സ്‌കോട്‌ലന്‍ഡിനോട് തോറ്റ് ലോകകപ്പില്‍ നിന്നും പുറത്തായതോടെ വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ പേസര്‍മാരായ ജേസണ്‍ ഹോള്‍ഡറും അല്‍സാരി ജോസഫും നാട്ടിലേക്ക് മടങ്ങി. ഇന്ത്യയുമായി കരീബിയന്‍ മണ്ണില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്കായി തയ്യാറെടുക്കാനാണ്, ഇരുവരും ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ശേഷിക്കുന്ന സൂപ്പര്‍ സിക്‌സ് മത്സരങ്ങള്‍ കളിക്കാതെ നാട്ടിലേക്ക് മടങ്ങുന്നത്.
ജൂലൈ അഞ്ചിന് ഒമാനെതിരെയും ജൂലൈ ഏഴിന് ശ്രീലങ്കക്കെതിരെയുമാണ് വെസ്റ്റ് ഇന്‍ഡീസിന് ഇനി മത്സരങ്ങളുള്ളത്. ഈ ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് അല്‍സാരി ജോസഫ് എട്ട് വിക്കറ്റും ജേസണ്‍ ഹോള്‍ഡര്‍ ആറ് വിക്കറ്റും നേടിയിരുന്നു.
വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ടീമിന് ഒത്തിണക്കത്തോടെ കളിക്കാനാവാത്തതും മോശം ഫോമും മാറ്റിനിര്‍ത്തിയാല്‍ മുറിവേറ്റ സിംഹങ്ങളെ പോലെയാണ് വിന്‍ഡീസ് ടീം ഇപ്പോള്‍. ഇന്ത്യക്കെതിരായ പരമ്പരയില്‍ മികച്ചൊരു തിരിച്ചുവരവ് അവര്‍ ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യക്കെതിരെ ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ഏറ്റുമുട്ടുന്നതിനായി ഒരുങ്ങാനാണ് ഇരുവരും ലക്ഷ്യമിടുന്നത്. ജൂലൈ 12നാണ് ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഇതിനോടകം കരീബിയന്‍ ദ്വീപിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് ടെസ്റ്റ്, ഏകദിന, അഞ്ച് ടി20 മത്സരങ്ങളും വിന്‍ഡീസില്‍ കളിക്കും.
ടീമിന്റെ ഭാവി മത്സരങ്ങള്‍ മുന്നില്‍ക്കണ്ടാണ് ഇരു സീനിയര്‍ താരങ്ങളെയും നാട്ടിലേക്ക് തിരിച്ചുവിളിച്ചതെന്ന് വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ സെലക്ടറായ ഡെസ്മണ്ട് ഹെയ്‌നസ് വിശദീകരിച്ചു. എല്ലാ ഫോര്‍മാറ്റുകളിലും മികവ് കാണിക്കുന്ന രണ്ട് പേസര്‍മാരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സീസണിനാണ് ഇതോടെ തുടക്കമാകുന്നത്. ഐ.സി.സി പുരുഷ ടെസ്റ്റ് ടീം റാങ്കിങ്ങില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഒന്നാം സ്ഥാനത്തും വെസ്റ്റ് ഇന്‍ഡീസ് എട്ടാം സ്ഥാനത്തുമാണ്.
കഴിഞ്ഞ രണ്ട് സീസണുകളിലും വെസ്റ്റ് ഇന്‍ഡീസിന് ഫൈനല്‍ യോഗ്യതയുടെ അടുത്തെത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. മറുവശത്ത് ഇന്ത്യ രണ്ട് തവണ ഡബ്ല്യു.ടി.സി ഫൈനലില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവലില്‍ ഓസ്ട്രേലിയയോട് 209 റണ്‍സിന് ടീം ഇന്ത്യ തോറ്റിരുന്നു.
Content Highlights: West Indies pacers return home to prepare for Test series against India