ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിന മത്സരം കെന്‍സിങ്ടണ്‍ ഓവലില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 23 ഓവര്‍ കളിച്ച വിന്‍ഡീസ് വെറും 114 റണ്‍സ് നേടി എല്ലാവരും പുറത്തായി. വിന്‍ഡീസ് നിരയില്‍ 43 റണ്‍സ് നേടിയ ഷായ് ഹോപ്പ് അല്ലാതെ മറ്റാരും തിളങ്ങിയില്ല.
മൂന്ന് ഏകദിന മത്സരമാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ കളത്തിലിറങ്ങിയത്.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബൗളിങ് തെരഞ്ഞൈടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലുളള പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയത്. മത്സരത്തിന്റെ മൂന്നാം ഓവര്‍ മുതല്‍ ഇന്ത്യ വിക്കറ്റ് വേട്ട ആരംഭിച്ചിരുന്നു. ഒമ്പത് പന്തില്‍ രണ്ട് റണ്‍സ് നേടിയ കൈല്‍ മയേഴ്സിന്റെ വിക്കറ്റായിരുന്നു വിന്‍ഡീസിന് ആദ്യം നഷ്ടമായത്. ഹര്‍ദിക്കായിരുന്നു വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.
പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ ഇത് ഏറ്റുപിടിക്കുകയായിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതോടെ വിന്‍ഡീസ് അടപടലം തകരുകയായിരുന്നു. ഇന്ത്യക്കായി സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് നാല് വിക്കറ്റുകള്‍ നേടി.
മികച്ച ബൗളിങ്ങിന് പുറമെ മികച്ച ഫീല്‍ഡിങ്ങായിരുന്നു ജഡേജ കാഴ്ചവെച്ചത്. ആറ് ഓവറില്‍ 37 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. കുല്‍ദീപ് മൂന്ന് ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് നാലെണ്ണം എടുത്തത്.
വിന്‍ഡീസിന്റെ ആറാം വിക്കറ്റ് നേടാന്‍ വിരാട് കോഹ്‌ലിയെടുത്ത സൂപ്പര്‍ ക്യാച്ചും ചര്‍ച്ചയായിരുന്നു. റൊമാരിയോ ഷെപ്പേര്‍ഡിന്റെ വിക്കറ്റ് നേടാനായി വിരാട് നേടിയ ക്യാച്ചാണ് ആരാധകരെ ത്രസിപ്പിച്ചത്. ജഡേജയുടെ പന്തില്‍ എഡ്ജ് ചെയ്ത പന്ത് വിരാട് സ്ലിപ്പില്‍ ക്യാച്ച് ചെയ്യുകയായിരുന്നു. തന്റെ റൈറ്റ് സെഡിലേക്ക് ഡൈവ് ചെയ്താണ് താരം ക്യാച്ച് സ്വന്തമാക്കിയത്.
രണ്ട് പന്ത് നേരിട്ട റൊമാരിയോ പൂജ്യത്തിന് പുറത്താകുകയായിരുന്നു. ഇന്ത്യക്കായി അരങ്ങേറ്റക്കാരനായ മുകേഷ് കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. എക്‌സപ്രസ് പേസര്‍ ഉമ്രാന്‍ മാലിക്കിന് വിക്കറ്റൊന്നും നേടാനായില്ല.
Kuldeep Yadav has taken 31 wickets in ODI since 2022.