ആകെ അടിച്ചത് പത്ത് സിക്‌സര്‍, എന്നാല്‍ അടിച്ചുകൂട്ടിയതാകട്ടെ 339 റണ്‍സും 🔥 🔥; 'പൂരന്റെ ഹോപ്പില്‍' വിജയം 101 റണ്‍സിന്
World Cup 2023
ആകെ അടിച്ചത് പത്ത് സിക്‌സര്‍, എന്നാല്‍ അടിച്ചുകൂട്ടിയതാകട്ടെ 339 റണ്‍സും 🔥 🔥; 'പൂരന്റെ ഹോപ്പില്‍' വിജയം 101 റണ്‍സിന്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd June 2023, 10:27 pm

ഐ.സി.സി ഏകദിന വേള്‍ഡ് കപ്പ് 2023ന്റെ ക്വാളിഫയര്‍ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്തെറിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 101 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്.

ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെയും സൂപ്പര്‍ താരം നിക്കോളാസ് പൂരന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് വിന്‍ഡീസ് പടുകൂറ്റന്‍ സ്‌കോറിലേക്കുയര്‍ന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് കൈല്‍ മയേഴ്‌സിനെയും ജോണ്‍സണ്‍ ചള്‍സിനെയും തുടക്കത്തിലേ നഷ്ടമായിരുന്നു. നാല് പന്തില്‍ നിന്നും ഒറ്റ റണ്‍സുമായി മയേഴ്‌സ് പുറത്തായപ്പോള്‍ ചാള്‍സ് ആറ് പന്ത് നേരിട്ട് റണ്ണൊന്നും നേടാതെ മടങ്ങി.

ടീം സ്‌കോര്‍ 55ല്‍ നില്‍ക്കവെ ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ്ങും പുറത്തായി. 42 പന്തില്‍ നിന്നും 32 റണ്‍സ് നേടിയാണ് കിങ് മടങ്ങിയത്.

നാലാമനായി ക്യാപ്റ്റന്‍ ഷായ് ഹോപ്പും അഞ്ചാം നമ്പറില്‍ നിക്കോളാസ് പൂരനുമെത്തിയതോടെ മത്സരം വിന്‍ഡീസിന്റെ വരുതിയിലായി. ഒന്നിന് പിന്നാലെ ഒന്ന് എന്ന് നിലയില്‍ ഹരാരെയില്‍ ബൗണ്ടറികള്‍ പിറന്നുകൊണ്ടിരുന്നു.

55ാം റണ്‍സില്‍ ക്രീസിലെത്തിയ ഈ കൂട്ടുകെട്ട് തകരുന്നത് 271ാം റണ്‍സിലാണ്. മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നാണിത്. നിക്കോളാസ് പൂരനെ പുറത്താക്കി ദീപേന്ദ്ര സിങ് ഐറിയാണ് ഈ പാര്‍ട്ണര്‍ഷിപ്പിന് അന്ത്യമിട്ടത്.

94 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടെ 115 റണ്‍സാണ് പൂരന്റെ ബാറ്റില്‍ നിന്നും പറന്നത്.

പിന്നാലെയെത്തിയ റോവ്മന്‍ പവലിനെ കൂട്ടുപിടിച്ചായി ഹോപ്പിന്റെ വെടിക്കെട്ട്. ടീം സ്‌കോര്‍ 310 നില്‍ക്കവെ 14 പന്തില്‍ നിന്നും 29 റണ്‍സ് നേടിയ പവല്‍ പുറത്തായപ്പോള്‍ ജേസണ്‍ ഹോള്‍ഡറായി ക്യാപ്റ്റന്റെ പങ്കാളി.

ഒടുവില്‍ അവസാന ഓവറിലെ രണ്ടാം പന്തില്‍ ലളിത് രാജ്ബംശിയുടെ പന്തില്‍ ഭീം ഷാര്‍കിക്ക് ക്യാച്ച് നല്‍കിയാണ് ഹോപ് മടങ്ങിയത്.

129 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയും മൂന്ന് സിക്‌സറുമായി 132 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ ഹോപ്പിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

ഇന്നിങ്‌സില്‍ 27 ബൗണ്ടറികളും പത്ത് സിക്‌സറുകളുമാണ് വിന്‍ഡീസ് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്. ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 339 റണ്‍സ് എന്ന നിലയിലാണ് കരീബിയന്‍സ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

നേപ്പാളിനായി ലളിത് രാജ്ബംശി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കരണ്‍ കെ.സി. ഗുല്‍സന്‍ ഝാ, സന്ദീപ് ലാമിഷാന്‍, ദീപേന്ദ്ര സങ് ഐറി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിനും ആദ്യ രണ്ട് വിക്കറ്റുകള്‍ തുടക്കത്തിലേ നഷ്ടമായിരുന്നു. അഞ്ച് റണ്‍സ് നേടിയ കുശാല്‍ ഭര്‍ടലും വണ്‍ ഡൗണായി ക്രീസിലെത്തി രണ്ട് റണ്‍സ് മാത്രം നേടി പുറത്തായ ഭീം ഷാര്‍കിയും ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചു.

63 റണ്‍സ് നേടിയ ആരിഫ് ഷെയ്ഖ്, 42 റണ്‍സടിച്ച ഗുല്‍സന്‍ ഝാ, 30 റണ്‍സ് നേടി ക്യപ്റ്റന്‍ രോഹിത് പൗഡല്‍ എന്നിവര്‍ ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ വിന്‍ഡീസ് ബൗളര്‍മാര്‍ മത്സരം കൈവിട്ടുപോകാതെ സൂക്ഷിച്ചു.

ഒടുവില്‍ 49.4 ഓവറില്‍ 238 റണ്‍സിന് നേപ്പാള്‍ പോരാട്ടം അവസാനിപ്പിച്ചു.

വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അല്‍സാരി ജോസഫ്, കീമോ പോള്‍, അകീല്‍ ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. കൈല്‍ മയഴ്‌സാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

വിജയത്തിന് പിന്നാലെ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്താനും വിന്‍ഡീസിനായി. രണ്ട് മത്സരവും വിജയിച്ച് നാല് പോയിന്റോടെയാണ് കരീബിയന്‍സ് സിംബാബ്‌വേയില്‍ നിന്നും ഒന്നാം സ്ഥാനം പിടിച്ചടക്കിയത്. ഷെവ്‌റോണ്‍സിനും നാല് പോയിന്റാണെങ്കിലും മികച്ച റണ്‍ റേറ്റാണ് വിന്‍ഡീസനെ മുമ്പിലെത്തിച്ചത്.

ജൂണ്‍ 24നാണ് വിന്‍ഡീസിന്റെ അടുത്ത മത്സരം. ഹരാരെയില്‍ നടക്കുന്ന മത്സരത്തില്‍ സിംബാബ്‌വേയാണ് എതിരാളികള്‍.

 

Content Highlight: West Indies Defeates Nepal