നീണ്ട കാത്തിരിപ്പിനൊടുവില്‍ ആ നേട്ടവും സ്വന്തമാക്കി; വെസ്റ്റ് ഹാമിനുമുന്നില്‍ വീണ് ആഴ്‌സണല്‍
Football
നീണ്ട കാത്തിരിപ്പിനൊടുവില്‍ ആ നേട്ടവും സ്വന്തമാക്കി; വെസ്റ്റ് ഹാമിനുമുന്നില്‍ വീണ് ആഴ്‌സണല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th December 2023, 9:00 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് തോല്‍വി. വെസ്റ്റ് ഹാം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആഴ്സണലിനെ വീഴ്ത്തിയത്. ഈ ജയത്തിന് പിന്നാലെ ഒരു അവിസ്മരണീയമായ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വെസ്റ്റ് ഹാം പരിശീലകന്‍ ഡേവിഡ് മോയസ്.

തന്റെ മാനേജര്‍ കരിയറില്‍ ആദ്യമായാണ് ആഴ്‌സണലിനെതിരെ മോയസ് ഒരു എവേ വിജയം സ്വന്തമാക്കുന്നത്. ഗണ്ണേഴ്‌സിനെതിരെയുള്ള 23 മത്സരത്തിലാണ് ഡേവിഡ് മോയസ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇതിനുമുമ്പ് നടന്ന മത്സരങ്ങളില്‍ ഒന്നും പീരങ്കിപ്പടയെ അവരുടെ തട്ടകത്തില്‍ വീഴ്ത്താന്‍ ഡേവിഡ് മോയസിനും കൂട്ടര്‍ക്കും സാധിച്ചിരുന്നില്ല. എന്നാല്‍ 2023 ന്റെ അവസാനത്തില്‍ വെസ്റ്റ് ഹാം ബോസ് നേടിയെടുത്തത് ഏറെ ശ്രദ്ധേയമായി.

ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് ആഴ്സണല്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലി ആയിരുന്നു വെസ്റ്റ് ഹാം പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 13ാം മിനിട്ടില്‍ സൗസെക്കിലൂടെയാണ് വെസ്റ്റ് ഹാം മുന്നിലെത്തിയത്. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് സന്ദര്‍ശകര്‍ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ 55ാം മിനിട്ടില്‍ മൗറോപനോസ് വെസ്റ്റ് ഹാമിനായി രണ്ടാം ഗോള്‍ നേടി. ഗോള്‍ തിരിച്ചടിക്കാന്‍ ആഴ്‌സണല്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും സന്ദര്‍ശകരുടെ പ്രതിരോധം മറികടക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ആഴ്‌സണല്‍ സ്വന്തം ആരാധകരുടെ മുന്നില്‍ 2-0ത്തിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

തോറ്റെങ്കിലും 19 മത്സരങ്ങളില്‍ നിന്നും 12 വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയും അടക്കുന്ന 40 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ആഴ്‌സണല്‍.

എന്നാല്‍ 2023ലെ അവസാന വിജയത്തോടെ 19 മത്സരങ്ങളില്‍ നിന്നും 10 വിജയവും ഒരു സമനിലയും ആറു തോല്‍വിയുമടക്കം 33 പോയിന്റുമായി ആറാം സ്ഥാനത്താണ് അഴ്‌സണല്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ 31ന് ഫുള്‍ഹാമിനെതിരെയാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം. അതേസമയം ജനുവരി മൂന്നിന് ബ്രെറ്റണേയും നേരിടും.

Content Highlight: West Ham beat Arsenal.