വെസ്റ്റ് ഇന്‍ഡീസ് ഇല്ലാത്ത ഒരു ലോകകപ്പിന് സാക്ഷ്യം വഹിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകര്‍ ഒന്നാകെ. ഐ.സി.സി വേള്‍ഡ് കപ്പിന്റെ യോഗ്യതാ മത്സരത്തില്‍ കുഞ്ഞന്‍ ടീമുകള്‍ക്ക് മുമ്പില്‍ പോലും മുട്ടുവിറയ്ക്കുകയാണ് മുന്‍ ചാമ്പ്യന്‍മാര്‍.
ഒരുകാലത്ത് ഫാസ്റ്റ് പേസ് ക്രിക്കറ്റെന്നാല്‍ അത് വെസ്റ്റ് ഇന്‍ഡീസായിരുന്നു. ആകാശം തൊടുന്ന സിക്‌സറുകളും ഗ്രൗണ്ടിന്റെ ഒരു മൂല പോലും വിടാതെ പാഞ്ഞിരുന്ന ബൗണ്ടറികളും ടോ ക്രഷിങ് യോര്‍ക്കറുകളും മാന്ത്രികതയൊളിപ്പിച്ച സ്പിന്നുമെല്ലാം ആരാധകര്‍ക്ക് ഇന്ന് ഗതകാല സ്മൃതികള്‍ മാത്രമാണ്.
മോശം മാനേജ്‌മെന്റ് കാരണം ക്രിക്കറ്റിലെ കിരീടം വെച്ച രാജാക്കന്‍മാര്‍ പതനത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വേള്‍ഡ് കപ്പ് ക്വാളിഫയറില്‍ കാണാന്‍ സാധിക്കുന്നത്.
ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു പാരമ്പര്യവും എടുത്തുപറയാനില്ലാത്ത ഒരു അസോസിയേറ്റ് രാജ്യത്തിന് മുമ്പില്‍ ഏകദിനത്തില്‍ വെറും 181 റണ്‍സിന് സകല വിക്കറ്റുകളും വലിച്ചെറിയുക, ആ കാഴ്ചക്കാണ് ഹരാരെ സാക്ഷ്യം വഹിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ സ്‌കോട്‌ലാന്‍ഡ് കരിബീയന്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ റിച്ചി ബെറിങ്ടണിന്റെ തീരുമാനം ശരിവെച്ച് സ്‌കോട്ടിഷ് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.
— Cricket Scotland (@CricketScotland) July 1, 2023
മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്‌ലാന്‍ഡ് 16 ഓവറില്‍ 57ന് ഒന്ന് എന്ന നിലയിലാണ്.
ഇതിന് മുമ്പ് സിംബാബ്‌വേയോട് 35 റണ്‍സിന് പരാജയപ്പെട്ട വിന്‍ഡീസ് നെതര്‍ലന്‍ഡ്‌സിനെതിരെ 374 റണ്‍സിന്റെ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും പരാജയം ചോദിച്ചുവാങ്ങിയിരുന്നു.
ഇനി വെസ്റ്റ് ഇന്‍ഡീസിന് ഇന്ത്യയിലെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. രണ്ട് തവണ ഏകദിന ലോകകപ്പ് ജേതാക്കളായ, രണ്ട് തവണ ടി-20 ക്രിക്കറ്റില്‍ കിരീടം ചൂടിയ വിന്‍ഡീസിന്റെ ഈ അവസ്ഥ കരീബിയന്‍ ആരാധകരെ മാത്രമല്ല ക്രിക്കറ്റ് ആരാധകരെയും നിരാശയിലേക്ക് തള്ളിയിടുന്നുണ്ട്.
Content Highlight: West Indies all out for 181 against Scotland