ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിന എട്ട് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ബ്യൂസെജൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഈ തോല്‍വിക്ക് പിന്നാലെ ഒരു മോശം നേട്ടമാണ് വെസ്റ്റ് ഇന്‍ഡീസിനെ തേടിയെത്തിയത്. ടി-20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയപ്പെട്ട മൂന്നാമത്തെ ടീമായി മാറാനാണ് വിന്‍ഡീസിന് സാധിച്ചത്. 100 മത്സരങ്ങളാണ് വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെട്ടത്. 101 മത്സരങ്ങള്‍ പരാജയപ്പെട്ട ശ്രീലങ്കയും ബംഗ്ലാദേശുമാണ് ടി-20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയപ്പെട്ട ടീമുകളില്‍ മുന്‍പന്തിയിലുള്ളത്.
വെസ്റ്റ് ഇന്‍ഡീസിന്റെ 200ാം ടി-20 മത്സരമായിരുന്നു ഇത്. ടി-20 ക്രിക്കറ്റ് ചരിത്രത്തില്‍ 200 മത്സരങ്ങള്‍ എന്ന നാഴികകല്ല് പിന്നിട്ട കളിയില്‍ തന്നെ 100 തോല്‍വി വിന്‍ഡീസ് ഏറ്റുവാങ്ങിയത് കടുത്ത നിരാശയാണ് ടീമിനും ആരാധകർക്കും നല്‍കിയത്.
47 പന്തില്‍ പുറത്താവാതെ 87 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്. 185.11 സ്ട്രൈറ്റില്‍ ബാറ്റ് വീശിയ സാള്‍ട്ട് ഏഴ് ഫോറുകളും അഞ്ച് സിക്സുകളുമാണ് നേടിയത്. 26 പന്തില്‍ പുറത്താവാതെ 48 റണ്‍സ് നേടിയ ജോണി ബെയര്‍സ്റ്റോയും ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായി.
വിന്‍ഡീസ് നിരയില്‍ 34 പന്തില്‍ 38 റണ്‍സ് നേടി ജോണ്‍സണ്‍ ചാള്‍സും 32 പന്തില്‍ 36 റണ്‍സ് നേടിയ നിക്കോളാസ് പൂരനും 17 പന്തില്‍ 36 റണ്‍സ് നേടി ക്യാപ്റ്റന്‍ റോവ്മാന്‍ പവലും നിര്‍ണായകമായി.
നാളെ സൗത്ത് ആഫ്രിക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. ജൂണ്‍ 22ന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് യു.എസ്.എയെയും നേരിടും.
Content Highlight: West Indies Create a unwanted Record in T20