| Thursday, 11th August 2022, 8:40 am

ആരുടെയും കാല് പിടിക്കാന്‍ എന്നെ കിട്ടില്ല; പൊട്ടിത്തെറിച്ച് വെസ്റ്റ് ഇന്‍ഡീസ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും അപകടകാരിയായ ടീമുകളില്‍ പ്രധാനിയാണ് വെസ്റ്റ് ഇന്‍ഡീസ്. വമ്പനടികളും ടോ ക്രിഷിങ് യോര്‍ക്കറുകളുമായി കുട്ടിക്രിക്കറ്റിലെ മോസ്റ്റ് ഡോമിനേറ്റിങ് ടീമായി തന്നെയാണ് കരീബിയന്‍ വമ്പന്‍മാരെ ഇന്നും വിലയിരുത്തിപ്പോരുന്നത്.

മറ്റു ഫോര്‍മാറ്റിലെ മോശം പ്രകടനമോ ഏതെങ്കിലും പരമ്പര പരാജയപ്പെട്ടതോ അടിസ്ഥാനമാക്കി ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് എന്ന ടീമിനെ വിലയിരുത്താന്‍ നില്‍ക്കരുത്. കാരണം എന്ത് അട്ടിമറിയും നടത്താന്‍ പോന്നവര്‍ തന്നെയാണ് വെസ്റ്റ് ഇന്‍ഡീസ്.

എന്നാല്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലാണെങ്കില്‍ കൂടിയും ഇത്തരത്തിലൊന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പോലും ഉണ്ടായിക്കാണില്ല.

ദേശീയ ടീമിന് വേണ്ടി കളിക്കുന്നതില്‍ സൂപ്പര്‍ താരങ്ങള്‍ വിമുഖത പ്രകടിപ്പിക്കുന്നു എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന പ്രശ്‌നം. ടി-20 ലോകകപ്പ് അടുത്ത് വരവെയാണ് ഈ പ്രതിസന്ധിയെന്നതും ശ്രദ്ധേയമാണ്.

വേള്‍ഡ് കപ്പിന് തന്നെ നോക്കണ്ട എന്ന് ആന്ദ്രേ റസല്‍ നേരത്തെ പറഞ്ഞിരുന്നു. ഒഷാനാ തോമസും എവിന്‍ ലൂയീസും ഇതുവരെ ഫിറ്റ്‌നെസ് ടെസ്റ്റിന് പോലും എത്തിയിട്ടില്ല. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ സുനില്‍ നരെയ്‌ന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

താരങ്ങള്‍ കളിക്കുമോ ഇല്ലയോ എന്ന് ഉറപ്പാക്കാനാവാത്ത സാഹചര്യത്തില്‍ സ്‌ക്വാഡും ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളും എല്ലാം തന്നെ അവതാളത്തിലായിരിക്കുകയാണ്.

ഈയൊരു സാഹചര്യത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിനെകുറിച്ചും താരങ്ങളുടെ മനോഭാവത്തെ കുറിച്ചും തുറന്നടിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ പ്രധാന പരിശീലകന്‍ ഫില്‍ സിമ്മണ്‍സ്.

താരങ്ങളുടെ ഇത്തരം നടപടികള്‍ വേദനാ ജനകമാണെന്നും രാജ്യത്തിന് വേണ്ടി കളിക്കാന്‍ ആരോടും യാചിക്കാന്‍ സാധിക്കില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

‘ഇതോര്‍ത്ത് ഞാന്‍ വേദനിക്കുന്നു. മറ്റൊരു വഴിയും മുമ്പിലില്ല. പക്ഷേ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും? സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാന്‍ താരങ്ങളോട് ഞാന്‍ യാചിക്കണം എന്ന് എനിക്ക് തോന്നുന്നില്ല, അത് ചെയ്യുകയുമില്ല. നിങ്ങള്‍ക്ക് രാജ്യത്തെ പ്രതിനിധീകരിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ സ്വയം അവൈലബിളാക്കുമെന്ന് ഞാന്‍ കരുതുന്നു.

ജീവിതവും ജീവിത സാഹചര്യങ്ങളും മാറി. ആളുകള്‍ക്ക് മറ്റെവിടെയും പോവാനും കളിക്കാനും അത് വഴിയൊരുക്കിയിരിക്കുന്നു. അവര്‍ക്ക് വെസ്റ്റ് ഇന്‍ഡീസിനേക്കാള്‍ പ്രധാനം അതാണെങ്കില്‍ അവര്‍ അത് ചെയ്യട്ടെ,’ സിമ്മണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഫില്‍ സിമ്മണ്‍സ്

ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ് ബിയിലാണ്. ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് നേടാന്‍ സാധിച്ചാല്‍ മാത്രമേ സൂപ്പര്‍ 12ല്‍ എത്താന്‍ സാധിക്കൂ.

സോ കോള്‍ഡ് കുഞ്ഞന്‍ ടീമുകള്‍ക്കൊപ്പമാണെങ്കിലും വെസ്റ്റ് ഇന്‍ഡീസിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല. സിംബാബ്‌വേയും അയര്‍ലന്‍ഡും ഒപ്പം സ്‌കോട്‌ലാന്‍ഡുമാണ് ഗ്രൂപ്പിലുള്ളത്.

സിംബാബ്‌വേയുടെയും അയര്‍ലന്‍ഡിന്റെയും നിലവിലെ ഫോമും വെസ്റ്റ് ഇന്‍ഡീസിലെ പ്രതിസന്ധിയും കണക്കിലെടുത്താല്‍ മുന്‍ ചാമ്പ്യന്‍മാര്‍ സൂപ്പര്‍ 12 കാണാതെ പുറത്താവേണ്ടി വരും.

Content highlight: West Indies coach against the absence  of key players before T20 World Cup

We use cookies to give you the best possible experience. Learn more