| Sunday, 28th January 2024, 1:29 pm

ഗാബയിൽ വെസ്റ്റ് ഇൻഡീസിന് ചരിത്രവിജയം; ഓസ്ട്രേലിയയെ ചാമ്പലാക്കി കരീബിയൻപട

സ്പോര്‍ട്സ് ഡെസ്‌ക്

ഗാബയില്‍ ചരിത്ര കുറിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം. ഓസ്‌ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ എട്ട് റണ്‍സിനാണ് ഓസ്‌ട്രേലിയയെ വിന്‍ഡീസ് പരാജയപ്പെടുത്തിയത്.

ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയയയെ പരാജയപ്പെടുത്തുന്ന ആദ്യ ടീം എന്ന നേട്ടം സ്വന്തമാക്കാന്‍ വിന്‍ഡീസിന് സാധിച്ചു. ഇതിന് മുമ്പ് 1999 ലാണ് വിന്‍ഡീസ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് മത്സരം വിജയിച്ചിട്ടുള്ളത്. നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയം സ്വന്തമാക്കുന്നത്.

216 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 207 റണ്‍സിന് പുറത്താവുകയായിരുന്നു. വിന്‍ഡീസ് ബൗളിങ് നിരയില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി ഷാമര്‍ ജോസഫ് മികച്ച പ്രകടനമാണ് നടത്തിയത്. 11.5 ഓവറില്‍ 68 റണ്‍സ് വിട്ടു നല്‍കിയാണ് ഓസ്‌ട്രേലിയയുടെ ഏഴു വിക്കറ്റുകള്‍ ഷാമര്‍ വീഴ്ത്തിയത്.

ഓസ്ട്രേലിയന്‍ താരങ്ങളായ കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്,അലക്സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ടെസ്റ്റ് കരിയറിലെ തന്റെ രണ്ടാം ഫൈഫര്‍ വിക്കറ്റ് നേട്ടമാണിത്. ആദ്യ ടെസ്റ്റിലും ഷാമര്‍ അഞ്ച് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തിയിരുന്നു.

അതേസമയം ഓസീസ് ബാറ്റിങ്ങില്‍ സ്റ്റീവ് സ്മിത്ത് 146 പന്തില്‍ പുറത്താവാതെ 91 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസ് 311 റണ്‍സാണ് നേടിയത്. ജോഷുവ ഡി സില്‍വ 79 റണ്‍സും കാവേം ഹോഡ്ജ് 71 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 289 റണ്‍സിന് ഒമ്പത് വിക്കറ്റുകള്‍ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓസീസ് ബാറ്റിങ്ങില്‍ ഉസ്മാന്‍ ഖവാജ 75 റണ്‍സും അലക്‌സ് ക്യാരി 65 റണ്‍സും നേടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവച്ചു.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത വിന്‍ഡീസ് 193 റണ്‍സിന് പുറത്താവുകയായിരുന്നു. എന്നാല്‍ വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയ എട്ട് റണ്‍സകലെ ഓള്‍ഔട്ടാവുകയായിരുന്നു.

ജയത്തോടെ രണ്ടു മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയില്‍ സമനിലയില്‍ ആക്കാനും വിന്‍ഡീസിന് സാധിച്ചു.

Content Highlight: West Indies beat Australia in test.

Latest Stories

We use cookies to give you the best possible experience. Learn more