Sports News
വിന്‍ഡീസിനെ രണ്ട് തവണ ലോകചാമ്പ്യന്‍മാരാക്കിയവനാണ്, ആ വരവ് വെറുതെയാകില്ല; നിലവിലെ ചാമ്പ്യന്‍മാരെ തകര്‍ത്ത് കുതിക്കുന്നു
ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടി-20യിലും തകര്‍പ്പന്‍ വിജയവുമായി കരീബിയന്‍സ്. നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് റണ്‍സിനാണ് ആതിഥേയര്‍ വിജയിച്ചുകയറിയത്. ഇതോടെ 2-0ന് മുമ്പിലെത്താനും വെസ്റ്റ് ഇന്‍ഡീസിനായി.
ഗ്രനഡയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മോശമല്ലാത്ത തുടക്കമാണ് വെസ്റ്റ് ഇന്‍ഡീസിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 43 റണ്‍സാണ് ബ്രാന്‍ഡന്‍ കിങ്ങും കൈല്‍ മയേഴ്‌സും കൂട്ടിച്ചേര്‍ത്തത്. 16 പന്തില്‍ 17 റണ്‍സ് നേടിയ കൈല്‍ മയേഴ്‌സിനെ പുറത്താക്കി ക്രിസ് വോക്‌സാണ് കൂട്ടുകെട്ട് പൊളിച്ചത്.
43ന് ഒന്ന് എന്ന നിലയില്‍ നിന്നും 54ന് നാല് എന്ന നിലയിലേക്ക് വിന്‍ഡീസ് വീണു. നിക്കോളാസ് പൂരന്‍ അഞ്ച് പന്തില്‍ അഞ്ച് റണ്‍സ് നേടി മടങ്ങിയപ്പോള്‍ ഷായ് ഹോപ്പ് ഒന്നും ഷിംറോണ്‍ ഹെറ്റ്‌മെയര്‍ രണ്ടും റണ്‍സ് നേടി പുറത്തായി.
എന്നാല്‍ ആറാം നമ്പറില്‍ ക്യാപ്റ്റന്‍ റോവ്മന്‍ പവലെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. കിങ്ങും പവലും സ്‌കോര്‍ ഉയര്‍ത്താന്‍ മത്സരിച്ചതോടെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വിയര്‍ത്തു.
ടീം സ്‌കോര്‍ 134ല്‍ നില്‍ക്കവെ 28 പന്തില്‍ 50 റണ്‍സ് നേടിയ പവല്‍ പുറത്തായി. മൂന്ന് ഫോറും അഞ്ച് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഏഴാമനായി എത്തിയ ആന്ദ്രേ റസലിനെ ഒരറ്റത്ത് നിര്‍ത്തി കിങ് അടി തുടര്‍ന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ വിന്‍ഡീസ് ഏഴ് വിക്കറ്റിന് 176 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചപ്പോള്‍ ഒരുവശത്ത് പുറത്താകാതെ കിങ് നിലയുറപ്പിച്ചിരുന്നു.
52 പന്തില്‍ നിന്നും പുറത്താകാതെ 82 റണ്‍സാണ് കിങ് നേടിയത്. ഏഞ്ച് സിക്‌സറും എട്ട് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഇംഗ്ലണ്ടിനായി ആദില്‍ റഷീദും ടൈമല്‍ മില്‍സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ക്രിസ് വോക്‌സ്, രെഹന്‍ അഹമ്മദ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് സ്‌കോര്‍ ബോര്‍ഡില്‍ ഡബിള്‍ ഡിജിറ്റ് കാണും മുമ്പ് തന്നെ ക്യാപ്റ്റന്‍ ജോസ് ബട്‌ലറിനെ നഷ്ടമായിരുന്നു ഏഴ് പന്തില്‍ അഞ്ച് റണ്‍സാണ് താരം നേടിയത്.
ഫില്‍ സോള്‍ട്ടും വില്‍ ജാക്‌സും ചേര്‍ന്ന് ചെറുത്തുനില്‍പിന് ശ്രമിച്ചു. സോള്‍ട്ട് 34 പന്തില്‍ 25 റണ്‍സ് നേടിയപ്പോള്‍ 21 പന്തില്‍ 24 റണ്‍സാണ് വില്‍ ജാക്‌സ് നേടിയത്.
അര്‍ധ സെഞ്ച്വറി നേടിയ സാം കറന്റെ ഇന്നിങ്‌സ് ഇംഗ്ലണ്ടിന് തുണയാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാന്‍ സാധിച്ചത്.
ഡാരന്‍ സമിയുടെ കോച്ചിങ്ങിന് കീഴില്‍ മികച്ച പ്രകടനമാണ് വിന്‍ഡീസ് പുറത്തെടുക്കുന്നത്. നേരത്തെ ഏകദിന പരമ്പര സ്വന്തമാക്കിയ വിന്‍ഡീസ് ഇപ്പോള്‍ ടി-20 പരമ്പരയും ലക്ഷ്യം വെക്കുകയാണ്.
അഞ്ച് ടി-20കളടങ്ങിയ പരമ്പരയിലെ മൂന്നാം മത്സരം ഡിസംബര്‍ 16നാണ് അരങ്ങേറുന്നത്. നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
Content highlight: West Indies defeated England in second T20