ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന ടി-20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന അഞ്ച് ടി-20 ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ക്കും അതിന് ശേഷം ന്യൂസിലാന്‍ഡുമായി നടക്കുന്ന മൂന്ന് ടി-20 മത്സരങ്ങള്‍ക്കുമുള്ള സ്‌ക്വാഡിനെയാണ് വിന്‍ഡീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
വിന്‍ഡീസിന്റെ വെടിക്കെട്ട് താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ മടങ്ങിയെത്തിയതാണ് വെസ്റ്റ് ഇന്‍ഡീസ് ടീമിലെ പ്രധാന ഹൈലൈറ്റ്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളായ ഹെറ്റ്‌മെയര്‍ തിരിച്ചെത്തുന്നതോടെ വെസ്റ്റ് ഇന്‍ഡീസ് ടീമിന് കൂടുതല്‍ കരുത്താവും.
പരിക്ക് മൂലം ഏകദിന ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് താരം ടി-20 സ്‌ക്വാഡിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.
ഹെറ്റിക്ക് പുറമെ രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ പേസര്‍മാരില്‍ ഒരാളായ ഒബെഡ് മെക്കോയ്‌യും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഹെറ്റ്‌മെയറും മക്കോയ്‌യും തിരിച്ചെത്തുന്നതോടെ വിന്‍ഡീസിനെ അത്ര പെട്ടെന്നൊന്നും പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നുറപ്പാണ്.
ടി-20 സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടാത്തതാണ് ഏറ്റവും നിരാശാജനകമായ കാര്യം. ഒരുപക്ഷേ സഞ്ജു കൂടി ഉണ്ടായിരുന്നുവെങ്കില്‍ ബ്രയാന്‍ ലാറ ക്രിക്കറ്റ് സ്റ്റേഡിയം രാജസ്ഥാന്‍ റോയല്‍സ് ഫേസ് ഓഫിനാവും സാക്ഷ്യം വഹിക്കേണ്ടി വരിക.
നിക്കോളാസ് പൂരന്‍ തന്നെയാണ് വിന്‍ഡീസിനെ ടി-20യിലും നയിക്കുന്നത്. ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വമ്പനടിവീരന്‍ റോവ്മന്‍ പവലാവും പൂരന്റെ ഡെപ്യൂട്ടി.
നേരത്തെ നടന്ന ഏകദിന പരമ്പരയിലെ വെസ്റ്റ് ഇന്‍ഡീസിനെ വൈറ്റ് വാഷ് ചെയ്തുകൊണ്ടായിരുന്നു ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇതിന് പകരം വീട്ടാന്‍ കൂടിയാവും വിന്‍ഡീസ് ടി-20 പരമ്പയ്ക്കിറങ്ങുന്നത്.
വെസ്റ്റ് ഇന്‍ഡീസ് ടി-20 സ്‌ക്വാഡ്: നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), റോവ് മെന്‍ പവല്‍ (വൈസ് ക്യാപ്റ്റന്‍), ഷമാര്‍ ബ്രൂക്‌സ്, ഡോമിനിക് ഡ്രേക്‌സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, കൈല്‍ മയേഴ്‌സ്, ഒബെഡ് മക്കോയ്, കീമോ പോള്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഓഡിയന്‍ സ്മിത്ത്, ഡെവോണ്‍ തോമസ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍
ഇന്ത്യ ടി-20 സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, രവി ബിഷണോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്
Content Highlight: West Indies announce squad for T20 series against India