25 വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം തട്ടകത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ ചരിത്രവിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഏകദിന പരമ്പര വിജയം കണ്ടതോടെ ഇനി അടുത്ത ലക്ഷ്യം ടി ട്വന്റി പരമ്പരയാണ്. പരമ്പരയോട് അനുബന്ധിച്ച് വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍ നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ടീമില്‍ തിരിച്ചെത്തുകയാണ്. അഞ്ച് മത്സരങ്ങളാണ് വെസ്റ്റ് ഇന്‍ഡീസിന് ഹോം ഗ്രൗണ്ടില്‍ ഉള്ളത്. അവസാനമായി റസല്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി 2021ല്‍ യു.എ.ഇയില്‍ നടന്ന ടി ട്വന്റി ലോകകപ്പ് ആയിരുന്നു കളിച്ചത്. ഇനി നടക്കാനുള്ള പരമ്പരയിലൂടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ അടുത്ത ടി ട്വന്റി ലോകകപ്പിലും തിരിച്ചു വരുമെന്നത് ഉറപ്പാണ്.
ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ഒ.ഡി.ഐയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച വിന്‍ഡീസ് യങ് ഓള്‍റൗണ്ടര്‍ മാത്യു ഫോര്‍ഡ് ടി ട്വന്റി പരമ്പരയിലെ സ്‌ക്വാഡിലും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ ഒ.ഡി.ഐ സീരീസ് നഷ്ടമായ ജയ്‌സണ്‍ ഹോള്‍ഡര്‍, നിക്കോളാസ് പൂരന്‍, കൈല്‍ മേയേഴ്‌സ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാലുവര്‍ഷമായി ടി ട്വന്റി മത്സരം കളിക്കാത്ത വിന്‍ഡീസ് താരം ഷെയര്‍ഫെന്‍ റൂതര്‍ഫോര്‍ഡിനെ സെലക്ടര്‍മാര്‍ തിരിച്ചു വിളിച്ചിട്ടുണ്ട്. വിന്‍ഡീസിന്റെ ഏകദിന ക്യാപ്റ്റന്‍ ഷായ് ഹോപ്പിനെ റോവ്‌മെന്‍ പവലിന്റ ഡെപ്യൂട്ടിയായി തെരഞ്ഞെടുത്തിട്ടുണ്ട്. ഡിസംബര്‍ 12ന് ബാര്‍ബഡോസിലാണ് പരമ്പര ആരംഭിക്കുന്നത്.
2023ലെ വെസ്റ്റ് ഇന്‍ഡീസിന്റെ അവസാന ടി ട്വന്റി പരമ്പരയാണിത്. അതിനാല്‍ 2024 ജൂണില്‍ യു.എസ്.എയിലും വെസ്റ്റിന്‍ഡീസിലും ഐ.സി.സി പുരുഷ ടി ട്വന്റി ലോകകപ്പ് നടക്കാനിരിക്കുകയാണ്. പരമ്പരക്ക് മുന്നോടിയായി വെസ്റ്റ് ഇന്‍ഡീസ് സെലക്ടര്‍ ഡബ്‌സ്മണ്ട് ഹെയ്ന്‍സ് സംസാരിച്ചിരുന്നു.
‘വരുന്ന ടൂര്‍ണമെന്റ് ഞങ്ങള്‍ക്ക് മികച്ച വിജയസാധ്യത നല്‍കുമെന്ന് കരുതുന്നു. ഞങ്ങള്‍ ഒരു ടീമിനെ തെരഞ്ഞെടുത്തിട്ടുണ്ട്, മത്സരത്തിനു മുമ്പായി ഞങ്ങള്‍ വിലയിരുത്തല്‍ തുടങ്ങും,’അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെയുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ ടി ട്വന്റി പരമ്പരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍.