ലോകക്രിക്കറ്റിന്റെ എക്കാലത്തേയും സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് ക്രിസ് ഗെയ്ല്‍. വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ഗെയ്ല്‍ ക്രിക്കറ്റ് ലോകത്ത് അറിയപ്പെട്ടിരുന്നത് യൂണിവേഴ്‌സല്‍ ബോസ് എന്ന പേരിലാണ്. ഇപ്പോഴും ക്രീസിന്റെ ഒരറ്റത്ത് ഗെയ്ല്‍ നില്‍ക്കുമ്പോള്‍ ഏതൊരു ടീമിന്റെ ബൗളിങ്ങ് നിരയും ഒന്ന് പതറും.
എന്നാല്‍ 42 വയസുകാരനായ ക്രിസ് ഗെയ്ല്‍ തന്റെ കരിയറിന്റെ അവസാനകാലത്ത് എത്തിനില്‍ക്കുകയാണ്. വിന്‍ഡീസ് ക്രിക്കറ്റിന് വേണ്ടി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ താരത്തെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അവഗണിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
ഗെയ്‌ലിന് അര്‍ഹമായ വിരമിക്കലിന് അവസരം നല്‍കില്ലെന്ന വാശിയിലാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിന് അര്‍ഹമായ യാത്രയയപ്പ് തന്നെ നല്‍കുമെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ തലവന്‍ പറയുന്നുണ്ടെങ്കിലും, നാട്ടില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയില്‍ താരത്തെ ടീമില്‍ എടുക്കാന്‍ സെലക്ടര്‍മാര്‍ കൂട്ടാക്കിയില്ല.
ഇംഗ്ലണ്ടിനും അയര്‍ലന്റിനും എതിരെ നാട്ടില്‍ നടക്കുന്ന ക്രിക്കറ്റ് പരമ്പരയിലാണ് സെലക്ടര്‍മാര്‍ താരത്തെ തഴഞ്ഞിരിക്കുന്നത്. ആദ്യ രണ്ടു മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഗെയ്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ജനുവരിയില്‍ വെസ്റ്റ് ഇന്‍ഡീസ് ആറ് ട്വന്റി-20 മത്സരവും മൂന്ന് ഏകദിനവുമടക്കം ഒമ്പത് മത്സരം കളിക്കുന്നുണ്ട്.
കിംഗ്സ്റ്റണിലെ സബീന പാര്‍ക്കില്‍ അയര്‍ലന്റിനെതിരയുള്ള മത്സരം ഗെയിലിന് വിരമിക്കല്‍ മത്സരമാകുമെന്നാണ് ആരാധകര്‍ കരുതിയിരുന്നു, പക്ഷെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു.
‘ഗെയ്ല്‍ വളരെ മികച്ച കളിക്കാരനാണ്, അയാള്‍ എല്ലാ ആദരവും അര്‍ഹിക്കുന്നുണ്ട്, വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തിന് ആവശ്യമുള്ള രീതിയില്‍ തന്നെ കാര്യങ്ങള്‍ നീക്കുവാന്‍ ശ്രമിക്കും’ വിന്‍ഡീസ് ക്രിക്കറ്റിന്റെ തലവന്‍ റിക്കി സ്‌കെറിറ്റ് ക്രിക്ബസിനോട് പറഞ്ഞു.
അയര്‍ലന്റിനെതിരേയുള്ള മത്സരമാകും ഗെയ്ലിന്റെ അവസാന മത്സരമെന്നത് ആരോ പറഞ്ഞൊപ്പിച്ച അഭ്യൂഹങ്ങള്‍ മാത്രമാണെന്നും കേവലം ഒരു ട്വന്റി-20യ്ക്ക് മാത്രമായി പരിഗണിക്കപ്പെടേണ്ടയാളല്ല ഗെയ്ല്‍ എന്നും റിക്കി സ്‌കെറിറ്റ് കൂട്ടിച്ചേര്‍ത്തു.
പരിശീലകന്‍ ഫില്‍ സിമോണ്‍സിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സെലക്ഷന്‍ പാനലാണ് ടീമിനെ തീരുമാനിച്ചത്. ട്വന്റി-20 ലോകകപ്പില്‍ പരിക്കേറ്റ് പുറത്തായയതിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ കെയ്‌റോണ്‍ പൊള്ളാര്‍ഡാണ് ടീമിന്റെ നായകന്‍. നിക്കോളാസ് പൂരാനാണ് വൈസ് ക്യാപ്റ്റന്‍.