| Thursday, 15th September 2022, 5:01 pm

റസലിന്റെയും നരെയ്‌ന്റെയും കരിയര്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അവസാനിപ്പിച്ചോ? അടിയുടെ പൂരവും പൊടിയരിക്കഞ്ഞിയുമായി പാഠം പഠിപ്പിക്കാന്‍ വിന്‍ഡീസ് 

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ടി-20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീം പ്രഖ്യാപിച്ചത്. ഹാര്‍ഡ് ഹിറ്റിങ് ബാറ്റര്‍മാരും ടോ ക്രഷിങ് പേസര്‍മാരുമായി എണ്ണം പറഞ്ഞ താരനിരയാണ് ടീമിനൊപ്പമുള്ളത്.

എന്നാല്‍ ടീം പ്രഖ്യാപനത്തില്‍ ആരാധകര്‍ കുറച്ചൊന്നുമല്ല ഞെട്ടിയത്. വിന്‍ഡീസിന്റെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍മാരായ ആന്ദ്രേ റസലും സുനില്‍ നരെയ്‌നും ടീമിനൊപ്പമുണ്ടായിരുന്നില്ല എന്നതുതന്നെയായിരുന്നു ആരാധകരെ ഞെട്ടിച്ചത്.

നിലവില്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് സുനില്‍ നരെയ്ന്‍. നരെയ്‌നെ പോലെ ഇത്രയും മികച്ച എക്കോണമി നിലനിര്‍ത്തുന്ന താരം മറ്റാരും തന്നെ കാണില്ല.

രണ്ട് അണ്‍ക്യാപ്ഡ് താരങ്ങളെയാണ് ഇരുവര്‍ക്കും പകരക്കാരായി ടീം കണ്ടെത്തിയത് എന്നതായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച മറ്റൊരു വസ്തുത.  ഇവര്‍ക്ക് പുറമെ ഓപ്പണര്‍ എവിന്‍ ലൂയിസ് 2021 ലോകകപ്പിന് ശേഷം ആദ്യമായി ടീമിലേക്ക് മടങ്ങിയെത്തിയതും സ്‌ക്വാഡിന്റെ പ്രത്യേകതയാണ്.

വലം കയ്യന്‍ ലെഗ് സ്പിന്നറായ യാനിക് കരിയയും ഇടം കയ്യന്‍ ബാറ്റിങ് ഓള്‍ റൗണ്ടറായ റെയ്മന്‍ റെയ്‌ഫെറുമാണ് റസലിന്റെയും നരെയ്‌ന്റെയും പകരക്കാരായി കരീബിയന്‍ പടയില്‍ ഇടം നേടിയത്.

റസലിനെയും നരെയ്‌നെയും ഒഴിവാക്കുന്നത് സംബന്ധിച്ച് ബോര്‍ഡ് പ്രത്യേകിച്ച്  ഒരു കാരണവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ടീമുമായും കോച്ചുമായും ഉണ്ടായ പ്രശ്‌നങ്ങളാണ് ഇരുവരെയും ടീമില്‍ നിന്നും ഒഴിവാക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടാവുന്നത്.

ദേശീയ ടീമിനൊപ്പമുള്ള പരമ്പരകള്‍ കളിക്കാതെ ഇരുവരും ഫ്രാഞ്ചൈസി ലീഗ് മത്സരങ്ങള്‍ കളിക്കാന്‍ പോയതും ഫിറ്റ്‌നെസ് ടെസ്റ്റിന് പോലും ഹാജരാവാതിരുന്നതും ഇവരെ ഒഴിവാക്കുന്നതിലേക്ക് നയിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ വിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സിനെതിരെ റസല്‍ പരസ്യമായി പോര്‍മുഖം തുറന്നതും പ്രശ്‌നങ്ങള്‍ വഷളാക്കിയെന്നാണ് കരുതുന്നത്. കോച്ചുമായും ബോര്‍ഡുമായുമുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും പരിഹരിക്കാന്‍ സാധിക്കാതെ വന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന 50 ഓവര്‍ ലോകകപ്പിലും ഇരുവരും പുറത്തിരിക്കാന്‍ സാധ്യത കാണുന്നുണ്ട്.

കുട്ടി ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. മറ്റേത് ഫോര്‍മാറ്റിലെ പ്രകടനം അടിസ്ഥാനപ്പെടുത്തി ഇവരുടെ  ടി-20 കരുത്തിനെ വിലയിരുത്തുന്നത് ശുദ്ധ ഭോഷ്‌കാണെന്ന് വെസ്റ്റ് ഇന്‍ഡീസ് പലകുറി തെളിയിച്ചതാണ്.

2007ല്‍ ആരംഭിച്ച ടി-20 ലോകകപ്പില്‍ രണ്ട് തവണ ലോകകപ്പ് നേടിയ ഏക ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. 2012ല്‍ ശ്രീലങ്കയും 2016ല്‍ ഇന്ത്യയും ആതിഥേയരായപ്പോഴായിരുന്നു വിന്‍ഡീസ് കിരീടം ചൂടിയത്.

2016ല്‍ ടി-20 മെന്‍സ് വേള്‍ഡ് കപ്പിലും വുമണ്‍സ് വേള്‍ഡ് കപ്പിലും വെസ്റ്റ് ഇന്‍ഡീസ് തന്നെയായിരുന്നു വിജയിച്ചത്. പുരുഷന്‍മാര്‍ ഇംഗ്ലണ്ടിനെയും വനിതകള്‍ ഓസീസിനെയും പരാജയപ്പെടുത്തിയായിരുന്നു ലോക ക്രിക്കറ്റിന്റെ ചാമ്പ്യന്‍മാരായത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തവണത്തെ ലോകകപ്പിന്റെ സൂപ്പര്‍ 12ലെത്താന്‍ വെസ്റ്റ് ഇന്‍ഡീസിന് സാധിച്ചിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ വിജയിച്ചാല്‍ മാത്രമേ വെസ്റ്റ് ഇന്‍ഡീസിന് സൂപ്പര്‍ 12ല്‍ എത്താന്‍ സാധിക്കൂ.

ഗ്രൂപ്പ് ബിയില്‍ അയര്‍ലാന്‍ഡ്, സ്‌കോട്‌ലാന്‍ഡ്, സിംബാബ്‌വേ എന്നിവര്‍ക്കൊപ്പമാണ് വെസ്റ്റ് ഇന്‍ഡീസ്.  ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ശേഷം ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ 12ലേക്ക് കടക്കും.

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്:

നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), റോവ്മന്‍ പവല്‍ (വൈസ് ക്യാപ്റ്റന്‍), യാനിക് കരിയ, ജോണ്‍സണ്‍ ചാള്‍സ്, ഷെല്‍ഡണ്‍ കോട്രല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹൊസൈന്‍,അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, എവിന്‍ ലൂയിസ്, കൈല്‍ മയേഴ്‌സ്, ഒബെഡ് മക്കോയ്, റെയ്മന്‍ റെയ്‌ഫെര്‍, ഓഡിയന്‍ സ്മിത്

Content Highlight: West Indies announce World Cup squad omitting Andre Russell, Sunil Narine

We use cookies to give you the best possible experience. Learn more