ഇന്ത്യയെ മുറിവേല്‍പിക്കാന്‍ സഞ്ജുവിന്റെ വജ്രായുധത്തെ തിരിച്ചുവിളിച്ച് വിന്‍ഡീസ്; തകര്‍പ്പന്‍ ടീമുമായി കരീബിയന്‍സ്
Sports News
ഇന്ത്യയെ മുറിവേല്‍പിക്കാന്‍ സഞ്ജുവിന്റെ വജ്രായുധത്തെ തിരിച്ചുവിളിച്ച് വിന്‍ഡീസ്; തകര്‍പ്പന്‍ ടീമുമായി കരീബിയന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th July 2023, 11:55 am

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരക്കുള്ള ടീമിനെയാണ് വിന്‍ഡീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ലിമിറ്റഡ് ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കരുത്തായ ഷിംറോണ്‍ ഹെറ്റ്‌മെയറിനെയും ഒഷാന തോമസിനെും തിരിച്ചുവിളിച്ചാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

ഷായ് ഹോപ്പ് ക്യാപ്റ്റനും റോവ്മന്‍ പവല്‍ വൈസ് ക്യാപ്റ്റനുമാകുന്ന ടീമില്‍ പരിക്കില്‍ നിന്നും മുക്തനായ ജേയ്ഡന്‍ സീല്‍സും യാനിക് കാരിയയും ഗുഡാകേഷ് മോട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്.

 

പരിക്കേറ്റതിനാല്‍ കീമോ പോള്‍ ടീമിന്റെ ഭാഗമാകില്ല. സെലക്ഷനിലില്ലാത്തതിനാല്‍ നിക്കോളാസ് പൂരനും ജേസണ്‍ ഹോള്‍ഡറും ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ കളിക്കില്ല.

ഹാര്‍ഡ് ഹിറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിന്‍രെ ടീമിലേക്കുള്ള മടങ്ങിവരവ് കരുത്താകുമെന്നാണ് ആരാധകര്‍ ഒന്നടങ്കം ഉറച്ചുവിശ്വസിക്കുന്നത്. ലോകകപ്പ് യോഗ്യത റൗണ്ടില്‍ തോറ്റ് പുറത്തായപ്പോള്‍ ഹെറ്റി ടീമിന്റെ ഭാഗമായിരുന്നില്ല. കുഞ്ഞന്‍ ടീമുകളടക്കം നാണംകെടുത്തി വിട്ടതിന് പിന്നാലെയാണ് മാനേജ്‌മെന്റ് ഹെറ്റിയെ തിരിച്ചുവിളിക്കാന്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിന്റെ വിന്‍ഡീസ് പര്യടനത്തിലാണ് ഹെറ്റ്‌മെയര്‍ അവസാനമായി മെറൂണ്‍ ജേഴ്‌സിയിലെത്തിയത്.

ഫിറ്റ്‌നെസ് പ്രശ്‌നങ്ങള്‍ കാരണം 2021ലാണ് ഒഷാന തോമസ് വിന്‍ഡീസിനായി അവസാന മത്സരം കളിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ലങ്കന്‍ ഫ്രാഞ്ചൈസി ലീഗില്‍ മികച്ച പ്രകടനം നടത്തിയാണ് താരം തിരിച്ചുവരവിനൊരുങ്ങുന്നത്.

ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരയിലെ വിന്‍ഡീസ് സ്‌ക്വാഡ്

ഷായ് ഹോപ് (ക്യാപ്റ്റന്‍), റോവ്മന്‍ പവല്‍ (വൈസ് ക്യാപ്റ്റന്‍), അലിക് അത്തനാസ്, യാനിക് കാരിയ, കേസി കാര്‍ട്ടി, ഡൊമനിക് ഡ്രേക്‌സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, കൈല്‍ മയേഴ്‌സ്, ഗുഡാകേഷ് മോട്ടി, ജെയ്ഡന്‍ സീല്‍സ്, റൊമാരിയോ ഷെപ്പേര്‍ഡ്, ഓഷാന തോമസ്.

ജൂലൈ 27നാണ് മൂന്ന് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലാണ് വേദി. ജൂലൈ 29ന് ഇതേ സ്‌റ്റേഡിയത്തില്‍ പരമ്പരയിലെ രണ്ടാം മത്സരവും ഓഗസ്റ്റ് ഒന്നിന് ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ മൂന്നാം മത്സരവും നടക്കും.

 

Content Highlight: West Indies announces squad for ODI Series