| Monday, 4th December 2023, 2:58 pm

ചെയ്‌സ് ചെയ്ത് ജയിച്ചത് മുന്‍ ലോകചാമ്പ്യന്‍മാരുടെ 325; നിങ്ങളെങ്ങനെ ലോകകപ്പിന് യോഗ്യത നേടാതെ പോയി?

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ആതിഥേയര്‍ക്ക് തകര്‍പ്പന്‍ ജയം. നാല് വിക്കറ്റിനാണ് വിന്‍ഡീസ് വിജയിച്ചുകയറിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും വെസ്റ്റ് ഇന്‍ഡീസിനായി.

സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഓപ്പണര്‍മാരായ ഫില്‍ സോള്‍ട്ടും വില്‍ ജാക്‌സും മോശമല്ലാത്ത തുടക്കം സമ്മാനിച്ചപ്പോള്‍ പിന്നാലെ വന്നവര്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തി.

ടീം സ്‌കോര്‍ 77ല്‍ നില്‍ക്കവെ ഓപ്പണര്‍മാര്‍ രണ്ട് പേരും മടങ്ങി. 28 പന്തില്‍ 45 റണ്‍സടിച്ച ഫില്‍ സോള്‍ട്ടിനെ ഗുഡാകേഷ് മോട്ടി പുറത്താക്കിയപ്പോള്‍ 24 പന്തില്‍ 26 റണ്‍സടിച്ച വില്‍ ജാക്‌സിനെ അല്‍സാരി ജോസഫും മടക്കി.

പിന്നാലെയെത്തിയ സാക്ക് ക്രോളി, ഹാരി ബ്രൂക്ക്, സാം കറന്‍ എന്നിവര്‍ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തതോടെ ഇംഗ്ലണ്ട് സ്‌കോര്‍ 300 കടന്നു. 72 പന്തില്‍ 71 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ 325ന് ഇംഗ്ലണ്ട് ഓള്‍ ഔട്ടാവുകയായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനായി ഗുഡാകേഷ് മോട്ടി, ഒഷാനെ തോമസ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അല്‍സാരി ജോസഫും യാനിക് കരിയയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

326 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റ് വീശിയ വിന്‍ഡീസിനായി ഓപ്പണര്‍മാര്‍ ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 65 പന്തില്‍ 66 റണ്‍സ് നേടിയ അലിക് അത്തനാസിനെ പുറത്താക്കി രെഹന്‍ അഹമ്മദാണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക് ത്രൂ നല്‍കിയത്.

104ല്‍ നില്‍ക്കവെ അത്തനാസിനെ നഷ്ടമായ വിന്‍ഡീസിന് 106ല്‍ നില്‍ക്കവെ രണ്ടാം ഓപ്പണറായ ബ്രാന്‍ഡന്‍ കിങ്ങിനെയും നഷ്ടമായി. 44 പന്തില്‍ 35 റണ്‍സടിച്ച് ക്രീസില്‍ തുടരവെ ലിയാം ലിവിങ്സ്റ്റണാണ് കിങ്ങിനെ മടക്കിയത്.

നാലാം വിക്കിറ്റില്‍ ക്യാപ്റ്റന്‍ ഷായ് ഹോപ് എത്തിയതോടെ കളി വിന്‍ഡീസിന്റെ കൈകളിലായി. ഇതിഹാസ താരം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ പേരിലുള്ള ഗ്രൗണ്ടില്‍ ഒന്നിന് പിന്നാലെ ഒന്നായി ഹോപ് സിക്‌സറടിച്ചുകൂട്ടി.

ഏഴ് സിക്‌സറും നാല് ഫോറും ഉള്‍പ്പടെ 83 പന്തില്‍ പുറത്താകാതെ 109 റണ്‍സടിച്ചാണ് ഹോപ് കരീബിയന്‍സിന്റെ ഹോപ്പായത്.

റൊമാരിയോ ഷെപ്പേര്‍ഡ് (28 പന്തില്‍ 48), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (30 പന്തില്‍ 32) എന്നിവരും ആഞ്ഞടിച്ചപ്പോള്‍ ഏഴ് പന്തും നാല് വിക്കറ്റും ശേഷിക്കെ ത്രീ ലയണ്‍സ് അടിച്ചെടുത്ത 325 റണ്‍സിന്റെ ടോട്ടല്‍ ആതിഥേയര്‍ മറികടന്നു.

ഇംഗ്ലണ്ടിനായി രെഹന്‍ അഹമ്മദ്, ഗസ് ആറ്റ്കിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ലിയാം ലിവിങ്‌സ്റ്റണും ബ്രൈഡന്‍ ക്രേസും ഓരോ വിക്കറ്റും നേടി.

ഡിസംബര്‍ ആറിനാണ് പരമ്പരയിലെ രണ്ടാം മത്സരം. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയം തന്നെയാണ് വേദി. ഈ മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് വിന്‍ഡീസ് ഒരുങ്ങുന്നത്.

Content Highlight: West Indies defeated England

We use cookies to give you the best possible experience. Learn more