കഴിഞ്ഞ ദിവസം ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയര്‍ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി സിംബാബ്‌വേ ലോകകപ്പ് വേദിയിലേക്ക് ഒരടി കൂടി വെച്ചിരുന്നു. ഹരാരെയില്‍ നടന്ന മത്സരത്തില്‍ 35 റണ്‍സിനാണ് ഷെവ്‌റോണ്‍സ് കിരീബിയന്‍സിനെ തകര്‍ത്തുവിട്ടത്.
ഫീല്‍ഡിങ്ങിലെ മോശം പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിന് വിനയായത്. സിംബാബ്‌വേയുടെ വിജയശില്‍പിയായ സിക്കന്ദര്‍ റാസയെ രണ്ട് തവണയാണ് വെസ്റ്റ് ഇന്‍ഡീസ് കൈവിട്ടുകളഞ്ഞത്.
വ്യക്തിഗത സ്‌കോര്‍ ഒന്നില്‍ നില്‍ക്കവെ റാസക്ക് ജീവന്‍ നല്‍കിയ വെസ്റ്റ് ഇന്‍ഡീസ് ഏഴ് റണ്‍സില്‍ നില്‍ക്കവെയും റാസയെ പുറത്താക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു. ജീവന്‍ വീണുകിട്ടിയ റാസ അവസരം കൃത്യമായി തന്നെ വിനിയോഗിക്കുകയും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. മത്സരത്തിലെ താരവും റാസ തന്നെയായിരുന്നു.
സിംബാബ്‌വേക്കെതിരായ മത്സരത്തില്‍ വിന്‍ഡീസ് താരങ്ങളുടെ പ്രകടനത്തില്‍ ഏറെ നിരാശനാണെന്ന് പറയുകയാണ് കോച്ച് ഡാരന്‍ സമ്മി. മത്സരത്തിലെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ വിന്‍ഡീസ് ഒരിക്കലും വിജയിക്കാന്‍ അര്‍ഹരായിരുന്നില്ല എന്നും വിന്‍ഡീസിനെ രണ്ട് തവണ ലോകചാമ്പ്യനാക്കിയ സമ്മി പറഞ്ഞു.
മത്സരശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വളരെയേറെ നിരാശനാണ്. ടോസിന്റെ സമയത്ത് ഞങ്ങളാഗ്രഹിച്ചതെന്തോ അതുതന്നെയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഞങ്ങള്‍ ആദ്യം ബൗള്‍ ചെയ്തു. നിങ്ങള്‍ ഇത്തരത്തിലുള്ള ഫീല്‍ഡിങ്ങാണ് തുടരുന്നതെങ്കില്‍ – ഇതിന് മുമ്പുള്ള മത്സര സമയത്തും നമ്മള്‍ ഇതേ കാര്യം തന്നെ സംസാരിച്ചതാണ് – എതിര്‍ ടീം ബാറ്റര്‍മാര്‍ക്ക് മികച്ച അവസരങ്ങള്‍ വെറുതെ നല്‍കുകയാണെങ്കില്‍, വൈകാതെ ക്രിക്കറ്റ് ദൈവങ്ങള്‍ നിങ്ങളെ പിടുകൂടും.
ഇന്നും അത് സംഭവിച്ചു. പക്ഷേ ഇതുപോലെ ഒരു പിച്ചില്‍ 269 റണ്‍സിന്റെ വിജയലക്ഷ്യത്തിനിടയിലും… ഇക്കാര്യങ്ങളാണ് ഞങ്ങള്‍ മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് മുമ്പും നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇതില്‍ നിന്നും മുമ്പോട്ട് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഇന്ന് വളരെ മോശം പ്രകടനമായിരുന്നു, അതിന്റെ ഉത്തരവാദിത്വമേറ്റെടുക്കുന്നു. ഇന്നത്തെ മത്സരത്തില്‍ വിജയിക്കാന്‍ ഞങ്ങള്‍ക്ക് ഒരു അര്‍ഹതയുമുണ്ടായിരുന്നില്ല,’ സമ്മി പറഞ്ഞു.
സിക്കന്ദര്‍ റാസയുടെ ഓള്‍റൗണ്ട് മികവിലാണ് ഷെവ്‌റോണ്‍സ് വിജയം സ്വന്തമാക്കിയത്. 58 പന്തില്‍ നിന്നും 68 റണ്‍സാണ് താരം നേടിയത്. റയാന്‍ ബേളും ടീമിനായി അര്‍ധ സെഞ്ച്വറി തികച്ചിരുന്നു. ഒടുവില്‍ 49.5 ഓവറില്‍ സിംബാബ്‌വേ 268 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
.@aramco Player of the Match, for his 68 from 58 balls, and two catches, is @SRazaB24! 👏#ZIMvWI | #CWC23 pic.twitter.com/XVmnzQvw8q
— Zimbabwe Cricket (@ZimCricketv) June 24, 2023
വീന്‍ഡീസിനായി കീമോ പോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അല്‍സാരി ജോസഫും അകീല്‍ ഹൊസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് വേണ്ടി ഓപ്പണര്‍ കൈല്‍ മയേഴ്‌സ് അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മയേഴ്‌സ് 72 പന്തില്‍ നിന്നും 56 റണ്‍സ് നേടിയപ്പോള്‍ പിന്തുണയുമായി റോസ്റ്റണ്‍ ചെയ്‌സ് (53 പന്തില്‍ 44), നിക്കോളാസ് പൂരന്‍ (36 പന്തില്‍ 34), ക്യാപ്റ്റന്‍ ഷായ് ഹോപ് (39 പന്തില്‍ 30) എന്നിവര്‍ ചെറുത്ത് നിന്നെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ 44.4 ഓവറില്‍ വിന്‍ഡീസ് 233 റണ്‍സിന് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
ഷെവ്‌റോണ്‍സിനായി ടെന്‍ഡായി ചതാര മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്ലെസിങ് മുസാരബാനി, റിച്ചാര്‍ഡ് എന്‍ഗരാവ, സിക്കന്ദര്‍ റാസ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
On the RAZZLE again! Stunning win for 🇿🇼 as hosts defeat @windiescricket 🏝️ by 3⃣5⃣ runs.#ZIMvWI | #CWC23 pic.twitter.com/35N3fcqeec
— Zimbabwe Cricket (@ZimCricketv) June 24, 2023
കളിച്ച മൂന്ന് മത്സരവും വിജയിച്ച സിംബാബ്‌വേ ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനക്കാരാണ്. ജൂലൈ 26ന് ഹരാരെയില്‍ വെച്ച് അമേരിക്കക്കെതിരെയാണ് ക്വാളിഫയറിവല്‍ സിംബാബ്‌വേയുടെ അവസാന മത്സരം.
Content highlight: West Indies coach Darren Sammy about West Indies vs Zimbabwe match