ഇത്തവണത്തെ ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് മുത്തമിടുമെന്ന് കരീബിയന്‍ ടീമിന്റെ ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍. കഴിഞ്ഞ തവണ ഓസീസ് കിരീടം നേടിയതെങ്ങനെയോ അതുപോലെ തങ്ങളും ഇത്തവണ ലോകകപ്പ് സ്വന്തമാക്കുമെന്നും പൂരന്‍ പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിന്റെ മുഖമായി മാറിയ പല താരങ്ങളും ഇത്തവണത്തെ ലോകകപ്പില്‍ ടീമിനൊപ്പമില്ല. ഹാര്‍ഡ് ഹിറ്റര്‍ ക്രിസ് ഗെയ്ല്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍മാരായ സുനില്‍ നരെയ്ന്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ഡ്വെയ്ന്‍ ബ്രാവോ തുടങ്ങിയ താരങ്ങളൊന്നും ഇല്ലാതെയാണ് വെസ്റ്റ് ഇന്‍ഡീസ് ഓസ്‌ട്രേലിയയിലേക്ക് പറന്നത്.
ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കളിച്ച് യോഗ്യത തെളിയിച്ചാല്‍ മാത്രമേ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 12ലേക്ക് പ്രവേശിക്കാനും സാധിക്കൂ.
എന്നാല്‍ ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്നും വമ്പന്‍ പേരുകാര്‍ ടീമിനൊപ്പം ഇല്ലെങ്കിലും മത്സരങ്ങള്‍ വിജയിക്കാന്‍ തങ്ങള്‍ക്കാകുമെന്നുമാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ വിശ്വസിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ അവരുടെ വമ്പന്‍ താരനിര ഇല്ലാതെയാണ് ലോകകപ്പിനെത്തിയതെന്നും എന്നാല്‍ അവര്‍ ലോകകപ്പ് നേടിയെന്നും പൂരന്‍ ഓര്‍മിപ്പിച്ചു. കഴിഞ്ഞ തവണ ഓസീസ് സ്വന്തമാക്കിയ ആ നേട്ടം തങ്ങള്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ വെച്ച് നേടുമെന്നും പൂരന്‍ കൂട്ടിച്ചേര്‍ത്തു.
‘ടീമിനൊപ്പം വമ്പന്‍ പേരുകാര്‍ ഇല്ലാതെയാണ് ഓസ്‌ട്രേലിയ കഴിഞ്ഞ തവണ ലോകകപ്പ് സ്വന്തമാക്കിയത്. ക്രിക്കറ്റ് ഒരു ടീം ഗെയിം ആയതിനാല്‍ ആ നേട്ടം ഞങ്ങള്‍ക്കും സ്വന്തമാക്കാന്‍ സാധിക്കും.
ഞങ്ങള്‍ക്കൊപ്പം വമ്പന്‍ താരനിരയില്ല, എന്നിരുന്നാലും മത്സരങ്ങള്‍ ജയിക്കാനും ജയിപ്പിക്കാനും കെല്‍പുള്ളവര്‍ തന്നെയാണ് വെസ്റ്റ് ഇന്‍ഡീസിനൊപ്പം ഉള്ളത്. ഞങ്ങള്‍ കളി തുടങ്ങിക്കഴിഞ്ഞാല്‍ എല്ലാം ശരിയാകും,’ പൂരന്‍ പറഞ്ഞു.
തങ്ങള്‍ രണ്ട് തവണ കിരീടം നേടിയവരാണെന്നും എന്നാല്‍ കഴിഞ്ഞ വര്‍ഷം അതിന് സാധിച്ചില്ലെന്നും പറഞ്ഞ പൂരന്‍ ഇത്തവണ അത് നേടുമെന്നും കൂട്ടിച്ചേര്‍ത്തു.
‘വമ്പന്‍ താരനിരക്കൊപ്പം ഞങ്ങള്‍ രണ്ട് ലോകകപ്പ് ജയിച്ചവരാണ്. എന്നാല്‍ അവര്‍ ടീമിനൊപ്പം ഉണ്ടായിരുന്നിട്ടും കഴിഞ്ഞ തവണ അതിനാകാതെ പോയി. ടീമില്‍ പരിചയ സമ്പന്നരായ താരങ്ങളുടെയും യുവതാരങ്ങളുടെയും ബാലന്‍സ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്,’ പൂരന്‍ കൂട്ടിച്ചേര്‍ത്തു.