സ്വയം യുണിക്കെന്ന് വിശേഷിപ്പിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ വിമര്‍ശനവുമായി വെസ്റ്റ് ഹാം വൈസ് ചെയര്‍മാന്‍ കാരന്‍ ബ്രാഡി. മെസിയോ പെലെയോ പോലും ഇത്തരത്തില്‍ സ്വയം അതുല്യനാണെന്ന് വിശേഷിപ്പിക്കില്ലെന്നും ബ്രാഡി പറഞ്ഞു.
അല്‍ നസറിലേക്ക് കൂടുമാറിയതിന് ശേഷമുള്ള തന്റെ ആദ്യ പത്രസമ്മേളനത്തിലായിരുന്നു റൊണാള്‍ഡോ സ്വയം അതുല്യനായ താരമെന്ന് വിശേഷിപ്പിച്ചത്. താന്‍ അതുല്യനായ താരമായതിനാല്‍ തന്നെ അല്‍ നസറുമായുള്ള കരാര്‍ അതുല്യമാണെന്നായിരുന്നു റൊണാള്‍ഡോ പറഞ്ഞത്.
എന്നാല്‍, വെസ്റ്റ് ഹാം വൈസ് ചെയര്‍മാന്‍ കാരന്‍ ബ്രാഡിയെ സംബന്ധിച്ച് ഈ പ്രസ്താവന അല്‍പം കടന്നുപോയിരുന്നു. ദി സണ്ണിലെഴുതിയ കോളത്തിലാണ് ബ്രാഡി റൊണാള്‍ഡോയുടെ ഈ പ്രസ്താവനയെ വിമര്‍ശിച്ചത്.
‘റൊണാള്‍ഡോയെ ഇഷ്ടപ്പെടാന്‍ നിരവധി കാരണങ്ങളുണ്ട്. അവന്‍ അത്‌ലറ്റിക്കാണ്, അരാലും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഗോള്‍ സ്‌കോററാണ്. എന്നാല്‍ സമീപകാലത്തെ അവന്‍ സ്വയം യുണീക്കാണെന്ന പ്രസ്താവന അല്‍പം അഹങ്കാരം നിറഞ്ഞതാണ്.
കളിച്ചു തുടങ്ങിയപ്പോള്‍ അവനൊരു അതുല്യ താരമായിരുന്നില്ല പല കാര്യങ്ങളും അവന്‍ നന്നായി തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ അവന്‍ ചെയ്യുന്നു. എന്നിരുന്നാലും മെസിയോ പെലെയോ ഇത്തരത്തിലൊന്ന് ഒരിക്കലും പറയില്ല,’ ബ്രാഡി പറഞ്ഞു.
യൂറോപ്പില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് വമ്പന്‍ പ്രതിഫലത്തിനാണ് റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. പ്രതിവര്‍ഷം 225 മില്യണ്‍ യൂറോയാണ് താരത്തിന് അല്‍ നസറില്‍ നിന്നും ലഭിക്കുന്ന വരുമാനം.
സൗദി ക്ലബ്ബിനായി ഇത് വരെ രണ്ട് മത്സരങ്ങള്‍ കളിച്ച താരത്തിന് ഗോളുകളോ അസിസ്റ്റുകളോ നേടാന്‍ സാധിച്ചിരുന്നില്ല. ഇതിനൊപ്പം അവസാന മത്സരത്തില്‍ അല്‍ ഇത്തിഹാദിനോട് തോല്‍ക്കുകയും ചെയ്തിരുന്നു.
സൗദി സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ അല്‍ ഇത്തിഹാദ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ പരാജയം. ഇതോടെ നീണ്ട കാലത്തിന് ശേഷം ഒരു ഫൈനല്‍ കളിക്കാമെന്ന റോണോയുടെ മോഹങ്ങളും പൊലിയുകയായിരുന്നു.
മത്സരത്തില്‍ ഗോളുകളോ അസിസ്റ്റോ നേടാന്‍ സാധിച്ചിരുന്നില്ലെങ്കിലും തന്റെ പഴയ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഡ്രിബിളുകളും, സ്‌കില്ലുകളും കൊണ്ട് ആരാധകരുടെ കയ്യടി നേടാന്‍ താരത്തിനായി. എന്നാല്‍ റൊണാള്‍ഡോയെ കാഴ്ചക്കാരനാക്കി എതിരാളികള്‍ താരത്തിന്റെ കാലില്‍ നിന്ന് പന്ത് തട്ടിയെടുക്കുന്നതും കാഴ്ചയായിരുന്നു.
അതേസമയം അല്‍ നസറിനായി മികച്ച പ്രകടനം ഇതുവരെ കാഴ്ച വെക്കാന്‍ സാധിച്ചില്ലെങ്കിലും പി.എസ്.ജിക്കെതിരെ റിയാദ് ഇലവനായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. മത്സരത്തില്‍ രണ്ട് ഗോളടിച്ച് റൊണാള്‍ഡോയെ ആയിരുന്നു കളിയിലെ താരമായി തെരഞ്ഞെടുത്തതും.
Content highlight: West Ham vice chairman slams Cristiano Ronaldo