| Sunday, 2nd July 2023, 7:57 am

48 വര്‍ഷത്തെ ചരിത്രത്തിന് വിരാമം; കണ്ണീരണിഞ്ഞ് ലോയ്ഡിന്റെ പിന്മുറക്കാര്‍, ഒപ്പം കരഞ്ഞ് ക്രിക്കറ്റ് ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസ് ഇല്ലാത്ത ആദ്യത്തെ ഏകദിന ലോകകപ്പിനാകും ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ലോകകപ്പിന്റെ 48 വര്‍ഷത്തെ ചരിത്രത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഇല്ലാത്ത ഒരു ലോകകപ്പ് പോലും ഉണ്ടായിട്ടില്ല, ആ പതിവിന് കൂടിയാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.

രണ്ട് തവണ ലോകചാമ്പ്യന്‍മാരായ ടീമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് മേല്‍വിലാസത്തിനായി തപ്പിത്തടയുന്നത്. ക്ലൈവ് ലോയ്ഡിന്റെയും വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും കോട്ണി വാല്‍ഷിന്റെയും കേര്‍ട്‌ലി ആംബ്രോസിന്റെയും മാല്‍ക്കം മാര്‍ഷലിന്റെയും ബ്രയാന്‍ ലാറയുടെയും പിന്‍മുറക്കാര്‍ക്ക് പഴയ പ്രതാപത്തിലേക്ക് ഒരിക്കല്‍പ്പോലും വിന്‍ഡീസിനെ കൊണ്ടുചെല്ലാന്‍ സാധിച്ചിട്ടില്ല, അതിന് പ്രധാന കാരണം വിന്‍ഡീസിന്റെ മോശം മാനേജ്‌മെന്റും.

ലോകകപ്പിന്റെ ആദ്യ മൂന്ന് പതിപ്പുകളിലും ഫൈനലില്‍ പ്രവേശിച്ച, ആദ്യ രണ്ട് പതിപ്പുകളിലും ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പിനായി ക്വാളിഫയര്‍ കളിക്കേണ്ടി വരികയും യോഗ്യത ലഭിക്കാതെ പോവുകയും ചെയ്തതിന് ഉത്തരവാദികള്‍ ഏറെയാണ്. കരീബിയന്‍സ് ഇല്ലാത്ത ക്രിക്കറ്റിനെ ആസ്വദിക്കാന്‍ നിങ്ങള്‍ ശീലിക്കേണ്ടിയിരിക്കുന്നു എന്നാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പറയാതെ പറയുന്നത്.

ലോകകപ്പ് ആരംഭിച്ച 1975 മുതല്‍ ലോകകപ്പിലെ വിന്‍ഡീസിന്റെ പ്രകടനങ്ങള്‍

1975 – ചാമ്പ്യന്‍മാര്‍

1979 – ചാമ്പ്യന്‍മാര്‍

1983 – റണ്ണേഴ്‌സ് അപ്

1987 – ഗ്രൂപ്പ് ഘട്ടം

1992 – ഗ്രൂപ്പ് ഘട്ടം

1996 – സെമി ഫൈനല്‍

1999 – ഗ്രൂപ്പ് ഘട്ടം

2003 – ഗ്രൂപ്പ് ഘട്ടം

2007 – സൂപ്പര്‍ 8

2011 – ക്വാര്‍ട്ടര്‍ ഫൈനല്‍

2015 – ക്വാര്‍ട്ടര്‍ ഫൈനല്‍

2019 – ഗ്രൂപ്പ് ഘട്ടം

2023 – യോഗ്യത നേടിയില്ല

കഴിഞ്ഞ ദിവസം ഹരാരെയില്‍ നടന്ന മത്സരത്തില്‍ കുഞ്ഞന്‍ ടീമായ സ്‌കോട്‌ലാന്‍ഡിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് വിന്‍ഡീസിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് വിരാമമായത്. ഏഴ് വിക്കറ്റും 39 പന്തും ബാക്കി നില്‍ക്കവെയാണ് സ്‌കോട്‌ലാന്‍ഡ് വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് വെറും 181 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. വിന്‍ഡീസ് നിരയിലെ പലരും ഡക്കായും ഇരട്ടയക്കം കാണാതെയും പവലിയനിലേക്ക് തിരികെ നടന്നു.

79 പന്തില്‍ നിന്നും 45 റണ്‍സ് നേടിയ ജേസണ്‍ ഹോള്‍ഡറും 43 പന്തില്‍ നിന്നും 36 റണ്‍സ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡുമാണ് വെസ്റ്റ് ഇന്‍ഡീസിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.

സ്‌കോട്ടിഷ് പടയ്ക്കായി ബ്രാന്‍ഡന്‍ മക്മുള്ളന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍ക് വാട്ട്, ക്രിസ് ഗ്രീവ്‌സ്, ക്ലിസ് സോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സാഫിയാന്‍ ഷരിഫാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

182 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ സ്‌കോട്‌ലാന്‍ഡ് ബ്രാന്‍ഡന്‍ മക്മുള്ളന്റെയും വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസിന്റെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ അനായാസ വിജയം പിടിച്ചടക്കുകയായിരുന്നു.

Content Highlight: West Indies failed to Qualify for ICC ODI World Cup 2023

We use cookies to give you the best possible experience. Learn more