ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസ് സൗത്ത് ആഫ്രിക്കയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയില്‍ റോസ്റ്റണ്‍ ചെയ്സ് 42 പന്തില്‍ 52 റണ്‍സ് നേടി നിര്‍ണായകമായി. മൂന്ന് ഫോറുകളും രണ്ട് സിക്‌സുമാണ് ചെയ്‌സിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
34 പന്തില്‍ 35 റണ്‍സ് നേടിയ കൈല്‍ മയേഴ്‌സും മികച്ച പ്രകടനം നടത്തി. മത്സരത്തില്‍ ഏഴ് സിക്‌സുകളാണ് വിന്‍ഡീസ് താരങ്ങള്‍ നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും കരീബിയന്‍ പടയെ തേടിയെത്തി.
ഒരു ടി-20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ടീം എന്ന നേട്ടമാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ ഇതിനോടകം തന്നെ 61 സിക്‌സുകളാണ് വിന്‍ഡീസ് നേടിയത്. 2010 ലോകകപ്പില്‍ ഓസ്‌ട്രേലിയ നേടിയ 57 സിക്‌സുകള്‍ എന്ന റെക്കോഡ് മറികടന്നു കൊണ്ടായിരുന്നു വിന്‍ഡീസിന്റെ മുന്നേറ്റം.
സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ തബ്രായിസ് ഷംസി മൂന്ന് വിക്കറ്റും മര്‍ക്രം, മാര്‍ക്കോ ജാന്‍സന്‍, കാഗിസോ റബാദ, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങില്‍ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ മഴ കളിയെ തടസ്സപ്പെടുത്തുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ ക്വിന്റന്‍ ഡി കോക്കിനേയും റീസ ഹെന്‍ട്രിക്സിനേയും സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായി.
ആന്ദ്രേ റസലാണ് രണ്ടു താരങ്ങളെയും പുറത്താക്കിയത്. നിലവില്‍ മഴമൂലം കളി നിര്‍ത്തുമ്പോള്‍ ഓവറില്‍ 15 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക.