| Tuesday, 1st August 2023, 1:40 pm

55 പന്തില്‍ 13 സിക്‌സറും 10 ഫോറും അടക്കം 137 റണ്‍സ്; ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ചങ്കിടിപ്പ്, അവന്‍ ടീമിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. 15 പേരടങ്ങുന്ന സ്‌ക്വാഡാണ് വിന്‍ഡീസ് പ്രഖ്യാപിച്ചത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുമ്പില്‍ കണ്ടാണ് തങ്ങള്‍ ടീം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഡോ. ഡെസ്മണ്ട് ഹെയ്ന്‍സ് പറഞ്ഞു. ടീമിനായുള്ള ശരിയായ കോമ്പിനേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

‘അടുത്ത ഐ.സി.സി പുരുഷ ടി-20 ലോകകപ്പ് മുമ്പില്‍ കണ്ടുകൊണ്ടാണ് ഞങ്ങള്‍ ടീം തെരഞ്ഞെടുത്തിരിക്കുന്നത്. ശരിയായ കോമ്പിനേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍, അതിനായി വിവിധ പ്ലാനുകള്‍ പരിശോധിച്ചുവരികയാണ്.

അടുത്ത വര്‍ഷം ഗ്ലോബല്‍ ഇവന്റിന് ആതിഥേയത്വം വഹിക്കുമ്പോള്‍ ഞങ്ങള്‍ക്കായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്ന ഒരു യൂണിറ്റിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ്.

ഞങ്ങളുടെ ലൈന്‍ അപ്പില്‍ ചില മാച്ച് വിന്നേഴ്‌സുണ്ട്. വ്യാഴാഴ്ച ട്രിനിഡാഡില്‍ നിന്ന് തന്നെ മുന്നൊരുക്കങ്ങള്‍ നടത്താനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്,’ ഹെയ്ന്‍സ് പറഞ്ഞു.

അടുത്ത മാസം മുതല്‍ ആരംഭിക്കാനിരിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും മികച്ച താരങ്ങളെ കണ്ടെത്താന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും അവര്‍ക്കായി പ്രത്യേക പ്ലാനുകള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഷായ് ഹോപ്പും ഒഷാനെ തോമസും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തിലധികമായി ഇരുവരും ടി-20 ഫോര്‍മാറ്റ് കളിച്ചിരുന്നില്ല.

2021 ഡിസംബറിലാണ് ഒഷാന തോമസ് അവസാനമായി ടി-20 കളിച്ചത്. 2022 ഫെബ്രുവരിയില്‍ അവസാന ടി-20 കളിച്ച ഹോപ്പും തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ സ്ഥാനം ലഭിക്കാതിരുന്ന സൂപ്പര്‍ താരം നിക്കോളാസ് പൂരന്‍ ടി-20 സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. മേജര്‍ ലീഗ് ക്രിക്കറ്റില്‍ എം.ഐ ന്യൂയോര്‍ക്കിനെ കിരീടം ചൂടിച്ച ശേഷമാണ് പൂരന്‍ വിന്‍ഡീസിനൊപ്പം ചേരുന്നത്.

ടൂര്‍ണമെന്റിലുടനീളം വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച പൂരന്റെ തിളക്കത്തിലാണ് ന്യൂയോര്‍ക്ക് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയതും കപ്പുയര്‍ത്തിയതും. ഗാന്‍ഡ് പ്രയറി സ്‌റ്റേഡിയത്തില്‍ സിയാറ്റില്‍ ഓര്‍ക്കാസിനെതിരായ മത്സരത്തില്‍ സെഞ്ച്വറിയടിച്ചാണ് പൂരന്‍ തന്റെ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റിങ് ക്രിക്കറ്റ് ലോകത്തിന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിക്കൊടുത്തത്.

മത്സരത്തില്‍ 55 പന്ത് നേരിട്ട താരം 13 സിക്‌സറും പത്ത് ബൗണ്ടറിയും അടക്കം പുറത്താകാതെ 137 റണ്‍സാണ് നേടിയത്. 249.09 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് പൂരന്‍ വെടിക്കെട്ട് നടത്തിയത്.

ടൂര്‍ണമെന്റിലെ എട്ട് മത്സരത്തില്‍ നിന്നും 64.66 എന്ന തകര്‍പ്പന്‍ ആവറേജിലും 167.24 എന്ന സ്‌ട്രൈക്ക് റേറ്റിലും 388 റണ്‍സാണ് താരം നേടിയത്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും പൂരന്‍ തന്നെ.

ഇന്ത്യക്കെതിരായ ടി-20 പരമ്പരക്കുള്ള വിന്‍ഡീസ് സ്‌ക്വാഡ്

റോവ്മന്‍ പവല്‍ (ക്യാപ്റ്റന്‍), കൈല്‍ മയേഴ്‌സ് (വൈസ് ക്യാപ്റ്റന്‍), ജോണ്‍സണ്‍ ചാള്‍സ്, റോസ്ടണ്‍ ചേസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്, അകീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, ഒബെഡ് മക്കോയ്, നിക്കോളാസ് പൂരന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഓഡിയന്‍ സ്മിത്, ഒഷാന തോമസ്.

Content Highlight: West Indies announce squad for T20 series against India

We use cookies to give you the best possible experience. Learn more