[]ധര്‍മശാല: ഇന്ത്യ-വെസ്റ്റിന്‍ഡീസ് നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 59 റണ്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 330 റണ്‍സെടുത്തപ്പോള്‍ വിന്‍ഡീസിന് 271 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.
ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്‌ലി സെഞ്ച്വറി നേടി. 114 പന്തില്‍ 127 റണ്‍സാണ് കോഹ്‌ലി നേടിയത്. സുരേഷ് റെയ്‌ന 71 റണ്‍സും രഹാനെ 68 റണ്‍സും എടുത്തു. 106 പന്തില്‍ 112 റണ്‍സെടുത്ത ലോണ്‍ സാമുവല്‍സാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.
പരമ്പരയിലെ നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. വിശാഖപട്ടണത്ത് നടക്കേണ്ടിയിരുന്ന മൂന്നാം ഏകദിനം ഹുദ്ഹുദ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
അതേ സമയം, പരമ്പരയില്‍ നിന്ന് പിന്മാറിയ വിന്‍ഡീസ് ടീമിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. നാലാം എകദിനത്തോടെ കളി ഉപേക്ഷിച്ച് മടങ്ങുകയാണെന്ന് വിന്‍ഡീസ് അറിയിച്ചിരുന്നു.
കളിക്കാരും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള വേതന തര്‍ക്കത്തെ തുടര്‍ന്നാണ് പരമ്പരയില്‍ നിന്ന് പിന്മാറുകയാണെന്ന് വിന്‍ഡീസ് പറഞ്ഞത്. വിന്‍ഡീസ് ടീം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതായി ടീം മാനേജര്‍ റിച്ചി റിച്ചാര്‍ഡ്‌സണ്‍ ബി.സി.സി.ഐയെ ഔദ്യോഗികമായി അറിയിച്ചിരുന്നു.
പരമ്പരയുടെ തുടക്കത്തില്‍തന്നെ ടീമില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. ടീം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരെ കബളിപ്പിക്കുകയാണെന്നും ക്യാപ്റ്റന്‍ ബ്രാവോ നേരത്തെ തന്നെ പറഞ്ഞിരുന്നു.
വെസ്റ്റിന്‍ഡീസ് ടീമിന്റെ ഈ തീരുമാനം നിരാശാജനകമാണെന്ന് ബി.സി.സി.ഐ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. ഒരു ഏകദിനവും ഒരു ട്വന്റി20 യും മൂന്ന് ടെസ്റ്റ് മത്സരങ്ങളും ബാക്കിനില്‌ക്കെയാണ് വിന്‍ഡീസ് ടീം മത്സരങ്ങളില്‍ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞത്.
വിന്‍ഡീസ് കളിയില്‍ നിന്ന് പിന്മാറി എന്ന വാര്‍ത്ത വന്നതോടെ വിന്‍ഡീസിന് പകരം ശ്രീലങ്ക കളിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. പരമ്പരയില്‍ പങ്കെടുക്കുന്നതിനുള്ള ബി.സി.സി.ഐയുടെ ക്ഷണം സ്വീകരിക്കുന്നതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും പറഞ്ഞിരുന്നു.
ട്വന്റി 20 മത്സരങ്ങള്‍ക്കായാണ് ഇന്ത്യ ശ്രീലങ്കയെ ക്ഷണിച്ചിരുന്നതെങ്കിലും അവര്‍ ഏകദിന മത്സരങ്ങള്‍ക്കും തയ്യാറാവുകയായിരുന്നു. നവംബര്‍ 15 മുതലായിരുന്നു ഈ മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്.
നിശ്ചയിച്ച പരമ്പരയില്‍ നിന്ന് പിന്മാറിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം പിന്മാറിയ ക്രിക്കറ്റ് ബോര്‍ഡിനുള്ളതാണ്. ആഭ്യന്തര പ്രശ്‌നങ്ങളും കളിക്കാരുമായുള്ള പ്രശ്‌നങ്ങളും പരിഹരിക്കാന്‍ വിന്‍ഡീസ് ബോര്‍ഡിന് കഴിയാതെ പോയതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.