| Saturday, 3rd August 2019, 9:46 pm

കരീബിയന്‍ മണ്ണില്‍ ഇന്ത്യന്‍ ബൗളിങ് കരുത്ത്; വിന്‍ഡീസ് 20 ഓവറില്‍ നേടിയത് 95 റണ്‍സ്; അരങ്ങേറ്റത്തില്‍ പൊളിച്ചടുക്കി സെയ്‌നി

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്‌ളോറിഡ: വിവാദങ്ങള്‍ക്കിടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല തുടക്കം. വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അരങ്ങേറ്റക്കാരന്‍ നവ്ദീപ് സെയ്‌നിയുടെ നേതൃത്വത്തില്‍ വിന്‍ഡീസ് ബാറ്റിങ് നിരയെ ഇന്ത്യ എറിഞ്ഞിട്ടു.

20 ഓവര്‍ തികച്ച വിന്‍ഡീസിന് ആകെ നേടാനായത് 95 റണ്‍സാണ്. ഒമ്പത് വിക്കറ്റും നഷ്ടപ്പെട്ടു. ബൗളിങ്ങിനിറങ്ങിയ എല്ലാവര്‍ക്കും വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ തിളങ്ങിയത് സെയ്‌നിയാണ്.

നാലോവര്‍ എറിഞ്ഞ സെയ്‌നി 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടി. അതേസമയം ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ക്രുണാള്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ ബ്രോവേഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് ആനുകൂല്യം ബൗളര്‍മാര്‍ മുതലാക്കുകയും ചെയ്തു.

ഓപ്പണര്‍മാരായ ജോണ്‍ കാംപെല്ലിനെയും എവിന്‍ ലൂയിസിനെയും റണ്‍സെടുക്കുന്നതിനു മുന്‍പ് പറഞ്ഞയച്ച ബൗളര്‍മാര്‍ക്കു പിന്നില്‍ പിടിച്ചുനിന്നത് കീറന്‍ പൊള്ളാര്‍ഡും (49), നിക്കോളാസ് പൂറനും (20) മാത്രമാണ്. മറ്റാരും രണ്ടക്കം കടന്നില്ല.

നേരത്തേ രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും തമ്മില്‍ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ലോകകപ്പ് സെമിഫൈനലില്‍ പുറത്തുപോയതിനു ശേഷമായിരുന്നു ഇന്ത്യന്‍ ടീമിലെ വിഭാഗീയതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

Latest Stories

We use cookies to give you the best possible experience. Learn more