പരിക്കേറ്റ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ്ങിന് പകരം ലോകകപ്പിലെ ബാക്കിയുള്ള മത്സരങ്ങള്‍ കളിക്കുന്നതിനായി കൈല്‍ മയേഴ്‌സിനെ വിന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തി. ജൂണ്‍ 19ന് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിനിടയാണ് കിങ്ങിന് പരിക്ക് പറ്റിയത്. മത്സരത്തില്‍ 23 റണ്‍സ് നേടി നില്‍ക്കുകയായിരുന്നു താരത്തിന് പരിക്കേറ്റത്. ഇതിനു പിന്നാലെ മെഡിക്കല്‍ സ്റ്റാഫ് അംഗങ്ങള്‍ കിങ്ങിന് ചികിത്സ നല്‍കുകയും പരിക്ക് ഗുരുതരമാണെന്ന് മനസ്സിലാക്കുകയും താരം റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി മാറുകയുമായിരുന്നു.
2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഭാഗമായിരുന്നു കൈല്‍. എന്നാല്‍ താരത്തിന് ഐ.പി.എല്ലില്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ മെയില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നടന്ന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു മെയേഴ്‌സ് നടത്തിയത്. ആ പരമ്പരയില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും 102 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 159.38 സ്‌ട്രൈക്ക് റേറ്റില്‍ ആണ് താരം ബാറ്റ് വീശിയത്.
അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ നാലു മത്സരങ്ങളും വിജയിച്ചുകൊണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി കൊണ്ടായിരുന്നു കരീബിയന്‍ പട അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരുന്നത്. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ഏറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസിനെ കരകയറ്റാന്‍ മെയേഴ്‌സിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്. 21ന് യുഎസ്. എക്കെതിരെയും ജൂണ്‍ 23ന് സൗത്ത് ആഫ്രിക്കക്കെതിരെയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വരാനിരിക്കുന്ന മത്സരങ്ങള്‍.
2024-ലെ ടി20 ലോകകപ്പിനുള്ള മാറ്റങ്ങള്‍ വരുത്തിയ വെസ്റ്റ് ഇന്‍ഡീസ് ടീം
റോവ്മാന്‍ പവല്‍ (ക്യാപ്റ്റന്‍), അല്‍സാരി ജോസഫ്, ജോണ്‍സണ്‍ ചാള്‍സ്, റോസ്റ്റണ്‍ ചെയ്‌സ്, ഷിര്‍മോണ്‍ ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്പ്, അകീല്‍ ഹൊസൈന്‍, ഷാമര്‍ ജോസഫ്, ഗുഡാകേഷ് മോട്ടി, നിക്കോളാസ് പൂരന്‍, ആന്ദ്രെ റസല്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, കെയ്ല്‍ മെയേഴ്‌സ്.
Content Highlight: West Indies Include Kyle Mayers For the Replacement of Brandon King