| Tuesday, 4th October 2022, 8:22 am

എന്നാലും ഇതൊരു വല്ലാത്ത പുറത്താകലായി പോയി; രാജസ്ഥാന്‍ റോയല്‍സ് താരം ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഒഴിവായ കഥ കേട്ട് കണ്ണുതള്ളി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ദേശീയ ടീമുകളില്‍ നിന്ന് കായികതാരങ്ങള്‍ പുറത്താകുന്നതിന് പല കാരണങ്ങളുമുണ്ടാകാം. പരിക്ക്, ഫോമില്ലായ്മ, ഒരേ പൊസിഷനില്‍ മികച്ച പെര്‍ഫോമന്‍സ് നടത്തുന്നവര്‍ എന്തിന് ചരടുവലികളും ക്രിക്കറ്റ് ബോര്‍ഡ് പൊളിറ്റിക്‌സും തുടങ്ങി പലതും ആ കാരണങ്ങളില്‍ വരാം.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് താരമായ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്നും പുറത്തായതിനുള്ള കാരണം കേട്ടാല്‍ ആരുമൊന്ന് പുരികം വളക്കും. ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയയിലേക്കുള്ള ഫ്‌ളൈറ്റ് മിസായതാണ് ഷിംറോണ്‍ ടീമില്‍ നിന്നും പുറത്താകാനുള്ള ആ കാരണം.

ഒക്ടോബര്‍ 16ന് മുതലാണ് പുരുഷ ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇതിന് മുന്‍പ് വെസ്റ്റ് ഇന്‍ഡീസ്-ഓസ്‌ട്രേലിയ ടി20 പരമ്പര നടക്കുന്നുണ്ട്. ഒക്ടോബര്‍ അഞ്ചിനാണ് ആദ്യ മത്സരം. അതുകൊണ്ട് തന്നെ, കരീബിയന്‍ പ്രീമിയര്‍ ലീഗ് ശനിയാഴ്ച അവസാനിച്ചതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഓസ്‌ട്രേലിയിലേക്ക് എത്താന്‍ തുടങ്ങിയിരുന്നു.

ഒക്ടോബര്‍ ഒന്നിനായിരുന്നു ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്ക് ഓസ്‌ട്രേലിയയിലേക്കുള്ള ഫ്‌ളൈറ്റ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ചില വ്യക്തിപരമായ ആവശ്യങ്ങളുള്ളതിനാല്‍ അന്ന് പോകാനാകില്ലെന്ന് ഷിംറോണ്‍ അറിയിച്ചതിനെ തുടര്‍ന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ഒക്ടോബര്‍ മൂന്നിലേക്ക് റീഷെഡ്യൂള്‍ ചെയ്തു.

എന്നാല്‍ മൂന്നാം തിയതി കൃത്യസമയത്ത് എയര്‍പോര്‍ട്ടിലെത്താന്‍ കഴിഞ്ഞില്ലെന്ന് ഹെറ്റ്‌മെയര്‍ പിന്നീട് അറിയിച്ചു. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ജിമ്മി ആഡംസ് താരത്തെ ടീമില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

മൂന്നാം തിയതിയും എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമിലുണ്ടാകില്ലെന്ന് ഹെറ്റ്‌മെയറെ നേരത്തെ തന്നെ അറിയിച്ചിരുന്നെന്നും ആഡംസ് പറഞ്ഞു.

ഷമാറ ബ്രൂക്‌സ് ആണ് ഹെറ്റ്‌മെയര്‍ക്ക് പകരം ടീമിലെത്തുന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബ്രൂക്‌സ് ചാമ്പ്യന്മാരായ ജമൈക്ക തലാവാഹ്‌സ് ടീം അംഗം കൂടിയാണ്.

‘ലോകകപ്പ് സ്‌ക്വാഡിലേക്ക് ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്ക് പകരം ഷംറാ ബ്രൂക്‌സിനെ ടീമിലേക്ക് കൊണ്ടുവരാനുള്ള സെലക്ഷന്‍ പാനല്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഹെറ്റ്‌മെയറുടെ ഫ്‌ളൈറ്റ് ശനിയാഴ്ചയില്‍ നിന്നും തിങ്കളാഴ്ചയിലേക്ക് റീഷെഡ്യൂള്‍ ചെയ്തത്,

അപ്പോള്‍ തന്നെ തിങ്കളാഴ്ചയും എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമില്‍ നിന്നും ഒഴിവാക്കേണ്ടി വരുമെന്ന് അറിയിച്ചിരുന്നു. ഏറെ പ്രധാനപ്പെട്ട ഈ മത്സരത്തിന് വേണ്ടി തയ്യാറെടുക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ടീമിന്റെ കഴിവിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും ഞങ്ങള്‍ക്ക് സ്വീകരിക്കാനാവില്ല,’ വെസ്റ്റ് ഇന്‍ഡീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എന്തായാലും ഹെറ്റ്‌മെയറുടെ ഫ്‌ളൈറ്റ് മിസായതില്‍ ഭാഗ്യം കിട്ടിയത് ബ്രൂക്‌സിനാണ്. പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനമാണ് ബ്രൂക്‌സ് നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഹെറ്റ്‌മെയര്‍ക്ക് പകരക്കാരനായി താരം എത്തുന്നതില്‍ വലിയ വിമര്‍ശനങ്ങളുയര്‍ന്നിട്ടില്ല.

സി.പി.എല്ലില്‍ 8 മാച്ചുകളില്‍ നിന്നായി 241 റണ്‍സ് അടിച്ചുകൂട്ടിയ ബ്രൂക്‌സ് 153.50 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് നിലവിലുള്ളത്.

ഹെറ്റ്‌മെയര്‍ക്ക് പകരം ബ്രൂക്‌സ് എത്തിയതിന് പിന്നാലെ സി.പി.എല്ലിലെ ക്വാളിഫയര്‍ റൗണ്ടിലെ ഒരു മത്സരം കൂടിയാണ് ക്രിക്കറ്റ് പ്രേമികളുടെ മനസിലെത്തുന്നത്. ആ മാച്ചില്‍ ഹെറ്റ്‌മെയര്‍ ക്യാപ്റ്റനായ ഗ്വായാന ആമസോണ്‍ വാരിയേഴ്‌സിനെതിരെ ഒരു കിടിലന്‍ സെഞ്ച്വറി നേടിയിരുന്നു.

അതേസമയം രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായ ഹെറ്റ്മെയര്‍ പുറത്തായ കഥ കേട്ട് കണ്ണുതള്ളിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. ഇങ്ങനെയൊരു പുറത്താകല്‍ ക്രിക്കറ്റില്‍ അപൂര്‍വമായിരിക്കുമെന്നാണ് പലരുടെയും കമന്‍റുകള്‍.

Content Highlight: West Indies cricketer dropped out of T20 team for missing flight to Australia

We use cookies to give you the best possible experience. Learn more