ഏകദിന ക്രിക്കറ്റില്‍ രണ്ട് തവണ ലോക ചാമ്പ്യന്മാരായ പ്രതാപശാലികളായ കരീബിയന്‍ പട ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പുറത്തായി. ലോകകപ്പ് ക്വാളിഫയര്‍ മാച്ചില്‍ ദുര്‍ബലരായ സ്‌കോട്‌ലന്‍ഡിനോട് ഏഴ് വിക്കറ്റിന് തോറ്റാണ് വെസ്റ്റ് ഇന്‍ഡീസ് ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പിന് യോഗ്യത നേടാതെ പോകുന്നത്.
സിംബാബ്‌വെയില്‍ നടക്കുന്ന യോഗ്യതാ റൗണ്ടില്‍ കളിച്ച ആദ്യ രണ്ട് മത്സരങ്ങളും തോറ്റാണ് വിന്‍ഡീസ് നാണക്കേട് തലയിലെടുത്ത് വെച്ചിരിക്കുന്നത്. നിര്‍ണായകമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ടീം 181 റണ്‍സിന് പുറത്തായിരുന്നു. മറുപടിയായി ബാറ്റ് വീശിയ സ്‌കോട്ടിഷ് പട 6.3 ഓവര്‍ ശേഷിക്കെ ലക്ഷ്യം മറികടന്നു.
48 വര്‍ഷത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ വെസ്റ്റ് ഇന്‍ഡീസ് കളിക്കാത്ത ആദ്യ ലോകകപ്പാണ് ഇന്ത്യയില്‍ നടക്കാനിരിക്കുന്നത്. ക്വാളിഫയര്‍ റൗണ്ടില്‍ രണ്ട് വിജയങ്ങളുമായി ശ്രീലങ്കയും സിംബാബ്‌വെയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.
1975, 1979 ലോകകപ്പുകളില്‍ വിശ്വജേതാക്കളായിരുന്ന വിന്‍ഡീസിന് പിന്നീട് ഇന്നേവരെ ഏകദിന ലോകകപ്പില്‍ മുത്തമിടാന്‍ അവസരം ലഭിച്ചിട്ടില്ല.
ഇതിന് മുമ്പ് സിംബാബ്‌വെയോട് 35 റണ്‍സിന് പരാജയപ്പെട്ട വിന്‍ഡീസ് നെതര്‍ലന്‍ഡ്സിനെതിരെ 374 റണ്‍സിന്റെ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും പരാജയം ചോദിച്ചുവാങ്ങിയിരുന്നു.
ഒരുകാലത്ത് ഫാസ്റ്റ് പേസ് ക്രിക്കറ്റെന്നാല്‍ അത് വെസ്റ്റ് ഇന്‍ഡീസായിരുന്നു. ആകാശം തൊടുന്ന സിക്സറുകളും ഗ്രൗണ്ടിന്റെ ഒരു മൂല പോലും വിടാതെ പാഞ്ഞിരുന്ന ബൗണ്ടറികളും ടോ ക്രഷിങ് യോര്‍ക്കറുകളും മാന്ത്രികതയൊളിപ്പിച്ച സ്പിന്നുമെല്ലാം ആരാധകര്‍ക്ക് ഇന്ന് ഗതകാല സ്മൃതികള്‍ മാത്രമാണ്. മുന്‍ ലോക ചാമ്പ്യന്‍മാരുടെ പതനം ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം വേദനിപ്പിക്കുന്നതാണ്.
ടീമിന്റെ തോല്‍വിക്ക് കാരണം മാനേജ്‌മെന്റിന്റെ പരാജയം കൂടിയാണ്. 2007ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ വെച്ചായിയിരുന്നു ലോകകപ്പ് സംഘടിപ്പിച്ചത്. വന്‍തുക കടമെടുത്തുള്ള ലോകകപ്പ് ഒരുക്കങ്ങള്‍ അവരെ പിന്നീടുള്ള വര്‍ഷങ്ങളില്‍ വലിയ കടക്കെണിയിലേക്ക് തള്ളിവിട്ടു. പിന്നീട് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ ആകെ തകര്‍ച്ചക്ക് ഇതു വഴിയൊരുക്കി.