ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പര വിജയിച്ചാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിളിന് തുടക്കം കുറിച്ചിരിക്കുന്നത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-0നാണ് ഇന്ത്യ സ്വന്തമാക്കിയത്.
മഴ മൂലം രണ്ടാം ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായത്.
ഈ പരമ്പര വിജയത്തിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ അണ്‍ ഡിഫീറ്റഡ് സ്ട്രീക് നിലനിര്‍ത്താനും രോഹിത് ശര്‍മക്കും സംഘത്തിനുമായി. 2002 മുതലിങ്ങോട്ട് ഇന്ത്യക്കെതിരെ ഒറ്റ പരമ്പരയോ എന്തിന് ഒറ്റ ടെസ്റ്റ് മത്സരമോ വിജയിക്കാന്‍ വിന്‍ഡീസിന് സാധിച്ചിട്ടില്ല.
2002ന് ശേഷം ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും 25 ടെസ്റ്റ് മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 15 തവണയും വിജയിച്ചത് ഇന്ത്യയായിരുന്നു. പത്ത് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചിരുന്നു. ഒമ്പത് സീരീസുകളാണ് ഇന്ത്യ സ്വന്തം മണ്ണിലും എതിരാളികളുടെ തട്ടകത്തില്‍ നിന്നുമായി സ്വന്തമാക്കിയത്.
2002 മുതലിങ്ങോട്ട് മാറി മാറി വന്ന ഒറ്റ ക്യാപ്റ്റന്‍മാര്‍ക്ക് പോലും ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ സാധിച്ചിട്ടില്ല. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് ആ ചരിത്രം മാറ്റിയെഴുതുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല
കാള്‍ ഹൂപ്പറിന്റെ ക്യാപ്റ്റന്‍സിയില്‍ 2002ലെ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് കരീബിയന്‍ പട അവസാനമായി ഇന്ത്യയോട് ഒരു ടെസ്റ്റ് മത്സരമോ ടെസ്റ്റ് പരമ്പരയോ വിജയിക്കുന്നത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1നാണ് കാള്‍ ഹൂപ്പറും സംഘവും വിജയിക്കുന്നത്. അവിടുന്നിങ്ങോട്ട് ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ മെന്‍ ഇന്‍ ബ്ലൂവിന്റെ ടോട്ടല്‍ ഡോമിനേഷനായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്.
വിന്‍ഡീസ് അവസാനമായി ഇന്ത്യയെ ടെസ്റ്റ് ഫോര്‍മാറ്റില്‍ പരാജയപ്പെടുത്തുമ്പോള്‍,
– മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ല
– സൗരവ് ഗാംഗുലിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ നായകന്‍
– സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പേരില്‍ 60 അന്താരാഷ്ട്ര സെഞ്ച്വറികള്‍ മാത്രം
– ടി-20 ഫോര്‍മാറ്റ് ഇനിയും രൂപപ്പെടുത്തിയിട്ടില്ല
– ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം അലന്‍ ബോര്‍ഡര്‍
– 1983യിലെ ലോകകപ്പല്ലാതെ ഇന്ത്യയുടെ പേരില്‍ ഒറ്റ കിരീടമില്ല
– വെസ്റ്റ് ഇന്‍ഡീസിനെ രണ്ട് തവണ ലോകചാമ്പ്യനാക്കിയ ഡാരന്‍ സമ്മിക്ക് 18 വയസ്, വിന്‍ഡീസിനായി അരങ്ങേറ്റവും നടത്തിയിരുന്നില്ല – എന്നതടക്കമുള്ള വസ്തുതകള്‍ ഇന്ത്യയുടെ ഡോമിനേഷന്‍ എത്രത്തോളമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്.
എന്നാല്‍, കുറച്ചുകാലമായി ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിന് മേല്‍ പുലര്‍ത്തുന്ന സമാഗ്രാധിപത്യത്തിന് സമാനമായിരുന്നു കരീബിയന്‍ പടയുടെ ഗോള്‍ഡന്‍ ഏജില്‍ ഇന്ത്യന്‍ ടീമിന്റെയും അവസ്ഥ.
1948 മുതല്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ടെങ്കിലും 1970 സീരീസിലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് ആദ്യമായി ഒരു മത്സരം വിജയിക്കുന്നത്. അഞ്ച് പരമ്പരകളില്‍ തുടര്‍ച്ചയായ പരാജയം നേരിട്ട ഇന്ത്യ ഒറ്റ ടെസ്റ്റടങ്ങിയ ഈ മത്സരം വിജയിച്ചതോടെ ആദ്യമായി പരമ്പരയും സ്വന്തമാക്കിയിരുന്നു.
Content Highlight: West Indies have not won a single Test against India since 2002