അഫ്ഗാനെതിരെ ആഞ്ഞടിച്ച് വിൻഡീസ് കൊടുങ്കാറ്റ്; തിരുത്തികുറിച്ചത് ടി-20 ലോകകപ്പിന്റെ ചരിത്രം
Cricket
അഫ്ഗാനെതിരെ ആഞ്ഞടിച്ച് വിൻഡീസ് കൊടുങ്കാറ്റ്; തിരുത്തികുറിച്ചത് ടി-20 ലോകകപ്പിന്റെ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 18th June 2024, 7:28 am

ഐ.സി.സി ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ്- അഫ്ഗാനിസ്ഥാന്‍ മത്സരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ബ്യൂസ്ജൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ അഫ്ഗാന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിങ്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ തകര്‍ത്തടിക്കുകയായിരുന്നു വെസ്റ്റ് ഇന്‍ഡീസ്.

തുടക്കത്തില്‍ തന്നെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ബ്രാന്‍ഡന്‍ കിങ്ങിനെ വിന്‍ഡീസിന് നഷ്ടമായി. അസ്മത്തുള്ള ഒമര്‍സായിയുടെ പന്തില്‍ ക്ലീന്‍ ബൗൾഡായി കൊണ്ടാണ് താരം മടങ്ങിയത്.

എന്നാല്‍ പിന്നീട് അങ്ങോട്ട് ജോണ്‍സണ്‍ ചാള്‍സും നിക്കോളാസ് പൂരനും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടു നയിക്കുകയായിരുന്നു. ജോണ്‍സണ്‍ 27 പന്തില്‍ 43 റണ്‍സും നിക്കോളാസ് അര്‍ധസെഞ്ച്വറിയും നേടി മികച്ച പ്രകടനമാണ് നയിച്ചത്. ഇതോടെ പവര്‍പ്ലെയിൽ ഇരുവരും ചേർന്ന് 92 റണ്‍സിന്റെ കൂറ്റന്‍ റണ്‍സ് ആണ് അടിച്ചെടുത്തത്.

ഇതിനു പിന്നാലെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും വിന്‍ഡീസിന് സാധിച്ചു. ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ടീം പവര്‍പ്ലെയില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്. 2014 ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരെ പവര്‍ പ്ലേയില്‍ നെതര്‍ലാന്‍ഡ്സ് നേടിയ 91 റണ്‍സ് എന്ന നേട്ടമാണ് വിന്‍ഡീസ് മറികടന്നത്.

ഷായി ഹോപ്പ് 17 പന്തില്‍ 25 റണ്‍സും നേടി നിര്‍ണായകമായ പ്രകടനം നടത്തി.

നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ വിന്‍ഡീസ് 148 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ എന്ന നിലയിലാണ്. 35 പന്തില്‍ 51 റണ്‍സുമായി നിക്കോളാസ് പൂരനും എട്ട് പന്തില്‍ 14 റണ്‍സ് നേടിയ റോവ്മാന്‍ പവലുമാണ് ക്രീസില്‍.

 

Content Highlight: West Indies Create a new Record in T20 World Cup