ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിന്‍ഡീസിന് വിജയം. പത്ത് റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ജയം. പരമ്പരയിലെ വെസ്റ്റ് ഇന്‍ഡീസിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമായിരുന്നു ഇത്.
വിന്‍ഡീസിന്റെ തട്ടകമായ ഗ്രനാടാ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.
വിന്‍ഡീസ് ബാറ്റിങ് നിരയില്‍ ബ്രാന്‍ഡന്‍ കിങ് 52 പന്തില്‍ പുറത്താവാതെ 82 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. എട്ട് ഫോറുകളുടെയും അഞ്ച് കൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു കിങ്ങിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ഓപ്പണിങ് ഇറങ്ങി 157.69 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
ബ്രാന്‍ഡണ് പുറമെ നായകന്‍ റോവ്മാന്‍ പവല്‍ 28 പന്തില്‍ 50 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. മൂന്ന് ഫോറുകളും അഞ്ച് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു വിന്‍ഡീസ് നായകന്റെ ഇന്നിങ്‌സ്.
ഇംഗ്ലീഷ് ബൗളിങ് നിരയില്‍ ആദില്‍ റഷീദ്, ടൈമല്‍ മില്‍സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. വിന്‍ഡീസ് ബൗളിങ് നിരയില്‍ അല്‍സാരി ജോസഫ് മൂന്നു വിക്കറ്റും അക്കീല്‍ ഹൊസെയ്ന്‍ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ വിന്‍ഡീസ് പത്ത് റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.