| Friday, 21st October 2022, 3:24 pm

ഐ.പി.എല്ലൊക്കെ ഒരു രാജ്യത്തെ തന്നെ നശിപ്പിക്കുന്നത് കണ്ടില്ലേ...

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 12 കാണാതെ വെസ്റ്റ് ഇന്‍ഡീസ് പുറത്തായിരിക്കുകയാണ്. ടി-20 ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏക മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരാണ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നാണം കെട്ട് പുറത്തായത്.

അയര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു കരീബിയന്‍ പടയുടെ തോല്‍വി. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 146 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റും 15 പന്തും ബാക്കിയിരിക്കെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഒരുകാലത്ത് കുട്ടി ക്രിക്കറ്റിന്റെ പര്യായമായിരുന്ന, ടോ ക്രിഷിങ് യോര്‍ക്കറുകളും ആകാശം തൊടുന്ന വമ്പന്‍ സിക്‌സറുകളുമായി കളം വാണിരുന്ന വെസ്റ്റ് ഇന്‍ഡീസ് ഇപ്പോള്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്.

വെസ്റ്റ് ഇന്‍ഡീസ് ഈ ലോകകപ്പില്‍ നിന്നും പുറത്തായതില്‍ ഐ.പി.എല്‍ പോലുള്ള ചില ഫ്രാഞ്ചൈസി ലീഗുകളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പേരെടുത്ത് പറയുകയാണെങ്കില്‍ ഹണ്‍ഡ്രഡ്‌സും പോലുള്ള ഫ്രാഞ്ചൈസി ലീഗുകളാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്ക്രറ്റ് ടീം ഈ ലോകകപ്പില്‍ നിന്നും പുറത്താവാന്‍ പരോക്ഷമായ കാരണമായത്.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിലെ പല സൂപ്പര്‍ താരങ്ങളും ദേശീയ ടീമിനേക്കാള്‍ പ്രധാന്യം ഇത്തരത്തിലുള്ള ഫ്രാഞ്ചൈസി ലീഗുകള്‍ക്ക് നല്‍കിയതോടെയാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ പതനം ആരംഭിച്ചത്.

ആന്ദ്രേ റസലും ലോകം കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായ സുനില്‍ നരെയ്‌നും അടക്കമുള്ള താരങ്ങള്‍ നാഷണല്‍ ടീമിനേക്കാള്‍ പ്രാധാന്യം ഇത്തരം ടി-20 ലീഗുകള്‍ക്ക് നല്‍കുകയായിരുന്നു.

ഇതിന് പിന്നാലെ കോച്ച് ഫില്‍ സിമ്മണ്‍സ് ഇവര്‍ക്കെതിരെ കര്‍ശന നിലപാടെടുക്കുകയും റസലും നരെയ്‌നുമടക്കമുള്ള പലരും ലോകകപ്പ് ടീമില്‍ നിന്നും പുറത്താവുകയുമായിരുന്നു.

ഇതുമാത്രമല്ല, ബാറ്റിങ്ങില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഷിംറോണ്‍ ഹെറ്റ്‌മെയറിനെ ടീമില്‍ നിന്നും ‘അകാരണമായി’പുറത്താക്കിയതും ശുദ്ധ തോന്ന്യവാസമായിരുന്നു. ഫ്‌ളൈറ്റ് മിസ്സായെന്ന കാരണത്തില്‍ താരത്തെ സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കിയ മാനേജ്‌മെന്റ് പോലും ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചുകാണില്ല.

ടൂര്‍ണമെന്റ് തുടങ്ങാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കെ ഫ്‌ളൈറ്റ് മിസ്സായി എന്ന കാരണത്താലാണ് താരം പുറത്തായത്. കരീബിയന്‍ നാടുകളില്‍ നിന്നും കൊല്ലത്തില്‍ ഒരിക്കല്‍ മാത്രമല്ലല്ലോ വിമാന സര്‍വീസ് ഉണ്ടാവുന്നത് എന്ന ആരാധകരുടെ ചോദ്യം വീണ്ടും ഉയരുകയാണ്.

ലോകകപ്പിന് ദിവസങ്ങളുണ്ടെന്നിരിക്കെ ഹെറ്റ്‌മെയറിന് ഓസ്‌ട്രേലിയയില്‍ എത്താന്‍ ഒരു പ്രയാസവും കാണില്ലായിരുന്നു. എന്നാല്‍ സ്‌ക്വാഡില്‍ നിന്നുതന്നെ പുറത്താക്കിയാണ് വിന്‍ഡീസ് ടീം പ്രതികാരം വീട്ടിയത്.

ഒരുകാലത്ത് ക്രിക്കറ്റിന്റെ രാജാക്കന്‍മാരായിരുന്ന വെസ്റ്റ് ഇന്‍ഡീസാണ് ഇപ്പോള്‍ മുട്ടിലിഴയുന്നത്. വിവിയന്‍ റിച്ചാര്‍ഡ്‌സും ക്ലൈവ് ലോയ്ഡും കൊളുത്തിവിട്ട ദീപശിഖ തൊട്ടടുത്ത ട്രാന്‍സിഷന്‍ പിരീഡുകളില്‍ ഏറ്റുവാങ്ങാന്‍ താരങ്ങള്‍ നിരവധിയായിരുന്നു.

തുടര്‍ന്നുവന്ന ഗെയ്‌ലും ചന്ദ്രപോളും പൊള്ളാര്‍ഡുമെല്ലാം തന്നെ ആ തീപ്പന്തം കെടാതെ സൂക്ഷിച്ചു. എന്നാല്‍ കൈമാറാന്‍ ആളില്ലാതെ ഇപ്പോള്‍ ആ ദീപശീഖ പതിയെ അണയുകയാണ്.

Content Highlight: West Indies out of Super 12 of 2022 T20 World Cup

We use cookies to give you the best possible experience. Learn more