ആന്റിഗ്വ: വിന്‍ഡീസ് തൊടുത്ത വിട്ട അതേ ആയുധം ഉപയോഗിച്ച് അവരെ വീഴ്ത്തി ഇന്ത്യന്‍ ബൗളിങ് നിര. ആദ്യ ഇന്നിങ്‌സില്‍ 222 റണ്‍സിന് വിന്‍ഡീസ് ബാറ്റിങ് നിരയെ വരിഞ്ഞുകെട്ടിയ ഇന്ത്യ 75 റണ്‍സിന്റെ ലീഡ് നേടി.
നിര്‍ണായക ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ച ഇഷാന്ത് ശര്‍മയാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ഹീറോ. 17 ഓവറെറിഞ്ഞ ഇഷാന്ത് 43 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേടിയത്.
മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറയ്ക്ക് ലഭിച്ചത് ഒരു വിക്കറ്റാണ്.
ആരും അര്‍ധ സെഞ്ചുറി നേടാത്ത വിന്‍ഡീസ് ഇന്നിങ്‌സില്‍ 48 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസ്, 39 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (35) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ഇന്നലെത്തന്നെ ഇഷാന്ത് അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കിയിരുന്നു. ഇന്നലെ കളി അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റിന് 189 റണ്‍സ് എന്ന നിലയിലായിരുന്ന അവര്‍ക്ക് 33 റണ്‍സ് കൂടി ഇന്നു കൂട്ടിച്ചേര്‍ക്കാനായി.
കരിയറിലെ ഒമ്പതാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇഷാന്തിന്റേത്. ആദ്യ രണ്ടോവറില്‍ 20 റണ്‍സ് വഴങ്ങിയ ശേഷമായിരുന്നു ഇഷാന്തിന്റെ ഗംഭീര തിരിച്ചുവരവ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ ആന്റിഗ്വയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 297 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധ സെഞ്ചുറികളുമായി കളംപിടിച്ച ഉപനായകന്‍ അജിന്‍ക്യ രഹാനെയുടെയും രവീന്ദ്ര ജഡേജയുടെയും മികവിലാണ് ഇന്ത്യ മുന്നൂറിനടുത്തെത്തിയത്.
ഒന്നാംദിനം 81 റണ്‍സെടുത്ത് ഇന്ത്യയെ രക്ഷിച്ചതു രഹാനെയാണെങ്കില്‍ രണ്ടാംദിനമായ ഇന്നലെ ജഡേജയുടെ (58) ഊഴമായിരുന്നു. 8ാം വിക്കറ്റില്‍ ഇഷാന്ത് ശര്‍മയെ (19) കൂട്ടുപിടിച്ച് 60 റണ്‍സ് സംഘടിപ്പിച്ച ജഡേജ വിന്‍ഡീസ് ബൗളിങ് നിരയെ വട്ടംകറക്കി. 19 ഓവര്‍ പിടിച്ചുനിന്നശേഷമാണു സഖ്യം പിരിഞ്ഞത്.