തുടങ്ങിയതിന് പിന്നാലൊയിരുന്നു കോച്ചിന്റെ പ്രതികരണം.

പല താരങ്ങളും ഫിറ്റ്‌നെസ് ടെസ്റ്റിന് പോലും എത്താതിരിക്കുകയും ചെയ്തതോടെ വരാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ടീം സെലക്ഷനും അവതാളത്തിലായിരിക്കുകയാണ്.

വേള്‍ഡ് കപ്പിന് തന്നെ നോക്കണ്ട എന്ന് ആന്ദ്രേ റസല്‍ നേരത്തെ പറഞ്ഞിരുന്നു. ഒഷാനാ തോമസും എവിന്‍ ലൂയീസും ഇതുവരെ ഫിറ്റ്നെസ് ടെസ്റ്റിന് പോലും എത്തിയിട്ടില്ല. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ സുനില്‍ നരെയ്ന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ഇതിന് പിന്നാലെയാണ് സിമ്മണ്‍സ് ഇക്കാര്യത്തില്‍ തന്റെ അമര്‍ഷമറിയിച്ചത്.

‘ഇതോര്‍ത്ത് ഞാന്‍ വേദനിക്കുന്നു. മറ്റൊരു വഴിയും മുമ്പിലില്ല. പക്ഷേ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും? സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാന്‍ താരങ്ങളോട് ഞാന്‍ യാചിക്കണം എന്ന് എനിക്ക് തോന്നുന്നില്ല, അത് ചെയ്യുകയുമില്ല. നിങ്ങള്‍ക്ക് രാജ്യത്തെ പ്രതിനിധീകരിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ സ്വയം അവൈലബിളാക്കുമെന്ന് ഞാന്‍ കരുതുന്നു.

ജീവിതവും ജീവിത സാഹചര്യങ്ങളും മാറി. ആളുകള്‍ക്ക് മറ്റെവിടെയും പോവാനും കളിക്കാനും അത് വഴിയൊരുക്കിയിരിക്കുന്നു. അവര്‍ക്ക് വെസ്റ്റ് ഇന്‍ഡീസിനേക്കാള്‍ പ്രധാനം അതാണെങ്കില്‍ അവര്‍ അത് ചെയ്യട്ടെ,’ എന്നായിരുന്നു സിമ്മണ്‍സ് പറഞ്ഞത്.

റസലും നരെയ്‌നും നിലവില്‍ യു.കെയിലെ ദി ഹണ്‍ഡ്രഡ് ടി-20 ലീഗില്‍ കളിക്കുകയാണ്.

ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ് ബിയിലാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് നേടാന്‍ സാധിച്ചാല്‍ മാത്രമേ സൂപ്പര്‍ 12ല്‍ എത്താന്‍ സാധിക്കൂ.

കുഞ്ഞന്‍മാരെന്ന് വിലയിരുത്തപ്പെടുന്ന ടീമുകള്‍ക്കൊപ്പമാമെങ്കിലും വെസ്റ്റ് ഇന്‍ഡീസിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല. സിംബാബ്‌വേയും അയര്‍ലന്‍ഡും ഒപ്പം സ്‌കോട്ലാന്‍ഡുമാണ് ഗ്രൂപ്പിലുള്ളത്.

സിംബാബ്‌വേയുടെയും അയര്‍ലന്‍ഡിന്റെയും നിലവിലെ ഫോമും വെസ്റ്റ് ഇന്‍ഡീസിലെ പ്രതിസന്ധിയും കണക്കിലെടുത്താല്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് സൂപ്പര്‍ 12 കാണാതെ പുറത്താവേണ്ടി വരും.

 

Content Highlight: West Indies star Andre Russell slams coach Phil Simmons